Connect with us

National

മോഡിയെ പുകഴ്ത്തിയ സാധു യാദവിനെ കോണ്‍ഗ്രസ് പുറത്താക്കി

Published

|

Last Updated

ന്യൂഡല്‍ഹി: ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ബന്ധുവും ബീഹാറിലെ കോണ്‍ഗ്രസ് നേതാവുമായ സാധു യാദവ് എന്ന അനിരുദ്ധ് പ്രസാദിനെ പാര്‍ട്ടി പുറത്താക്കി. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തി സംസാരിച്ച സാധു യാദവിനെതിരെ നടപടി ഉറപ്പായിരുന്നു. പ്രധാനമന്ത്രിയാകാന്‍ രാഹുല്‍ ഗാന്ധിയേക്കാള്‍ യോഗ്യന്‍ നരേന്ദ്ര മോഡിയാണെന്നായിരുന്നു സാധു യാദവിന്റെ പരാമര്‍ശം. യാദവിനെ പാര്‍ട്ടിയുടെ അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി ബീഹാര്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് ചൗധരി അറിയിച്ചു. ലാലുവുമായി തെറ്റിപ്പിരിഞ്ഞ് ആര്‍ ജെ ഡി വിട്ട സാധു യാദവിന്റെ അടുത്ത ആശ്രയം ബി ജെ പിയായിരിക്കും.
പാര്‍ട്ടിയുടെ ഗോപാല്‍ ഗഞ്ച് ജില്ലാ ഘടകം പ്രസിഡന്റ് രാജ് കുമാരി ഗുപ്ത നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് സാധു യാദവ് മറുപടി നല്‍കാത്ത സാഹചര്യത്തില്‍ ജില്ലാ ഘടകത്തിന്റെ ശിപാര്‍ശ പ്രകാരമാണ് നടപടിയെന്നും ചൗധരി പറഞ്ഞു. കടുത്ത പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനമാണ് സാധു യാദവ് നടത്തിയത്. അദ്ദേഹം നരേന്ദ്ര മോഡിയുമായി ചര്‍ച്ച നടത്തി. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ പ്രതിജ്ഞയെടുത്ത മോഡിയെ പുകഴ്ത്തി സംസാരിച്ചു. അദ്ദേഹത്തോടൊപ്പം മോഡിയെ കണ്ട മറ്റൊരു നേതാവ് ദേശായി ചൗധരിക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. മറുപടി തൃപ്തികരമല്ലെങ്കില്‍ ചൗധരിക്കെതിരെയും നടപടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വെള്ളിയാഴ്ച ഗാന്ധിനഗറിലെ ഓഫീസിലെത്തിയാണ് സാധു യാദവും ദേശായി ചൗധരിയും മോഡിയെ കണ്ടത്. മോഡി ശക്തനായ നേതാവാണെന്നും ഇത്തരം വ്യക്തിയാണ് ഇപ്പോള്‍ രാജ്യത്തിന്റെ സാരഥ്യം ഏറ്റെടുക്കേണ്ടതെന്നും കൂടിക്കാഴ്ചക്ക് ശേഷം യാദവ് പറഞ്ഞു. ഇത്തരം പ്രസ്താവനകളും മോഡിയുമായുള്ള കൂടിക്കാഴ്ചയും പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുടെ നടപടി ക്ഷണിച്ചു വരുത്തില്ലേ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ സോണിയാ ഗാന്ധിയെ ആര് ഭയക്കുന്നുവെന്നായിരുന്നു യാദവിന്റെ മറുചോദ്യം. രാജ്യം ഭരിക്കുന്നത് സോണിയ അല്ല. മന്‍മോഹന്‍ സിംഗാണ്. എന്നാല്‍ മന്‍മോഹന്‍ സിംഗാണ് രാജ്യം ഭരിക്കുന്നതെന്ന് ആര്‍ക്കെങ്കിലും അറിയുമോ. ഏത് കുട്ടിക്കും മോഡിയെ അറിയാമെന്ന് യാദവ് തുറന്നടിച്ചു.
അതേസമയം, ബി ജെ പിയിലേക്ക് ചേക്കേറാന്‍ തീരുമാനിച്ചുറച്ചാണ് യാദവ് പ്രകോപനപരമായ പ്രസ്താവനക്കും കൂടിക്കാഴ്ചക്കും മുതിര്‍ന്നതെന്ന വിലയിരുത്തല്‍ ശക്തമാണ്. സംസ്ഥാനത്ത് ജനതാ ദള്‍ യുവുമായുള്ള സഖ്യം തകര്‍ന്നതോടെ പുതിയ ബന്ധുക്കളെ തേടുന്ന ബി ജെ പിക്ക് സാധു യാദവിന്റെ വരവ് ആശ്വാസമാകും. എന്നാല്‍ കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പില്‍ ബേട്ടിയ മണ്ഡലത്തില്‍ നിന്ന് പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച് തോറ്റ സാധു യാദവിന്റെ ജനപിന്തുണ ഇടിഞ്ഞിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.