സുരക്ഷാ ബെല്‍റ്റ് ധരിക്കാത്ത കേസുകള്‍ ഏഴു മാസത്തിനിടെ 52,000

Posted on: August 19, 2013 8:56 pm | Last updated: August 19, 2013 at 8:56 pm
SHARE

അബുദാബി: കഴിഞ്ഞ ഏഴ് മാസങ്ങളിലായി സുരക്ഷാ ബെല്‍റ്റ് ധരിക്കാതെ വാഹനമോടിച്ച 52,324 പേരെ അബുദാബി പോലീസ് ട്രാഫിക് വിഭാഗം പിടികൂടി.
ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും പോലീസ് നല്‍കുന്ന സുരക്ഷാ ബോധവത്കരണ നിര്‍ദേശങ്ങളില്‍ പ്രഥമ പരിഗണന സുരക്ഷാ ബെല്‍റ്റ് ധരിക്കുന്നതിനാണ്.
യാത്രാ ദൂരം എത്ര കുറവായാലും വാഹനം ഓടിക്കുന്നവരും യാത്രക്കാരും ബെല്‍റ്റ് ധരിക്കണമെന്നത് കര്‍ശന നിയമമാണ്. അപകടമുണ്ടാവുമ്പോള്‍ ദുരന്ത സാധ്യത കുറക്കുകയാണ് ഈ നിര്‍ദേശത്തിന്റെ പിന്നിലുള്ളത്. നിയമം ലംഘിച്ചവര്‍ക്ക് 400 ദിര്‍ഹം പിഴയൊടുക്കേണ്ടിവരും. നാല് ട്രാഫിക് പോയിന്റും ലഭിക്കും. വാഹനങ്ങളില്‍ കുട്ടികളുണ്ടെങ്കില്‍ അവര്‍ക്കായി നിര്‍ദേശിക്കപ്പെട്ട പിന്‍ സീറ്റില്‍ മാത്രമേ അവരെ ഇരുത്താവൂ എന്ന് കേണല്‍ ഖമീസ് ഇസ്ഹാഖ് പറഞ്ഞു. ബെല്‍റ്റ് ധരിക്കുന്നത് സ്വയം സുരക്ഷക്കു വേണ്ടിയാണെന്ന ബോധം എല്ലാ ഡ്രൈവര്‍മാര്‍ക്കും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.