മോഡിക്ക് രണ്ട് മുസ്‌ലിം വോട്ടേ കിട്ടൂ: ആല്‍വി

Posted on: August 19, 2013 11:55 pm | Last updated: August 19, 2013 at 11:55 pm
SHARE

RASHEED ALVIന്യൂഡല്‍ഹി: ഗുജറാത്തില്‍ 25 ശതമാനം മുസ്‌ലിംകളും തന്നെ പിന്തുണക്കുന്നുവെന്ന നരേന്ദ്ര മോഡിയുടെ പ്രസ്താവന അടിസ്ഥാനരഹിതമായ അവകാശവാദമാണെന്ന് കോണ്‍ഗ്രസ് നേതാവ് റശീദ് ആല്‍വി. അദ്ദേഹത്തിന് രാജ്യത്താകെ രണ്ട് മുസ്‌ലിം വോട്ടുകളേ ലഭിക്കൂ. ഒന്ന് ബീഹാറില്‍ നിന്നും(ഷാനവാസ് ഹുസൈന്‍) മറ്റൊന്ന് അലഹാബാദില്‍ നിന്നും (മുഖ്താര്‍ അബ്ബാസ് നഖ്‌വി). മുസ്‌ലിംകള്‍ക്ക് വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉണ്ട്. അതനുസരിച്ച് അവര്‍ ശരിയായ തീരുമാനമെടുക്കുമെന്ന് ആല്‍വി പറഞ്ഞു.
അതിനിടെ, മോഡിയുടെ പ്രചാരണ മുദ്രാവാക്യങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് എ ഐ സി സി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ് രംഗത്തെത്തി. ‘ദാരിദ്ര്യമുക്ത ഭാരതം എന്നായിരുന്നു നേരത്തേയുള്ള മുദ്രാവാക്യം. ഇപ്പോള്‍ അത് ‘കോണ്‍ഗ്രസ്മുക്ത ഭാരതം’ എന്നായി. ഇത്തരം ഫാസിസ്റ്റ് മുദ്രാവാക്യങ്ങള്‍ക്കെതിരെ രാജ്യത്തെ വര്‍ഗീയ വിരുദ്ധ രാഷ്ട്രീയ വിശ്വാസികളെല്ലാം ഒറ്റക്കെട്ടായി പ്രതികരിക്കണ’മെന്ന് ദിഗ്‌വിജയ് സിംഗ് ട്വിറ്ററില്‍ രേഖപ്പെടുത്തി.