ആഭ്യന്തര വിമാനങ്ങളില്‍ ലഗേജ് കുറച്ചത് ഗള്‍ഫ് പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നു

Posted on: August 19, 2013 7:19 pm | Last updated: August 19, 2013 at 7:27 pm
SHARE

air expressമസ്‌കത്ത്. ഇന്ത്യയില്‍ ആഭ്യന്തര വിമാനങ്ങളില്‍ സൗജന്യ ലഗേജ് പരിധി വെട്ടിക്കുറച്ചത് ഗള്‍ഫില്‍നിന്നുള്ള യാത്രക്കാര്‍ക്ക് തിരിച്ചടിയാകുന്നു. കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭിക്കാനായി കണക്ഷന്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവരെയാണ് ലഗേജ് പരിഷ്‌കാരങ്ങള്‍ വെട്ടിലാക്കുന്നത്. ഇവിടെ നിന്നും മുംബൈ, ബാംഗ്ലൂര്‍ പോലുള്ള നഗരങ്ങളിലെത്തി അവിടെനിന്നും ആഭ്യന്തര വിമാനങ്ങളില്‍ യാത്ര തുടരുന്നവരില്‍നിന്നും അധിക ലഗേജിന് പണം അടക്കാന്‍ ആവശ്യപ്പെടുന്നുണ്ടെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു.
എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വെയ്‌സ്, ഇന്‍ഡിഗോ എന്നീ വിമാനങ്ങളാണ് കഴിഞ്ഞ ദിവസം ആഭ്യന്തര സര്‍വീസുകളില്‍ അനുവദിച്ചിരുന്ന ലഗേജ് പരിധി 20 കിലോയില്‍നിന്ന് 15 കിലോ ആയി കുറച്ചത്. ഗള്‍ഫില്‍നിന്നു പോകുന്ന രാജ്യാന്തര സര്‍വീസുകളിലാകട്ടെ 30 കിലോ ആണ് സൗജന്യ ലഗേജ്. പ്രമുഖ നഗരങ്ങളിലൂടെ കണക്ഷന്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ രാജ്യാന്തര ടെര്‍മിനലില്‍ ഇറങ്ങി ചെക്ക് ഔട്ട് ചെയ്ത് ലഗേജ് സ്വീകരിച്ചു വേണം ആഭ്യന്തര ടെര്‍മിനലിലെത്തി യാത്ര തുടരാന്‍. ഈ ഘട്ടത്തില്‍ ലഗേജ് കൂടുതലാണെന്നും അധിക ലഗേജിന് പണമടക്കണമെന്നും ആവശ്യപ്പെടുന്നുണ്ടെന്നാണ് പരാതി. യാത്ര പുറപ്പെടുമ്പോള്‍ തന്നെ ബാഗേജ് രേഖപ്പെടുത്തി എയര്‍ലൈനുകള്‍ ബോര്‍ഡിംഗ് പാസുകള്‍ നല്‍കുന്നുണ്ടെങ്കിലും ഇന്ത്യന്‍ എയര്‍പോര്‍ട്ടിലെത്തിയാല്‍ ബോര്‍ഡിംഗ് പാസുകള്‍ മാറ്റി നല്‍കുകയാണെന്നും ഈ ഘട്ടത്തില്‍ വീണ്ടും ലഗേജ് പരിശോധിക്കുകയാണെന്നും യാത്രക്കാര്‍ പറയുന്നു.
നേരിട്ടുള്ള വിമാനങ്ങളില്‍ 30 കിലോ കൊണ്ടുപോകാന്‍ കഴിയുമ്പോള്‍ ടിക്കറ്റ് നിരക്കിലെ കുറവ് പരിഗണിച്ച് കണക്ഷന്‍ വിമനത്തില്‍ യാത്ര ചെയ്യാന്‍ തയാറാകുന്നവര്‍ക്കാണ് വിമാനങ്ങളുടെ ചിറ്റമ്മ നയം തലവേദന സൃഷ്ടിക്കുന്നത്. ഗള്‍ഫ് നാടുകളിലെ വിമാനങ്ങള്‍ നല്‍കുന്ന ഒറ്റത്തവണ ചെക്ക് ഇന്‍ സമ്പ്രദായം നടപ്പിലാക്കത്തതാണ് പ്രധാന പ്രശ്‌നമെന്ന് മസ്‌കത്തിലെ ട്രാവല്‍ ഏജന്‍സി ജീവനക്കാരന്‍ പറഞ്ഞു. ഗള്‍ഫ് നഗരങ്ങളിലൂടെ കണക്ഷന്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് യാത്ര അവസാനിക്കുമ്പോള്‍ മാത്രം ലഗേജ് സ്വീകരിച്ചാല്‍ മതി. ഇന്ത്യയില്‍ എയര്‍ ഇന്ത്യ ഉള്‍പെടെയുള്ള വിമാനങ്ങള്‍ ഈ സൗകര്യം നല്‍കുന്നില്ല.
