കറങ്ങുന്ന കെട്ടിടത്തിന് 200 കോടി ദിര്‍ഹം വേണ്ടിവരും

Posted on: August 19, 2013 8:53 pm | Last updated: August 19, 2013 at 8:53 pm
SHARE

ദുബൈ: ശൈഖ് സായിദ് റോഡിനു സമീപം വിഭാവനം ചെയ്ത കറങ്ങുന്ന കെട്ടിടത്തിനു (ഡൈനാമിക് ടവര്‍) 200 കോടി ദിര്‍ഹം ചെലവു വരുമെന്ന് വാസ്തുശില്‍പി ഡോ. ഡേവിഡ് ഫിഷര്‍ അറിയിച്ചു. റൊട്ടേറ്റിംഗ് ടവര്‍ ടെക്‌നോളജി കമ്പനി ഉടമ കൂടിയാണ് ഡോ. ഡേവിഡ് ഫിഷര്‍. ആറു ദിവസമാണ് ഒരു നില ഘടിപ്പിക്കാന്‍ വേണ്ടിവരിക. മൊത്തം 80 നിലയാണ് ഉദ്ദേശിച്ചിരിക്കുന്നത്. 480 ദിവസം കൊണ്ട് ദിവസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയും.

90 ഡിഗ്രി ചരിവുള്ള, 310 മീറ്റര്‍ ഉയരമുള്ള, ദുബൈ മറീനയിലെ കയാന്‍ ടവറിനെയും അതിശയിക്കുന്നതായിരിക്കും കറങ്ങുന്ന കെട്ടിടം. ഇതില്‍ നീന്തല്‍ കുളവും ഉദ്യാനവും കാര്‍ലിഫ്റ്റും ഉണ്ടാകും. 15 നിലകള്‍ ഹോട്ടലിനു വേണ്ടി വരും.
അതേസമയം, കെട്ടിട നിര്‍മാണത്തിനാവശ്യമായ പണം ഇതേവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നറിയുന്നു. സൗരോര്‍ജത്തില്‍ നിന്നാണ് വൈദ്യുതി ഉത്പാദിപ്പിക്കുക. കാലാവസ്ഥക്കനുസരിച്ച് കെട്ടിടത്തില്‍ ശീതീകരണി പ്രവര്‍ത്തിക്കും.