തോറ്റ് വടക്കോട്ടോടിയ പട

Posted on: August 20, 2013 6:00 am | Last updated: August 19, 2013 at 10:33 pm
SHARE

uparodham 2മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ഇടതുപക്ഷ മുന്നണി തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നില്‍ തുടങ്ങിയ അനിശ്ചിതകാല ഉപരോധം എട്ട് നിലയില്‍ പൊട്ടി. സോളാര്‍ വിഷയത്തില്‍ മുന്നണി ആസൂത്രണം ചെയ്ത അന്തിമ സമരമായിരുന്നു സെക്രേട്ടറിയറ്റ് ഉപരോധം. മുഖ്യമന്ത്രി രാജി വെച്ച് ജുഡീഷ്യല്‍ അന്വേഷണത്തെ നേരിടുന്നതെപ്പോഴാണോ അപ്പോഴേ ഈ ഉപരോധം അവസാനിക്കൂ എന്നാണ് ഇടതു നേതാക്കള്‍ ആവര്‍ത്തിച്ചു വിശദീകരിച്ചിരുന്നത്. ജുഡീഷ്യല്‍ അന്വേഷണം കൊണ്ട് ഉപരോധം അവസാനിക്കുമോ എന്നു ചോദിച്ചപ്പോഴൊക്കെ രാജിയാണു മുഖ്യ ആവശ്യം എന്ന് ഇടതു നേതാക്കള്‍ ആവര്‍ത്തിച്ചതുമാണ്. ഒടുവില്‍ മല എലിയെ പെറ്റു! പട്ടാളത്തിന്റെ വെടിയുണ്ടയേറ്റു രക്തസാക്ഷിയാകാന്‍ രക്തപ്രതിജ്ഞയെടുത്തു കുടുംബത്തോട് വികാരഭരിതമായി അന്തിമ യാത്ര പറഞ്ഞു തിരുവനന്തപുരത്തേക്കു വണ്ടി കയറിയ ധീര സഖാക്കള്‍ ഒന്നര ദിവസത്തിനു ശേഷം നാടിനു തൊട്ടടുത്ത സ്റ്റോപ്പില്‍ തലയില്‍ മുണ്ടിട്ടു ബസ്സിറങ്ങി! ഒരു സമരം പൊളിയുന്നത് അത്ര കാര്യമൊന്നുമല്ല. എന്നാല്‍ ഇവ്വിധം നാണം കെട്ടു തോറ്റോടിയ പട കേരളത്തിന്റെ ചരിത്രത്തില്‍ വേറെ കാണുകയില്ല. കുഞ്ചന്‍ നമ്പ്യാര്‍ ജീവിച്ചിരിപ്പില്ലാതിരുന്നതു കഷ്ടമായി.
തെക്കോട്ടു പുറപ്പെട്ട ചുകപ്പന്‍ പട നിലം തൊടാതെ എന്തുകൊണ്ടു വടക്കോട്ടെടുത്തു? അറിയണമല്ലോ. ഇതൊരു സാദാ സമരമുറ ആയിരുന്നില്ല. അമേരിക്കയിലെ വാള്‍സ്ട്രീറ്റ് വിപ്ലവം പോലെ, അന്നാ ഹസാരെയുടെ രാംലീലാ പ്രക്ഷോഭം പോലെ, ചരിത്ര പ്രസിദ്ധവും മഹത്തരവുമായ ഒന്നായിരുന്നു. സെക്രട്ടേറിയറ്റിന്റെ നാല് കവാടങ്ങളും ഉപരോധിക്കും, ഒരീച്ചയെ പോലും കടത്തി വിടില്ല, ഭരണസ്തംഭനം ഉണ്ടാകും, പിന്നാലെ മുഖ്യമന്ത്രിയുടെ രാജിയും. ഇരുപത്തിരണ്ട് കമ്പനി അര്‍ധ സൈനികരെ ഇറക്കി ഉപരോധത്തെ നേരിടുമെന്നു സര്‍ക്കാര്‍ പറഞ്ഞപ്പോഴാണ് ഇതൊരു സഹനസമരമായിരിക്കുമെന്ന് ഇടതു നേതാക്കള്‍ ഉറച്ചു പറഞ്ഞു തുടങ്ങിയത്. സാധാരണയില്‍ ഇടതു സമരങ്ങളെല്ലാം സമാധാനപരവും ജനാധിപത്യരീതിയിലുമായിരിക്കും- അതു പ്രത്യേകം പറയാറില്ലെങ്കിലും. ജാഥയായി ചെല്ലും, പോലീസിനെ കാണുന്നതോടെ ‘സമാധാനപരമായി’ത്തന്നെ ഇരച്ചു കയറുകയും ‘ജനാധിപത്യ’രീതിയില്‍ ബാരിക്കേഡുകള്‍ മറിച്ചിടുകയും പോലീസിനെ കല്ലെറിയുകയും ജനാധിപത്യ രീതിയില്‍ തന്നെ പൊതുമുതല്‍ നശിപ്പിക്കുകയും തല്ല് വാങ്ങുകയും കൊടുക്കുകയുമൊക്കെ ചെയ്യും. ഇടക്കാലത്തു കണ്ട ‘ജനാധിപത്യ’പരമല്ലാത്ത ഒരേയൊരു സമരം ജയരാജനെ മോചിപ്പിക്കാന്‍ ഹൈക്കോടതിക്കു മുമ്പില്‍ നടത്തിയ കുത്തിയിരിപ്പാണ്. ഈ രീതിയായിരുന്നില്ല സെക്രട്ടറിയേറ്റിനു മുമ്പില്‍ ഉദ്ദേശിച്ചത്. പക്ഷേ, കാര്യങ്ങള്‍ ജനാധിപത്യരീതിയില്‍ പുരോഗമിക്കുകയും മുന്‍നിരയിലെ കാക്കിക്കാര്‍ മാറി പകരം പിന്‍നിരയിലെ പുള്ളിക്കുപ്പായക്കാര്‍ ഇടപെടുകയും ചെയ്‌തേക്കുമോ എന്നൊരു ശങ്ക, ശങ്കയേ ഉള്ളൂ; ഭയം ഒട്ടുമില്ല. രാജ്യത്തിന്റെ ഏതോ കോണില്‍ നിന്നു വന്ന, സൈനിക ബാരക്കും ആയുധങ്ങളും മാത്രം പരിചയമുള്ള, ലോക്കല്‍ സെക്രട്ടറിയെയും സംസ്ഥാന സെക്രട്ടറിയേയും തിരിച്ചറിയാത്ത വര്‍ഗം വല്ല കടുംകൈയും കാണിച്ചു കളഞ്ഞാലോ? തിരുവനന്തപുരത്തെത്തിയപ്പോള്‍ കണക്കു തെറ്റിയോ എന്നൊരു ശങ്ക.
ഉപരോധം തുടങ്ങിയപ്പോള്‍ മനസ്സിലായി; ഈ തെക്കോട്ടെടുപ്പ് അത്ര പന്തിയല്ലെന്ന്. നാല് ഗേറ്റും തടയാനായില്ല, സെക്രട്ടറിയേറ്റ് സ്തംഭിപ്പിക്കാനും കഴിഞ്ഞില്ല, ഈച്ചയും പൂച്ചയും മാത്രമല്ല മുഖ്യനും മന്ത്രിമാരും പാട്ടും പാടി ഓഫീസിലെത്തുകയും തിരിച്ചു പോരുകയും ചെയ്തു. ആരെങ്കിലുമൊന്നു പിടിച്ചുവെച്ചിരുന്നെങ്കില്‍ തല്ല് നിറുത്താമായിരുന്നുവെന്ന് ആഗ്രഹിച്ചു നില്‍ക്കുമ്പോഴാണു രക്ഷകനായി മുഖ്യമന്ത്രി തന്നെ വരുന്നത്. തന്റെ തടി കാത്തുകൊണ്ട് ഒരന്വേഷണ പ്രഖ്യാപനം, കേട്ടപാതി കേള്‍ക്കാത്ത പാതി ഉപരോധം പിന്‍വലിച്ചു! ‘മുട്ടു’ തടുക്കാന്‍ നിവൃത്തിയില്ലാത്തതുകൊണ്ടാണ് തടിയൂരിയതെന്നു പറയുന്നുണ്ട്. അതു ശരിയാകാനിടയില്ല. സെക്രേട്ടറിയറ്റ് വളപ്പില്‍ തന്നെ ‘കാര്യം നടത്തുമെന്നു’ ജയരാജന്‍ പറഞ്ഞിരുന്നല്ലോ. ചതിച്ചത് അവധിപ്രഖ്യാപനമാണ്. ഈ തുളഞ്ഞ ബുദ്ധി ആരുടെ തലയിലുദിച്ചതാണെങ്കിലും സംഗതി ഏറ്റു. രണ്ട് ദിവസമാണ് അവധി പ്രഖ്യാപിച്ചതെങ്കിലും ഫലത്തില്‍ അതു മൂന്ന് ദിവസമായിരുന്നു. മണിക്കൂറുകള്‍ കണക്കുകൂട്ടിയാല്‍ തൊണ്ണൂറ് മണിക്കൂര്‍ അടച്ചിട്ട ഓഫീസിനു മുമ്പില്‍ അണികളെ പിടിച്ചിരുത്തണം. കൊട്ടും പാട്ടും കഥയും ആട്ടവുമായി ഏറിയാല്‍ അഞ്ചാറ് മണിക്കൂര്‍ പിടിച്ചുനില്‍ക്കാം. അത് കഴിഞ്ഞാല്‍ വിപ്ലവഗാനത്തിനു പകരം ശോകഗാനം വരുമായിരുന്നു. കളിച്ചു പഠിച്ച അണികളെ കെട്ടിപ്പൂട്ടി നിറുത്തുന്നതും സാഹസമായിരുന്നു. ഏത് സമയത്താണ് കെട്ടു പൊട്ടുക എന്നു പറയാനാകില്ലല്ലോ. ബേക്കറി ജംഗ്ഷനില്‍ ഒന്നു രണ്ട് തവണ തുളുമ്പിപ്പോകുകയും ചെയ്തു. സി പി എമ്മിനെപ്പോലെ ഒരു കേഡര്‍ പാര്‍ട്ടിക്കും ഏകദേശം അതേ സ്വഭാവമുള്ള മുന്നണിക്കും പത്തമ്പതിനായിരം പേരെ തിരുവനന്തപുരത്തെത്തിക്കുക വലിയ കാര്യമല്ല. വീട്ടുകാര്‍ക്കു നിത്യച്ചെലവിനുള്ള കിറ്റും സമരക്കാര്‍ക്ക് 2500 വീതം പോക്കറ്റ് മണിയും മൂന്ന് നേരം മൃഷ്ടാന്നവും കിട്ടുമെങ്കില്‍ പാര്‍ട്ടി കേഡര്‍മാര്‍ തന്നെ വേണമെന്നില്ല; ഒരു പാര്‍ട്ടിയുമില്ലാത്ത എത്ര പേരെ വേണമെങ്കിലും നമ്മുടെ നാട്ടില്‍ കിട്ടും.
ഇനി സോളാര്‍ സമരത്തിന്റെ ഉള്ളറകളിലേക്ക് കടന്നുനോക്കാം. ആര്‍ക്കു വേണ്ടിയായിരുന്നു ഈ പടപ്പുറപ്പാട്? ഈ തട്ടിപ്പ് കേസില്‍ പൊതു ഖജനാവിനു ചില്ലിക്കാശ് നഷ്ടമായിട്ടില്ല. പാവപ്പെട്ടവര്‍ക്ക് പണം നഷ്ടപ്പെട്ടതായും പരാതിയില്ല. സമൂഹത്തിലെ ഒരു പിടി സമ്പന്നരും അതിസമ്പന്നരും തങ്ങളുടെ സുഖസൗകര്യങ്ങളും ആദായവും വര്‍ധിപ്പിക്കാന്‍ വേണ്ടി പണം മുടക്കി. പണമുണ്ടാക്കാന്‍ കാണിച്ച മിടുക്ക് അത് മുടക്കുന്ന കാര്യത്തില്‍ കാണിക്കാത്തതുകൊണ്ടു പെട്ടു. ഇങ്ങനെ പെടുന്നവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നാട്ടില്‍ നിയമമുണ്ട്. ആ നിയമം അതിന്റെ വഴിക്കു സഞ്ചരിക്കുന്നുമുണ്ട്. സോളാര്‍ തട്ടിപ്പിന്നിരയായത് മുപ്പത്തിമൂന്ന് പേരാണെന്നാണ് വാര്‍ത്ത. അതായത്, സി പി എം വാളെടുത്തതു നാട്ടിലെ സമ്പന്നരായ മുപ്പത്തിമൂന്ന് പേര്‍ക്കു വേണ്ടിയായിപ്പോയി. കോടതിയില്‍ പോകാനും കേസ് നടത്താനും കൊടുത്തതു തിരിച്ചു പിടിക്കാനും കഴിവുള്ള ഒരുപിടിയാളുകള്‍ക്കു വേണ്ടി പാവപ്പെട്ടവന്റെയും പണിയെടുക്കുന്ന പട്ടിണിക്കാരന്റെയും പാര്‍ട്ടി എന്തിനു വാളെടുത്തു എന്ന ചോദ്യത്തിനു ശരിയുത്തരമില്ല.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെ ഒരു മുന്നേറ്റം സി പി എമ്മിനെ സംബന്ധിച്ചിടത്തോളം അനിവാര്യം തന്നെയായിരുന്നു. മുറ്റത്തു വന്നുനില്‍ക്കുന്ന പൊതു തിരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടിയുടെ കൈയില്‍ ഒരായുധവുമില്ല. ടി പി വധം, ശുക്കൂര്‍ വധം, മണിയാശാന്റെ വധചരിത്രപുരാണ കഥാകഥനം എല്ലാം ചേര്‍ന്നു കൊടി മാത്രമല്ല, കുപ്പായവും അടിവസ്ത്രം പോലും ചോരച്ചുകപ്പായിപ്പോയ കാലത്ത് പിടിച്ചുനില്‍ക്കാന്‍ കിട്ടിയ കച്ചിത്തുരുമ്പായിരുന്നു സോളാര്‍. പക്ഷേ, സോളാറിന്റെ പേരില്‍ ആസൂത്രണം ചെയ്ത സമര പരമ്പരകളൊന്നും ക്ലിക്കായില്ല. കലക്ടറേറ്റ് ഉപരോധം മുതല്‍ രാപകല്‍ സമരം വരെ പാളി. ഒടുവില്‍ തിരുവനന്തപുരത്തെ അന്തിമ പോരാട്ടം നനഞ്ഞ പടക്കവുമായി. മുഖ്യമന്ത്രിയെ ചുറ്റിപ്പറ്റിക്കഴിയുന്ന ചിലര്‍ സോളാര്‍ തട്ടിപ്പില്‍ ഭാഗഭാക്കായെന്നു വിശ്വസിക്കാം. പക്ഷേ, ഇമ്മാതിരിയൊരു പക്കാ തട്ടിപ്പില്‍ ഉമ്മന്‍ ചാണ്ടിയെപ്പോലെ ഒരാള്‍ പങ്കാളിയാകുമെന്നു ജനങ്ങള്‍ വിശ്വസിക്കുന്നില്ല. മുഖ്യന്റെ ഓഫീസും പരിസരവും സദാ ഉത്സവപ്പറമ്പ് പോലെയാണ്. കാതിലും മൂക്കിലും പറഞ്ഞു പാകത്തിന് അതൊരു ഫ്രെയിം ആക്കി മുതലെടുക്കാന്‍ സരിതയെപ്പോലെ ഒരു മിടുക്കി തന്നെ വേണമെന്നില്ല; ഒരു മന്ദബുദ്ധി തന്നെ ധാരാളം. മുഖ്യമന്ത്രിക്കസേരയില്‍ ഒരു മനോരോഗി കയറിയിരുന്നു ‘ഞാനാണു മുഖ്യമന്ത്രി’യെന്നു പറഞ്ഞ സംഭവം ഓര്‍ക്കുക. മി. ചാണ്ടിയുടെ ചുറ്റുവട്ടത്തിന്റെ സവിശേഷത മാത്രമാണിത്. ഈ രീതി ശരിയാണോ എന്നതു വേറെ കാര്യം. എന്നാല്‍ ഇതൊന്നും ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട് അധികാരത്തില്‍ വന്ന ഒരു മുഖ്യമന്ത്രിയെ വളഞ്ഞിട്ടു രാജി വെപ്പിക്കാന്‍ മാത്രമുള്ള വകയായില്ല.
