ജില്ലാ ആശുപത്രികളില്‍ അര്‍ബുദ ചികിത്സാ സൗകര്യം

Posted on: August 20, 2013 12:33 am | Last updated: August 20, 2013 at 12:33 am
SHARE

ARBUDHAMതിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ ആശുപത്രികളിലും അര്‍ബുദ ചികിത്സക്ക് പ്രത്യേക കേന്ദ്രങ്ങള്‍ സജ്ജീകരിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ ഉത്തരവ്. കീമോതെറാപ്പി സംവിധാനം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് ലഭ്യമാക്കുക. ഈ കേന്ദ്രങ്ങളെ മലബാര്‍ ക്യാന്‍സര്‍ സെന്ററുമായോ (എം സി സി) റീജ്യനല്‍ ക്യാന്‍സര്‍ സെന്ററുമായോ (ആര്‍ സി സി)ടെലി മെഡിസിന്‍ വഴി ബന്ധിപ്പിച്ചാണ് ചികിത്സാസൗകര്യം ഒരുക്കുന്നത്. സംസ്ഥാനത്തെ അര്‍ബുദ രോഗികളുടെ എണ്ണം വര്‍ധിക്കുകയാണെന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പിന്റെ നടപടി. അര്‍ബുദ പ്രതിരോധത്തിന് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നയം രൂപവത്കരിക്കണമെന്നും ഉത്തരവിലുണ്ട്. അര്‍ബുദ പ്രതിരോധത്തിനും ചികിത്സക്കും വേണ്ടിയാണ് ഉത്തരവ് പുറത്തിറക്കിയത്.

കോശാര്‍ബുദം കണ്ടെത്തുന്നതിനും നിര്‍മാര്‍ജത്തിനുമുള്ള സൗകര്യവും ജില്ലാ ആശുപത്രികളില്‍ ഏര്‍പ്പെടുത്തും. പരീക്ഷണാടിസ്ഥാനത്തില്‍ ജില്ലാ ആശുപത്രികളില്‍ നടപ്പിലാക്കുന്ന ഈ കേന്ദ്രങ്ങള്‍ ആര്‍ സി സിയുടെയോ എം സി സിയുടെയോ മേല്‍നോട്ടത്തിലായിരിക്കും പ്രവര്‍ത്തിക്കുക. മലബാര്‍ ക്യാന്‍സര്‍ സെന്ററിലോ റീജ്യനല്‍ ക്യാന്‍സര്‍ സെന്ററിലോ പരിശീലനം ലഭിച്ച ഡോക്ടര്‍മാരുടെ സേവനം ഈ യൂനിറ്റുകളില്‍ ലഭ്യമാക്കും.
അര്‍ബുദ രോഗചികിത്സക്കുള്ള ചെലവ് കൂടി കണക്കിലെടുത്താണ് ജില്ലാ ആശുപത്രികളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത്. സംസ്ഥാന ധനകാര്യ കമ്മീഷനും ഈ മേഖലക്ക് മുന്‍തൂക്കം നല്‍കുന്നുണ്ട്. 30 വയസ്സിന് മുകളിലുള്ള പുരുഷന്‍മാരില്‍ വായിലെ അര്‍ബുദം തിരിച്ചറിയാന്‍ താലൂക്ക് ആശുപത്രികളിലും സൗകര്യമൊരുക്കിയിട്ടുണ്ട്. 30 വയസ്സിന് മുകളിലുള്ള സ്ത്രീകളിലെ സ്താനബുര്‍ദവും കഴുത്തിലെ അര്‍ബുദവും കണ്ടെത്തുന്നതിനും സൗകര്യമുണ്ട്. നഴ്‌സുമാരും ദന്ത ഡോക്ടര്‍മാരും നടത്തുന്ന പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം താലൂക്ക്, ജില്ലാ ആശുപത്രികളിലെ ഗൈനക്കോളജിസ്റ്റുകള്‍ വിശദ പരിശോധനക്ക് വിധേയരാക്കും. ആരോഗ്യ വകുപ്പ് ഇതിനായി സര്‍ജന്‍മാര്‍ക്കും ദന്ത ഡോക്ടമാര്‍ക്കും ഗൈനക്കോളജിസ്റ്റുകള്‍ക്കും പ്രത്യേക പരിശീലനം നല്‍കും.
ആലപ്പുഴ, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളജുകള്‍ അര്‍ബുദ ചികിത്സക്കുള്ള കേന്ദങ്ങളായി കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അംഗീകരിക്കുകയും ഇവക്കുള്ള ധനസഹായം കേന്ദ്ര സര്‍ക്കാര്‍ 12 ാം പദ്ധതിയില്‍ പെടുത്തി വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജിനെയും അര്‍ബുദ ചികിത്സാകേന്ദ്രമായി കേന്ദ്രം അംഗീകരിച്ചിട്ടുണ്ട്. ഈ തുക വിനിയോഗിച്ച് നാല് മെഡിക്കല്‍ കോളജുകളിലും മിനി റീജ്യനല്‍ ക്യാന്‍സര്‍ സെന്ററുകള്‍ തുടങ്ങും. റേഡിയോതെറാപ്പി, മെഡിക്കല്‍, സര്‍ജിക്കല്‍, ഓങ്കോളജി എന്നീ വിഭാഗങ്ങള്‍ ഇവിടെ സ്ഥാപിക്കും. ആര്‍ സി സിയേയും എം സി സിയേയും സംസ്ഥാന ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടായി ഉയര്‍ത്തുകയും 120 കോടിയുടെ സഹായം അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here