അപ്പോള്‍, അവസാന വാക്ക് വി ഡി സതീശന്റെതാണോ?

Posted on: August 20, 2013 6:00 am | Last updated: August 19, 2013 at 10:30 pm
SHARE

VD SATHEESHANആഗസ്റ്റ് ഒന്നിന് വി ഡി സതീശന്‍ എം എല്‍ എക്ക് സി ആര്‍ നീലകണ്ഠന്‍ എഴുതിയ തുറന്ന കത്തും ആഗസ്റ്റ് 13ന് വി ഡി സതീശന്‍ അതിനെഴുതിയ മറുപടിയും സിറാജ് പത്രത്തില്‍ വായിച്ചു. ഈ എഴുത്തുകളില്‍ നീലകണ്ഠന്‍ ഉയര്‍ത്തിയ ‘ഒരു കമ്പനി നടത്തുന്ന കുടിവെള്ള മലിനീകരണം’ എന്ന കാതലായ വിഷയത്തിന് വി ഡി സതീശന്‍ വ്യക്തമായ മറുപടി നല്‍കാതെ നീലകണ്ഠനെതിരെ വ്യക്തിഹത്യ നടത്തുന്നതിനും കാതിക്കുടം സമരത്തെക്കുറിച്ച് തെറ്റായ ധാരണകള്‍ സമൂഹത്തിലെത്തിക്കുന്നതിനും മലിനീകരണത്തെ ലഘൂകരിക്കുന്നതിനും ശ്രമിക്കുകയാണ് ചെയ്തത്. സതീശന്‍ പരിസ്ഥിതി വിഷയങ്ങളിലെല്ലാം വ്യക്തമായ നിലപാടെടുക്കുന്ന വ്യക്തിയായിരിക്കാം. പക്ഷേ, അതെല്ലാം ശരിയാണെന്ന തെറ്റിദ്ധാരണ പുലര്‍ത്തുന്നത് ശരിയല്ല. 27 വര്‍ഷം മുമ്പ് സര്‍വകലാശാലയില്‍ പരിസ്ഥിതി ക്യാമ്പ് സംഘടിപ്പിച്ചു എന്നതുകൊണ്ട് പരിസ്ഥിതി വിഷയങ്ങളില്‍ സര്‍വജ്ഞാനിയാണെന്ന് ധരിക്കുന്നതും ശരിയല്ല. ഈ 27 വര്‍ഷവും ഹരിത രാഷ്ട്രീയ വക്താവായി സതീശന്‍ അറിയപ്പെടാതിരുന്നത് എന്തുകൊണ്ട്? ഈയടുത്ത കാലത്ത് മാത്രമാണ് മറ്റ് അഞ്ചാറ് എം എല്‍ എമാരോടൊപ്പം അദ്ദേഹവും ഹരിതരാഷ്ട്രീയക്കാരനെന്ന രീതിയില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. ഈ എം എല്‍ എമാരെ നീലകണ്ഠന്‍ ആദരിക്കുന്നതായി അദ്ദേഹത്തിന്റെ കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. അവരുടെ നിലാപാടുകളില്‍ നന്മ കേരളത്തിന്റെ നിലനില്‍പ്പിന് ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ആശിക്കുന്നുണ്ട്. വി ഡി സതീശന്‍ അപ്പോളോ ടയേര്‍സ് യൂനിയന്‍ നേതാവായ കഥ പറഞ്ഞത് തമാശയായിതോന്നി. ഏതൊരു നേതാവിനും ഇത്തരം കഥകള്‍ പറയാനുണ്ടാകും. നീലകണ്ഠനെ വ്യക്തിപരമായി അറിയുന്നവര്‍ക്ക് ബോധ്യമുണ്ട് അദ്ദേഹം നടത്തിയ വീരോജ്ജ്വലമായ പരിസ്ഥിതി, മനുഷ്യാവകാശ സംരക്ഷണ പോരാട്ടങ്ങളുടെ ചിരിത്രം. പരിസ്ഥിതി രംഗത്ത് സി ആര്‍ അധ്വാനിച്ചുണ്ടാക്കിയ ‘സ്‌പെയ്‌സ്’ വി ഡി സതീശന്‍ കവര്‍ന്നെടുക്കുമോ എന്ന് നീലകണ്ഠന്‍ ഭയപ്പെടുന്നുണ്ടെന്ന ധാരണ ഒരുപക്ഷേ, 2013ലെ ഒരു ഫലിതമായി മാത്രമേ ജനങ്ങള്‍ കാണുകയുള്ളൂ. കാതിക്കുടം ആക്ഷന്‍ കൗണ്‍സിലിനെക്കുറിച്ച് എം എല്‍ എ എഴുതിയിരിക്കുന്നത് ശുദ്ധ അസംബന്ധമാണ്. കമ്പനിയിലെ ഒരു ചെറിയ വിഭാഗം തൊഴിലാളികളുടെ നേതാവെന്ന നിലയില്‍ തൊഴിലാളി ക്ഷേമത്തിനായി ഇത്രയേറെ കൂറ് കമ്പനിയോട് കാട്ടണമോ? ദേശവിരുദ്ധ, സാമൂഹികവിരുദ്ധ വ്യക്തികളാണ് ഗ്രാമവാസികള്‍ക്ക് തല്ല് വാങ്ങിക്കൊടുത്തതെന്ന പരാമര്‍ശം വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. സതീശന്‍ ഉദ്ദേശിച്ചത് സമരത്തില്‍ പങ്കെടുക്കുന്ന സാറാ ടീച്ചറെയും ടി എന്‍ പ്രതാപന്‍ എം എല്‍ എ തുടങ്ങിയവരെയും ചേര്‍ത്താണോ? 7. 12. 2011ല്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിയമിച്ച വിദഗ്ധ സമിതി ശിപാര്‍ശ പ്രകാരം 15 ഇനങ്ങളും കോടികള്‍ ചെലവഴിച്ച് കമ്പനി ജനങ്ങളോട് ചെയ്ത ഔദാര്യമല്ല; നിയമപരമായ ബാധ്യതയായിരുന്നു. മലിനീകരണ നിയന്ത്രണത്തിന് കമ്പനി ചെലവഴിച്ച കോടികളെയോര്‍ത്ത് വി ഡി സതീശന് ദുഃഖമുണ്ടോ? ചാലക്കുടി പുഴയിലെ മലിനീകരണത്തെക്കുറിച്ചും കാതിക്കുടത്തെ ജലമലിനീകരണം, വായു മലിനീകരണം, മണ്ണ് മലിനീകരണം എന്നിവയെക്കുറിച്ചൊന്നും എം എല്‍ എ വേവലാതി കാണിക്കുന്നില്ല എന്നതാണ് കാതിക്കുടത്തെ ജനങ്ങള്‍ക്കുള്ള പരാതി. കമ്പനി എത്ര കോടി മലിനീകരണ നിയന്ത്രണത്തിന് മുടക്കുന്നു എന്നതിലല്ല മറിച്ച് അതിന് ചുറ്റുമുള്ള സ്ഥലങ്ങളില്‍ മലിനീകരണമുണ്ടാക്കുന്നുണ്ടോ എന്നതാണ് പരിഗണിക്കപ്പെടേണ്ടത്. ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റവരില്‍ ഭൂരിഭാഗവും കാതിക്കുടംകാരല്ലെന്ന പരാമര്‍ശം ആ പ്രദേശത്തുകാരെ മുഴുവന്‍ അടിച്ചാക്ഷേപിക്കുന്നതിന് തുല്യമായിപ്പോയി. വീടുകളില്‍ കയറി പോലും പോലീസ് തല്ലിയതാണ്. പ്രദേശവാസികളല്ലാത്തവരുടെ കൈകളിലാണ് സമരം എന്ന പരാമര്‍ശം ബാലിശമായിപ്പോയി. ഒരു കമ്പനി മൂലം നരകയാതന അനുഭവിക്കുന്ന ആളുകളുടെ വിഷയങ്ങളിലും വിഷമങ്ങളിലും മറ്റു മനുഷ്യര്‍ക്ക് ഇടപെടാന്‍ അവകാശമില്ലെന്ന ധ്വനിയല്ലേ അതിലുള്ളത്?
ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കൂടിയ യോഗം ആക്ഷന്‍ കൗണ്‍സിലിന്റെ പ്രതിനിധിയെ കൂടി ഉള്‍പ്പെടുത്തി മത്സ്യം ചത്തുപൊങ്ങാനുണ്ടായ കാരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചു എന്ന് സതീശന്‍ എഴുതിയിരിക്കുന്നത് പച്ചക്കള്ളമാണ്. തൃശൂര്‍ ജില്ലാ കലക്ടറുടെ ഓര്‍ഡര്‍ നമ്പര്‍ സി 3 -18638/10 തിയ്യതി 9/7/2013 പ്രകാരം 16/7/2013ലാണ് കമ്മിറ്റിയെ നിയോഗിക്കുന്നത്. വി ഡി സതീശന്‍ പറയുന്ന 19/ 5/2013ല്‍ മത്സ്യം ചത്തുപൊങ്ങിയതിന് ഒന്നര മാസത്തിന് ശേഷം കമ്മിറ്റിയുണ്ടാക്കി എന്നു പറയുന്നത് യുക്തിസഹമല്ല. ഈ കമ്മിറ്റി എന്‍ ജി ഐ എല്‍ മലിനീകരണത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ടതാണ്. അല്ലാതെ എം എല്‍ എ പറയുന്നതുപോലെ മത്സ്യം ചത്തുപൊങ്ങാനുണ്ടായ കാരണം അന്വേഷിക്കാനായി നിയോഗിക്കപ്പെട്ടതല്ല. ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം ഈ കമ്പനി അടച്ചുപൂട്ടണമെന്നുതന്നെ പരിസ്ഥിതി ശാസ്ത്രത്തില്‍ കൊച്ചി സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറല്‍ ബിരുദവും ഏതാണ്ട് കാല്‍ നൂറ്റാണ്ട് കാലത്തെ ഗവേഷണ പരിചയവുമുള്ള ഞാന്‍ പറയും. കാരണങ്ങള്‍ ഇവയാണ്. 34 വര്‍ഷത്തോളമായി നടത്തിവരുന്ന ഈ കമ്പനിയില്‍ വായുമലിനീകരണം അളക്കുന്നതിനുള്ള സ്റ്റേഷന്‍ ഇല്ല. രൂക്ഷഗന്ധം നിയന്ത്രിക്കാനുള്ള സംവിധാനങ്ങളില്ല. കമ്പനിയുടെ വസ്തുക്കളുടെ ഉപയോഗത്തെക്കുറിച്ചുള്ള മെറ്റീരിയല്‍ ബാലന്‍സ്, ഊര്‍ജ ഉപയോഗത്തെക്കുറിച്ചുള്ള എനര്‍ജി ബാലന്‍സ് എന്നിവയില്ല. കമ്പനി ഒരു ദിവസം ഉപയോഗിക്കുന്ന ജലത്തിന്റെ കൃത്യമായ ഉപയോഗം രേഖപ്പെടുത്താനുള്ള വാട്ടര്‍ മീറ്റര്‍, കമ്പനി പുറത്തോട്ടൊഴുക്കുന്ന മലിനജലത്തിന്റെ കൃത്യമായ കണക്ക് രേഖപ്പെടുത്താനുള്ള വാട്ടര്‍ മാറ്റര്‍ എന്നിവ ഇല്ല. മലിനജലത്തില്‍ അടങ്ങിയിരിക്കുന്ന അമോണിയാക്കല്‍ നൈട്രജന്‍NH3 – N ആണോNH4 – Nആണോ എന്ന് പോലും കൃത്യമായി പരിശോധിക്കാന്‍ സംവിധാനങ്ങളില്ല.
ഇക്കാര്യങ്ങളെല്ലാം കലക്ടര്‍ നിയോഗിച്ച കമ്മിറ്റി ചൂണ്ടിക്കാട്ടുന്നുണ്ട്. വസ്തുതകള്‍ ഇതായിരിക്കെ 34 വര്‍ഷമായി കമ്പനിയെ സഹിക്കുന്ന ജനങ്ങളെയും സമരത്തെയും തള്ളിപ്പറയുന്നത് ജനദ്രോഹപരമായി മാത്രമേ കാണാനാകൂ. മലിനീകരണം തടയുന്നതിനായി സ്ഥാപിതമായ മലിനീകരണ നിയന്ത്രണ ബോര്‍ഡിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ട സാഹചര്യത്തില്‍ കമ്പനി നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ആര്‍ക്ക് വേണം? എന്ത് മലിനീകരണ ഉപാധികള്‍ സ്വീകരിച്ചിരിക്കുന്നു എന്നതല്ല, അതിന് ശേഷവും മലിനീകരണമുണ്ടാകുന്നുണ്ടോ എന്നതാണ് പ്രശ്‌നം. കാതിക്കുടത്ത് മലിനീകരണമുണ്ട്. 34 വര്‍ഷമായി കമ്പനിക്ക് മലിനീകരണം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് കാതലായ പ്രശ്‌നം. അത് കുടിവെള്ള സ്രോതസ്സുകളെ ബാധിച്ചിരിക്കുന്നു.