വെള്ളക്കടലാസില്‍ രണ്ട് വരിയില്‍ ഒരു രാജിയെഴുതിയാല്‍ മിനിട്ടുകള്‍കൊണ്ടു തീരുന്നതാണ് ഉപരോധ സമരം എന്നായിരുന്നു ഇടതു നേതാക്കളുടെ നിലപാട്. ഉമ്മന്‍ ചാണ്ടി വിചാരിച്ചാല്‍ തന്നെ അങ്ങനെ രാജി െവച്ചു വീട്ടില്‍ പോകാന്‍ കഴിയുമോ? പുതുപ്പള്ളിയില്‍നിന്ന് ഒരു സുപ്രഭാതത്തില്‍ കുപ്പായം മാറ്റി വന്നു താന്‍ മുഖ്യമന്ത്രിയാകാമെന്നു പറഞ്ഞപ്പോള്‍ ഗവര്‍ണര്‍ ഓതിക്കൊടുത്തു മുഖ്യമന്ത്രിയാക്കിയതാണോ? ഇനി ഇടതു മുന്നണി പറഞ്ഞെന്നുെവച്ച് മുഖ്യമന്ത്രി രാജി വെക്കുന്നതെങ്ങനെ? എ കെ ജി സെന്ററില്‍ ചെന്നു ‘ഞാന്‍ മുഖ്യമന്ത്രിയാകാം’ എന്നു പറഞ്ഞപ്പോള്‍ ‘എന്നാലങ്ങനെയാകട്ടെ’ എന്നു പറഞ്ഞു പിണറായിയും കൂട്ടരും ഗവര്‍ണരുടെ അടുത്തേക്കു കൂട്ടിക്കൊണ്ടു പോയതൊന്നുമല്ലല്ലോ. ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രിയാക്കിയതു കോണ്‍ഗ്രസും അവരുടെ മുന്നണിയുമാണ്. രാജിവെക്കാന്‍ പറയേണ്ടത് അധികാരത്തിലേറ്റിയവരാണ്. ഉമ്മന്‍ ചാണ്ടി അധികാരത്തില്‍ വരാതിരിക്കാന്‍ സര്‍വ അടവുകളും പയറ്റി തിരഞ്ഞെടുപ്പ് ഗോധയില്‍ തോറ്റവര്‍ ഇപ്പോള്‍ സെക്രേട്ടറിയറ്റു വളഞ്ഞു രാജി വെപ്പിച്ചു കളയാമെന്നു കരുതിയത് ശുദ്ധ വങ്കത്തമായിപ്പോയി. പാര്‍ട്ടിയിലും മുന്നണിയിലും മുഖ്യമന്ത്രി ഒറ്റപ്പെട്ടുവെന്നും ജനപിന്തുണ നഷ്ടപ്പെട്ടുവെന്നും പറയുന്നവര്‍ക്ക് മറവി രോഗം ഉണ്ടാകരുത്. തൊട്ടുമുമ്പ് കേരളത്തിന് ഒരു മുഖ്യമന്ത്രിയുണ്ടായിരുന്നു. വന്‍തോതില്‍ പൊതുസ്വത്ത് കൈയേറിയവരെ തുരത്താന്‍ മൂന്നാറിലേക്ക് ജെ സി ബി നയിച്ച ഒരു മുഖ്യമന്ത്രി. അദ്ദേഹത്തിനു ലഭിച്ച പാര്‍ട്ടി പിന്തുണയും മുന്നണി പിന്തുണയും ഇപ്പോള്‍ ഒന്നോര്‍ത്തു നോക്കുക. മൂന്നാറിലേക്കു വന്നാല്‍ മുട്ടുകാല് തല്ലിയൊടിക്കുമെന്നായിരുന്നു സ്വന്തം പാര്‍ട്ടി നേതാക്കളുടെ തന്നെ പിന്തുണ! വി എസ് ഇപ്പോള്‍ രണ്ട് കാലില്‍ നടക്കുന്നതു തന്നെ അത്ഭുതം!
