മംഗളുരു- ചെന്നൈ എഗ്മൂര്‍ എക്‌സ്പ്രസ് റദ്ദാക്കുന്നു; യാത്രക്കാര്‍ക്ക് തിരിച്ചടിയാകും

Posted on: August 20, 2013 6:03 am | Last updated: August 19, 2013 at 11:03 pm
SHARE

കണ്ണൂര്‍: മംഗഌരു- ചെന്നൈ എഗ്മൂര്‍ എക്‌സ്പ്രസ് 20 മുതല്‍ 25 വരെ റദ്ദാക്കുന്നത് യാത്രക്കാര്‍ക്ക് തിരിച്ചടിയാകും. പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

പോത്തന്നൂര്‍-പൊള്ളാച്ചി ഗേജ് മാറ്റുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തി നടക്കുന്നതിനാല്‍ കോയമ്പത്തൂര്‍ ഭാഗത്തേക്കുള്ള നിരവധി ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഈ മാസം 10 മുതല്‍ 26 വരെയാണ് ഗതാഗത നിയന്ത്രണം വരുത്തിയിട്ടുള്ളത്. ഇതില്‍ മലബാര്‍ ഭാഗത്തെ യാത്രക്കാരെ വലിയ തോതില്‍ ബാധിക്കുന്നതാണ് എഗ്മൂര്‍ എക്‌സ്പ്രസ് റദ്ദാക്കിയാലുള്ള പ്രശ്‌നം. 16107,16108 മംഗളുരു- ചെന്നൈ എഗ്‌മോര്‍ എക്‌സ്പ്രസ് 20 മുതല്‍ 25 വരെയാണ് റദ്ദാക്കുന്നത്. മംഗളുരു മുതല്‍ കോയമ്പത്തൂര്‍ വരെ റദ്ദാക്കി. എഗ്മൂര്‍ മുതല്‍ കോയമ്പത്തൂര്‍ വരെയും തിരിച്ചും ട്രെയിന്‍ സര്‍വീസ് നടത്തും. ചെന്നൈ എഗ്മൂര്‍-മംഗഌരു ട്രെയിന്‍ 11 മുതല്‍ 15 വരെ കോയമ്പത്തൂരില്‍ ഒര മണിക്കൂര്‍ നിര്‍ത്തിയിടും.
മംഗളുരുവില്‍ നിന്ന് രാവിലെ 6.50ന് പുറപ്പെടുന്ന ചെന്നൈ എഗ്മൂര്‍ എക്‌സ്പ്രസിലാണ് സീസണ്‍ ടിക്കറ്റ് യാത്രക്കാര്‍ കൂടുതലായും യാത്ര ചെയ്യുന്നത്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ആയിരക്കണക്കിന് ജീവനക്കാരും വിദ്യാര്‍ഥികളും ആശ്രയിക്കുന്ന ട്രെയിന്‍ ആറ് ദിവസം റദ്ദാക്കിയാല്‍ ഇവരുടെ ദൈനംദിന പ്രവൃത്തിയെ ബാധിക്കും.
വൈകുന്നേരവും ഈ ട്രെയിനിനെ ആശ്രയിച്ചാണ് സീസണ്‍ ടിക്കറ്റുകാരുടെ യാത്ര. വൈകീട്ട് അഞ്ചിന് കോഴിക്കോട് എത്തുന്ന ട്രെയിന്‍ തിങ്ങി നിറഞ്ഞാണ് മംഗളുരുവിലേക്ക് പുറപ്പെടുന്നത്.
കോയമ്പത്തൂരില്‍ നടത്തുന്ന പ്രവൃത്തിക്ക് പാലക്കാട് വരെ ട്രെയിന്‍ ഓട്ടണമെന്നാണ് യാത്രക്കാരുടെ ആവശ്യം. പാലക്കാട് കോയമ്പത്തൂര്‍ മെമു, കോയമ്പത്തൂര്‍- ഷൊര്‍ണൂര്‍ മെ മുവും, ഷൊര്‍ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചര്‍, കോയമ്പത്തൂര്‍-തൃശൂര്‍ പാസഞ്ചര്‍, കണ്ണൂര്‍ കോയമ്പത്തൂര്‍ പാസഞ്ചര്‍, ഈറോഡ്-പാലക്കാട് മെമു എന്നീ ട്രെയിനുകള്‍ക്കും ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.