കുടിവെള്ളത്തിന് പകരം ഒന്നുമില്ല എന്ന വസ്തുത ജനങ്ങളിലെത്തിക്കാനാണ് സി ആര്‍ നീലകണ്ഠന്‍ പരിശ്രമിച്ചത് എന്നാണ് കത്ത് വായിച്ച എനിക്ക് മനസ്സിലായത്. ഒരു യൂനിയന്‍ നേതാവെന്ന പേരില്‍ എം എല്‍ എ പക്ഷപാതപരമായി കാര്യങ്ങളെ കാണുന്നെന്നാണ് വി ഡി സതീശന്റെ മറുപടി വായിച്ചപ്പോള്‍ ബോധ്യപ്പെട്ടത്. ഇവിടെ അവകാശവാദങ്ങളും ജയവും തോല്‍വിയുമല്ല പ്രശ്‌നം; ജനങ്ങളുടെ പ്രശ്‌നത്തില്‍ ശാസ്ത്രീയ ഇടപെടലാണ്. കമ്പനി പുറത്തുവിടുന്നത് ട്രീറ്റ് ചെയ്ത ശുദ്ധജലമാണെങ്കില്‍ ആ വെള്ളം കമ്പനിക്ക് തന്നെ ഉപയോഗിക്കാമല്ലോ. ചാലക്കുടിപ്പുഴയെ എന്തിന് മലിനീകരിക്കണം?
വ്യവസായം വേണം. തൊഴിലും വേണം. പക്ഷേ, നാട് നശിപ്പിച്ച്, ഒരു ജനതയെ കൂട്ടത്തോടെ ദുരിതത്തിലാഴ്ത്തി ഇത്തരം വ്യവസായങ്ങള്‍ വേണോ? കുടിവെള്ളം അമൂല്യമാണെന്ന തിരിച്ചറിവ് വ്യവസായ ശാലകള്‍ക്കും നേതാക്കള്‍ക്കും ഉണ്ടാകണം. അത് നശിച്ചാല്‍ തിരിച്ചെടുക്കാനാകില്ല. ഒരു കമ്പനിക്ക് വേണ്ടി ഏതാനും ചില തൊഴിലാളികളുടെ പ്രശ്‌നം പറഞ്ഞ് കാതിക്കുടത്തെ കുടിവെള്ളവും വായുവും മണ്ണും ഇങ്ങനെ മലിനീകരിക്കണോ?
ഹരിത രാഷ്ട്രീയ വക്താവായി സ്വയം പറയുന്ന എം എല്‍ എയോട് ഒരു ചോദ്യം കൂടി. താങ്കള്‍ സ്വാഗതസംഘം അധ്യക്ഷനായി ആലുവ പരിസ്ഥിതി സംരക്ഷണ സംഘം നേതൃത്വത്തില്‍ 2011 നവംബര്‍ 27ന് ഞായറാഴ്ച ആലുവയില്‍ നടന്ന പെരിയാര്‍ നദീ സംരക്ഷണ കണ്‍വന്‍ഷന്‍ നടത്തിയിരുന്നല്ലോ. താങ്കളുടെ പരിശ്രമത്തില്‍ പരിപാടിയുടെ ഉദ്ഘാടനത്തിന് കൊണ്ടുവന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ റിവര്‍ അതോറിറ്റി പ്രഖ്യാപനം രണ്ട് വര്‍ഷത്തോളമായിട്ട് എവിടം വരെയെത്തി? തെംസ് നദി ശചീകരിച്ചതു പോലെ പെരിയാറിനെ ശുചീകരിക്കാമെന്ന താങ്കളുടെ ആവേശകരമായ രാഷ്ട്രീയ പ്രസംഗത്തിന്റെ ഗതി എന്തായി?