പുത്തന്‍ കാറുകള്‍ പാട്ടത്തിന്; വിപണിയില്‍ പുതിയ തന്ത്രം

Posted on: August 20, 2013 12:00 am | Last updated: August 20, 2013 at 12:43 am
SHARE

മസ്‌കത്ത്: ഒമാനില്‍ പുത്തന്‍ കാറുകള്‍ പാട്ട വ്യവസ്ഥയില്‍ ഉപയോഗിക്കാന്‍ നല്‍കുന്ന രീതിയുമായി വന്‍കിട കമ്പനികളും വിതരണക്കാരും. വാഹന ഉപയോഗത്തില്‍ ഒമാനില്‍ പ്രചരിച്ചു വരുന്ന പുതിയ രീതി വന്‍കിടക്കാര്‍ കൈയടക്കുകയാണ്. റെന്റ് എ കാര്‍ സമ്പ്രദായത്തിന്റെ നവീകരിച്ച പതിപ്പുമായാണ് വന്‍കിട കമ്പനികള്‍ രംഗം കീഴടക്കാനൊരുങ്ങുന്നത്. വില കൊടുത്ത് വാങ്ങാതെയും അറ്റകുറ്റ പണികള്‍ക്ക് പണം ചെലവിടാതെയും പുത്തന്‍ വാഹനങ്ങള്‍ ഉപയോഗിക്കാനുള്ള അവസരമാണ് കമ്പനികള്‍ അവതരിപ്പിക്കുന്നത്.

മിത്‌സുബിഷിയുടെ പുതിയ കാറുകള്‍ പാട്ടത്തിന് നല്‍കുന്ന പദ്ധതി ഒമാനില്‍ ഇന്നലെ അംഗീകൃത ഏജന്‍സിയായ ജനറല്‍ ഓട്ടോമോട്ടീവ് കമ്പനി പ്രഖ്യപിച്ചു. ‘ലീസ് ടു ഓണ്‍’ എന്ന ശീര്‍ഷകത്തിലാണ് കമ്പനി പാട്ട വ്യവസ്ഥ അവതരിപ്പിക്കുന്നത്.
ഒമാനില്‍ വര്‍ധിച്ചു വരുന്ന വാഹന ആവശ്യം കൂടി പരിഗണിച്ചാണ് പാട്ട വ്യവസ്ഥ അവതരിപ്പിക്കുന്നത്. പാട്ട വ്യവസ്ഥ ഒമാനില്‍ പ്രചരിച്ചു വരുന്ന രീതിയാണെന്നും ഉപഭോക്താക്കള്‍ക്ക് പണമടച്ചു തീര്‍ക്കേണ്ട പ്രയാസമില്ലാതെയും കുറഞ്ഞ പ്രാഥമിക നിക്ഷേപത്തോടെയുമാണ് മിത്‌സുബിഷിയുടെ പുതിയ കാറുകള്‍ പാട്ടത്തിന് ലഭ്യമാക്കുന്നതെന്ന് കമ്പനി ജനറല്‍ മാനേജര്‍ മാര്‍ക് തോം ലിന്‍സന്‍ പറഞ്ഞു. വാഹനങ്ങളുടെ അറ്റുകുറ്റ പണികളുടെ പ്രയാസം അനുഭവിക്കേണ്ടി വരുന്നില്ലെന്നതും അപകടമോ കേടുപാടോ സംഭവിച്ചാല്‍ വളരെ വേഗം പകരം വാഹനം ലഭിക്കുന്നു എന്നതും ഉപയോഗിക്കുന്നവര്‍ക്ക് ലഭിക്കുന്ന മികച്ച സൗകര്യമാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നു വര്‍ഷം വരെയാണ് മിത്‌സുബിഷി വാഹനങ്ങള്‍ പാട്ടത്തിന് നല്‍കുന്നത്. പ്രതിമാസ വാടകയുടെ മൂന്ന് മടങ്ങ് മുന്‍കൂറായി നല്‍കിയാല്‍ വാഹനം ലഭിക്കും. പദ്ധതിയുടെ ഭാഗമായി പജേറോ, ഗാലന്റ്, എല്‍ 200, എ എസ് എക്‌സ്, ലാന്‍സര്‍ ഫോര്‍ടിസ് തുടങ്ങിയ വാഹനങ്ങളാണ് ലഭ്യമാക്കിയിരിക്കുന്നത്. പൂര്‍ണമായും ഇന്‍ഷ്വറന്‍സ് ചെയ്തതും സൗജന്യ രജിസ്‌ട്രേഷന്‍ സൗകര്യത്തോടെയുമാണ് വാഹനങ്ങള്‍ നല്‍കുക. ആറ് വര്‍ഷത്തെ അണ്‍ലിമിറ്റഡ് മൈലൈജ് വാറന്റി, ആറ് വര്‍ഷത്തെ റോഡ് സൈഡ് റിക്കവറി, മൂന്ന് വര്‍ഷത്തേക്കോ അല്ലെങ്കില്‍ 90,000 കിലോമീറ്റര്‍ വരെയോ സമ്പൂര്‍ണ മെയിന്റനന്‍സ് തുടങ്ങിയ സൗകര്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു.