Connect with us

National

ദാവൂദ്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു പി എയുടെ ആയുധം?

Published

|

Last Updated

ന്യൂഡല്‍ഹി: കുപ്രസിദ്ധ കുറ്റവാളി ഡുംട എന്ന സയ്യിദ് അബ്ദുല്‍ കരീമിന്റെ അറസ്റ്റോടെ അധോലോക നായകന്‍ ദാവൂദ് ഇബ്‌റാഹിമിനെ പിടികൂടാനാകുമെന്ന പ്രതീക്ഷയില്‍ ഇന്ത്യന്‍ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍. ദാവൂദിനെ പിടികൂടാന്‍ ഇന്ത്യന്‍ സുരക്ഷാ വിഭാഗത്തിനും പാക്കിസ്ഥാനും മേല്‍ യു എസ് സമ്മര്‍ദം ശക്തിപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്. ദാവൂദിന്റെ അറസ്റ്റ് അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കാനും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു പി എ ആലോചിക്കുന്നുണ്ട്. ഡുംടയുള്‍പ്പെടെയുള്ളവരെ പിടികൂടിയ അതേ വഴിയിലൂടെ ദാവൂദിനെയും കുടുക്കാനാകുമെന്നാണ് സുരക്ഷാ വിഭാഗത്തിന്റെ പ്രതീക്ഷ. ദാവൂദ് ഇബ്‌റാഹിം പാക്കിസ്ഥാനിലുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും തങ്ങളുടെ രാജ്യത്ത് നിന്ന് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ അനുവദിക്കുകയില്ലെന്നും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ ഇന്ത്യയിലെ പ്രത്യേക ദൂതന്‍ ശഹ്‌രിയാര്‍ ഖാന്‍ ഈയിടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ദാവൂദിനെ കൈമാറുന്നത് പാക് ചാരസംഘടനയായ ഐ എസ് ഐയും സൈന്യവും തമ്മിലുള്ള ബന്ധത്തെ ആശ്രയിച്ചാണിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
എന്നാല്‍ അതിര്‍ത്തിയില്‍ പാക് സൈന്യം നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന വെടിനിര്‍ത്തല്‍ ലംഘനത്തിന്റെ പശ്ചാത്തലത്തില്‍ ദാവൂദിനെ കൈമാറുന്ന പ്രക്രിയ എത്രമാത്രം പ്രായോഗികമാകുമെന്നാണ് ചോദ്യമുയരുന്നത്.
ദാവൂദ് ഇബ്‌റാഹിം കറാച്ചിയിലുണ്ടെന്നും ഐ എസ് ഐയുടെ സംരക്ഷണത്തിലാണെന്നുമുള്ള ഡുംടയുടെ വളിപ്പെടുത്തലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രതീക്ഷയുണര്‍ത്തിയത്.
ഒരു വര്‍ഷം അദ്ദേഹത്തെ നേരിട്ട് കണ്ടതായും ചോദ്യം ചെയ്യലിനിടെ ടുഡ വെളിപ്പെടുത്തി. പാക്കിസ്ഥാന്‍ മണ്ണില്‍ ദാവൂദിന്റെ സാന്നിധ്യമുണ്ടെന്ന് ഒരു മുതിര്‍ന്ന പാക്കിസ്ഥാന്‍ ഉദ്യോഗസ്ഥനും വെളിപ്പെടുത്തുകയുണ്ടായി. എന്നാല്‍ മണിക്കൂറുകള്‍ക്കകം അദ്ദേഹം പ്രസ്താവന തിരുത്തി.
ദാവൂദ് ഇബ്‌റാഹിം തങ്ങളുടെ രാജ്യത്തില്ലെന്നാണ് പാക് അധികൃതര്‍ ഇപ്പോഴും അവകാശപ്പെടുന്നത്.

Latest