Connect with us

International

ആയുധധാരികള്‍ 24 പോലീസുകാരെ വധിച്ചു

Published

|

Last Updated

കൈറോ: ഇടക്കാല സര്‍ക്കാറിനും സൈന്യത്തിനുമെതിരെ ബ്രദര്‍ഹുഡ് അക്രമാസക്തമായ പ്രക്ഷോഭം നടത്തുന്നതിനിടെ സിനായി മേഖലയില്‍ 24 പോലീസുകാര്‍ കൊല്ലപ്പെട്ടു. ഗാസാ അതിര്‍ത്തിയില്‍വെച്ചാണ് ആയുധധാരികളായ സംഘം പോലീസുകാര്‍ക്ക് നേരെ ആക്രമണം നടത്തിയത്. ഏറ്റുമുട്ടലില്‍ മൂന്ന് പോലീസുകാര്‍ക്ക് പരുക്കേറ്റു.
ഇസ്‌റാഈല്‍, ഫലസ്തീന്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സിനായിയില്‍ ഹുസ്‌നി മുബാറക്കിന്റെ പതനത്തിന് ശേഷം ശക്തമായ ആക്രമണങ്ങളാണ് നടന്നത്. സായുധ സംഘം നിലയുറപ്പിച്ച സിനായി മേഖലയിലെ ആക്രമണം ഇടക്കാല സര്‍ക്കാറിനും സൈന്യത്തിനും കനത്ത പ്രഹരമായിരിക്കുകയാണ്. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. പോലീസ് ബസുകള്‍ തടഞ്ഞ് നിര്‍ത്തിയതിന് ശേഷമായിരുന്നു വെടിവെപ്പ്. പോലീസുകാര്‍ സഞ്ചരിച്ച് വാഹനങ്ങള്‍ക്ക് നേരെ റോക്കറ്റ് ആക്രമണം നടന്നതായും റിപ്പോര്‍ട്ടുണ്ട്.

കൈറോ ജയിലില്‍ 36 ബ്രദര്‍ഹുഡുകാരെ വധിച്ചു

കൈറോ: സൈനിക ആക്രമണത്തില്‍ തടവുകാരായ 36 ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഞായാറാഴ്ച രാത്രി ജയിലില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച 36 ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ സൈന്യവുമായി നടന്ന ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ മെന റിപ്പോര്‍ട്ട് ചെയ്തു. വടക്കന്‍ കൈറോയിലെ അബു സബാല്‍ ജയിലിലാണ് ആക്രമണം നടന്നത്. ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ പോലീസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ടുണ്ട്. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും. ജയിലില്‍ കലാപം നടക്കുന്നതിനിടെ സൈനിക വാനില്‍ നിന്ന് ശ്വാസം മുട്ടിയാണ് ഇവര്‍ മരിച്ചതെന്ന് ബ്രദര്‍ഹുഡ് വക്താക്കള്‍ അറിയിച്ചു.