മലിന ജലം കുടിച്ച് കഴിഞ്ഞ വര്‍ഷം 3,883 പേര്‍ മരിച്ചു

Posted on: August 19, 2013 11:50 pm | Last updated: August 19, 2013 at 11:50 pm
SHARE

WASTE WATERന്യൂഡല്‍ഹി: മാലിന്യം കലര്‍ന്ന വെള്ളം കുടിച്ച് 2012ല്‍ രാജ്യത്ത് 3,883 പേര്‍ മരിച്ചതായി കേന്ദ്ര സര്‍ക്കാര്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 569 പേര്‍ അധികമാണിത്. 2011ല്‍ ഇത് 3,314 പേരായിരുന്നുവെന്നും ശുദ്ധജല മന്ത്രാലയ സഹമന്ത്രി ഭാരത്സിംഗ് സോളങ്കി ലോക്‌സഭയെ അറിയിച്ചു. അതിസാരം മൂലമാണ് കൂടുതല്‍ പേരും മരിച്ചത്.
2011ല്‍ 1,02,31,049 പേര്‍ക്ക് അതിസാരം പിടിപെട്ടു. ഇതില്‍ 1,269 പേര്‍ മരിച്ചു. 2012ല്‍ 1,17,01,755 പേര്‍ക്ക് ഛര്‍ദി അതിസാരം പിടിപെട്ടു. ഇതില്‍ 1,647 പേര്‍ മരിച്ചുവെന്നും മന്ത്രി എഴുതി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു. ഉത്തര്‍ പ്രദേശിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. തൊട്ടു പിറകില്‍ പശ്ചിമ ബംഗാളാണ്. കഴിഞ്ഞ വര്‍ഷം യു പിയില്‍ 888 പേരും പശ്ചിമ ബംഗാളില്‍ 511 പേരും അതിസാരവും അനുബന്ധ രോഗവും മൂലം മരിച്ചുവെന്നാണ് കണക്ക്. 2011 ല്‍ യുപിയില്‍ 872 പേരും ബംഗാളില്‍ 485പേരും അതിസാരം മൂലം മരിച്ചു. രാജ്യത്തെ ശുദ്ധ ജല സ്രോതസ്സുകള്‍ മലിനമാകാതെ സൂക്ഷിക്കേണ്ടതിന്റെ അനിവാര്യതയിലേക്കാണ് ഈ കണക്കുകള്‍ വിരല്‍ ചൂണ്ടുന്നതെന്ന് മന്ത്രി പറഞ്ഞു.