ജനങ്ങളെ അണി നിരത്തി മുഖ്യമന്ത്രിയെ താഴെയിറക്കുമെന്നാണ് പിണറായി പറയുന്നത്. ഓരോ ഏരിയാ കമ്മിറ്റിയില്‍ നിന്നും ഈരണ്ട് പറഞ്ഞാല്‍ അനുസരിക്കുന്ന കേഡര്‍മാരെ റിക്രൂട്ട് ചെയ്തു കൊണ്ടുപോയാല്‍ അതു ജനകീയ സമരമാകുന്നതെങ്ങനെ? സി പി എമ്മിന്റെ ഒരു ജനകീയ മുന്നേറ്റം ഓര്‍മയില്‍ വരുന്നത് ഇടതു മുന്നണി നടത്തിയ ആദ്യത്തെ മനുഷ്യച്ചങ്ങലയാണ്. പാര്‍ട്ടിക്കാരല്ലാത്ത നിരവധി പേരെ കൈകോര്‍ക്കാന്‍ അന്ന് ആ പുത്തന്‍ രീതിക്കു കഴിഞ്ഞു. കഴിഞ്ഞ രണ്ടര വര്‍ഷമായി ഉമ്മന്‍ ചാണ്ടിക്കു നേരെ നടത്തുന്ന കുരിശുയുദ്ധത്തില്‍ പാര്‍ട്ടിക്കാരെയും അപൂര്‍വമായി മുന്നണി പ്രവര്‍ത്തകരെയും അണിനിരത്താനേ കഴിഞ്ഞിട്ടുള്ളൂ. ഭൂസമരം, സര്‍ക്കാര്‍ ജീവനക്കാരുടെ സമരം, കലക്ടറേറ്റ് ഉപരോധങ്ങള്‍, രാപകല്‍ സമരം, ഒടുവില്‍ സെക്രട്ടേറിയറ്റ് ഉപരോധം. എല്ലാം പാര്‍ട്ടിക്കാരെ വെച്ചുള്ള മുന്നേറ്റമായിരുന്നു, ഒന്നുപോലും പച്ച തൊട്ടില്ല. ഇടതു മുന്നണിയുടെ പൊതു തിരഞ്ഞെടുപ്പ് യുദ്ധം കഠിനതരമായിരിക്കുമെന്നത് നാല് തരം.
സോളാര്‍ വിവാദത്തില്‍ ജീവഹാനി സംഭവിച്ചില്ലെങ്കിലും മുഖ്യമന്ത്രിക്കും പരുക്കേറ്റു, ‘ക്ലീന്‍ ഇമേജി’നുമേല്‍ ചെളി വീണു. കാറ്റടിക്കാതെ ഇലയനങ്ങുമോ എന്നു കരുതുന്നവര്‍ കുറച്ചെങ്കിലുമുണ്ട്. പാര്‍ട്ടിയിലെ നടപ്പുദീനത്തിനു പുറമെ മുന്നണിയിലെ ശൈഥില്യത്തിനും ഇടതു സമരം വളം െവച്ചു. സി പി എമ്മിലെയും ഇടതു മുന്നണിയിലെയും പടലപ്പിണക്കങ്ങള്‍ക്കു സോളാര്‍ സമരം താത്കാലിക ശമനമെങ്കിലുമായി. സോളാര്‍ സമരം തുടരുമെന്നാണു പിണറായി പറയുന്നത്. ജനസമ്പര്‍ക്ക പരിപാടി തടയുമെന്നും പൊതുവഴിയിലും പൊതുവേദിയിലും ചവിട്ടിക്കില്ലെന്നും വീമ്പ് പറയുന്നുമുണ്ട്. കണ്ടറിയണം, ഒരു കാര്യം ഉറപ്പ്, സ്വന്തം സഖാക്കള്‍ പോലും ഇനി പഴയതു പോലെ ചാടിപ്പുറപ്പെടുകയില്ല. തിരുവനന്തപുരത്തുപോയി അത്രമേല്‍ നാണം കെട്ടിട്ടുണ്ട്.
