Connect with us

Kannur

മൂല്യങ്ങളിലൂടെ യുവതയെ പാകപ്പെടുത്താന്‍ വിദ്യാഭ്യാസത്തിന് കഴിയണം: ഗവര്‍ണര്‍

Published

|

Last Updated

കണ്ണൂര്‍: വിജ്ഞാന സമ്പാദനം എന്നതിനൊപ്പം മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന രീതിയില്‍ യുവതലമുറയെ പാകപ്പെടുത്തല്‍ കൂടിയാണ് വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗവര്‍ണര്‍ നിഖില്‍ കുമാര്‍. സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തണം.

അറിവും മൂല്യബോധവും കൂടി സമന്വയിക്കുമ്പോഴാണ് വിദ്യാഭ്യാസം അതിന്റെ പൂര്‍ണതയിലെത്തുന്നത്. മൂല്യങ്ങള്‍ മുറുകെ പിടിച്ചു മുന്നോട്ടു പോകുന്ന സമൂഹമാണ് രാജ്യത്തിന് ആവശ്യമെന്നും സര്‍വകലാശാലാ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പറഞ്ഞു.
കണ്ണൂര്‍ സര്‍വകലാശാലയുടെ ഡിലിറ്റ് ബിരുദദാനം സ്വാതന്ത്ര്യ സമര സേനാനി കെ മാധവന്‍, പത്മഭൂഷണ്‍ കെ പി പി നമ്പ്യാര്‍, പത്മശ്രി കെ രാഘവന്‍ മാസ്റ്റര്‍ എന്നിവര്‍ക്കു സമര്‍പ്പിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മികച്ച പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിനു മാതൃകയായവരെ മാതൃകയാക്കി യുവതലമുറ വളരണം. വളര്‍ന്നു വരുമ്പോള്‍ സമൂഹത്തിനു മാതൃകയാകാനാണ് ചെറുപ്പക്കാരുടെ തലമുറ ശ്രദ്ധിക്കേണ്ടത്.
ഇവരെ ഇത്തരത്തില്‍ വാര്‍ത്തെടുക്കാനുള്ള ബാധ്യത അധ്യാപക സമൂഹത്തിനുണ്ട്. വ്യക്തിപരമായ താത്പര്യങ്ങളും ഇഷ്ടാനിഷ്ടങ്ങളും മാറ്റിവച്ചു സമൂഹത്തിനു ഗുണകരമാകുന്ന രീതിയില്‍ വിദ്യാര്‍ഥികളെ വാര്‍ത്തെടുക്കാന്‍ അധ്യാപക സമൂഹവും തയാറാകണം.
കണ്ണൂര്‍ സര്‍വകലാശാല വളര്‍ച്ചയുടെ പാതയിലാണ്. കേരളത്തിലെ സര്‍വകലാശാലകളിള്‍ ഇളമുറക്കാരനാണെങ്കിലും ചുരുങ്ങിയ കാലത്തിനകം മികച്ച നേട്ടങ്ങള്‍ ഉണ്ടാക്കാനായിട്ടുണ്ട്. നിഖില്‍ കുമാര്‍ പറഞ്ഞു.

 

 

Latest