ടിക്കറ്റ് നിരക്കിലെ ഭീമമായ വ്യത്യാസം കാരണം കേരളത്തിലേക്കുള്ള നിരവധി യാത്രക്കാര്‍ ഇപ്പോള്‍ എയര്‍ ഇന്ത്യ, ജെറ്റ് തുടങ്ങിയ വിമാനങ്ങളില്‍ മുംബൈ, ചെന്നൈ, ബാംഗ്ലൂര്‍ നഗരങ്ങള്‍ വഴി യാത്ര ചെയ്യാന്‍ സന്നദ്ധമാകുന്നുണ്ട്. നേരത്തെ എയര്‍ ഇന്ത്യ 40 കിലോ ലഗേജ് അനുവദിച്ചിരുന്നത് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിച്ചിരുന്നു. എന്നാല്‍ ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ഇതു നിര്‍ത്തലാക്കി. ഗള്‍ഫില്‍നിന്നും കണക്ഷന്‍ വിമാനത്തില്‍ യാത്ര ചെയ്തപ്പോള്‍ എയര്‍ ഇന്ത്യ ലഗേജ് നിയന്ത്രണം ഏര്‍പെടുത്തിയിരുന്നില്ലെന്നും പുതിയ പരിഷ്‌കാരത്തെപ്പറ്റി അറിയില്ലെന്നും മാസങ്ങള്‍ക്കു മുമ്പ് ചെന്നൈ വഴി കൊച്ചിയിലേക്കു പോയ തൃശൂര്‍ സ്വദേശി അലി പറഞ്ഞു.
അതിനിടെ ഈ മാസം 22 മുതല്‍ ടിക്കറ്റെടുക്കുന്നവര്‍ക്ക് സൗജന്യ ലഗേജ് 10 കിലോ വെട്ടുക്കുറക്കാനുള്ള എയര്‍ ഇന്ത്യാ എക്‌സപ്രസിന്റെ തീരുമാനത്തിനെതിരെ പ്രവാസലോകത്തുനിന്നും പ്രതിഷേധം കനക്കുന്നുണ്ട്. വിവിധ ഗള്‍ഫ് നാടുകളില്‍നിന്നും എയര്‍ ഇന്ത്യ തീരുമാനം തിരുത്താനാവശ്യപ്പെട്ട് സമരങ്ങള്‍ രൂപപ്പെട്ടു വരികയാണ്. പ്രതിഷേധത്തെത്തുടര്‍ന്ന് പത്തു കിലോ ലഗേജ് അഞ്ചു റിയാല്‍ നിരക്കില്‍ കൊണ്ടു പോകാന്‍ അനുവദിക്കുമെന്ന് സിവില്‍ വ്യോമയാന സഹമന്ത്രി കെ സി വേണുഗോപാല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിലും തൃപ്തരാകാതെയാണ് പ്രവാസി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തു വരുന്നത്. ഭാരം കുറച്ച് കൂടുതല്‍ യാത്രക്കാരെ കൊണ്ടുപോകുക വഴി ടിക്കറ്റ് നിരക്ക് കുറക്കാനാകുമെന്ന കാരണം പറഞ്ഞാണ് എക്‌സ്പ്രസില്‍ ലഗേജ് കുറക്കാന്‍ തീരുമാനിച്ചത്. ഗള്‍ഫില്‍ സര്‍വീസ് നടത്തുന്ന എയര്‍ അറേബ്യ, ഫ്‌ളൈ ദുബൈ, ഇന്ത്യയുടെ ഇന്‍ഡിഗോ തുടങ്ങിയ ബജറ്റ് വിമാനങ്ങള്‍ നേരത്തെ തന്നെ സൗജന്യ ബാഗേജ് നയന്ത്രിച്ചിരുന്നു.