നാണം കെട്ടവര്‍ വേറെയുമുണ്ട്; മീഡിയകള്‍ -പ്രത്യേകിച്ചു ദൃശ്യന്മാര്‍. മൂന്ന് നാല് നാള്‍ എന്തൊരുത്സവമായിരുന്നു. 13ന് ഉച്ചക്കുശേഷം ചാനലുകള്‍ തുറന്നു നോക്കിയപ്പോള്‍ ശൂന്യം! ആട് കിടന്നിടത്തു പൂട പോലുമില്ല. തിരുവനന്തപുരത്തുകാര്‍ രണ്ട് നാള്‍ അനുഭവിച്ച ദുരിതങ്ങളെക്കുറിച്ച് ലൈവായി ഒരു ചാനലും മിണ്ടിയിരുന്നില്ല; അതെങ്ങനെ. സമരസഖാക്കളുടെ തോളില്‍ കയറിയിരുന്നുകൊണ്ടായിരുന്നില്ലേ ചാനല്‍ കിളികള്‍ ചിലച്ചുകൊണ്ടിരുന്നത്. നെഗറ്റീവായി ഒരക്ഷരം പറഞ്ഞിരുന്നെങ്കില്‍ ബോധം ബാക്കിയുണ്ടെങ്കില്‍ അത് തിരിച്ചുകിട്ടുക ആശുപത്രിക്കിടക്കയിലാകുമായിരുന്നു. അതുകൊണ്ടൊന്നും മീഡിയാ ധര്‍മം ചാനലുകാര്‍ കൈവിട്ടില്ല കെട്ടോ. ഉപരോധ സമരം നാട്ടുകാര്‍ക്കു വരുത്തിയ കഷ്ടനഷ്ടങ്ങള്‍ കൃത്യമായി പകര്‍ത്തി വെക്കുകയും സഖാക്കള്‍ നഗരം വിട്ടതിന്റെ ആറാം മണിക്കൂറില്‍ ചുണയോടെ അതെല്ലാം സംപ്രേഷണം ചെയ്യുകയുമുണ്ടായി. ചില വിഭവങ്ങള്‍ അങ്ങനെയാണ്; പഴകുമ്പോഴാണ് രുചി കൂടുക! തിരുവനന്തപുരത്തെ ഉപരോധ സമരം ഏതു കരക്കടിയുമെന്നതില്‍ സംഘാടകര്‍ക്ക് കടുത്ത ആശങ്കയുണ്ടായിരുന്നു. എന്നാല്‍, അഡ്വ. ജയശങ്കറിന് ഒരാശങ്കയുമുണ്ടായിരുന്നില്ല. ഉപരോധം മുങ്ങുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പുള്ള ചാനല്‍ ചര്‍ച്ചയില്‍ പോലും ഉമ്മന്‍ ചാണ്ടിയേയും കൊണ്ടേ ഈ ഉപരോധ സമരം പോകൂ എന്നു കട്ടായം പറഞ്ഞു കളഞ്ഞു ക്രാന്തദര്‍ശിയായ ഈ നിരൂപകന്‍!
ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെതിരെ ഒരു മുന്നേറ്റം സി പി എമ്മിനെ സംബന്ധിച്ചിടത്തോളം അനിവാര്യം തന്നെയായിരുന്നു. മുറ്റത്തു വന്നുനില്‍ക്കുന്ന പൊതു തിരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടിയുടെ കൈയില്‍ ഒരായുധവുമില്ല. ടി പി വധം, ശുക്കൂര്‍ വധം, മണിയാശാന്റെ വധചരിത്രപുരാണ കഥാകഥനം എല്ലാം ചേര്‍ന്നു കൊടി മാത്രമല്ല, കുപ്പായവും അടിവസ്ത്രം പോലും ചോരച്ചുവപ്പായിപ്പോയ കാലത്ത് പിടിച്ചു നില്‍ക്കാന്‍ കിട്ടിയ കച്ചിത്തുരുമ്പായിരുന്നു സോളാര്‍. പക്ഷേ, സോളാറിന്റെ പേരില്‍ ആസൂത്രണം ചെയ്ത സമര പരമ്പരകളൊന്നും ക്ലിക്കായില്ല. കലക്ടറേറ്റ് ഉപരോധം മുതല്‍ രാപകല്‍ സമരം വരെ പാളി. ഒടുവില്‍ തിരുവനന്തപുരത്തെ അന്തിമ പോരാട്ടം നനഞ്ഞ പടക്കവുമായി.