വ്യവസായികള്‍ റബ്ബര്‍ വില ഇടിച്ചു; സ്വര്‍ണം കുതിക്കുന്നു

Posted on: August 19, 2013 2:06 pm | Last updated: August 19, 2013 at 2:06 pm
SHARE

കൊച്ചി: ടയര്‍ വ്യവസായികള്‍ റബ്ബര്‍ വില ഇടിച്ചത് ഉത്പാദകരെ ഞെട്ടിച്ചു. ചിങ്ങം പിറന്നതോടെ നാളികേരോത്പന്നങ്ങള്‍ക്ക് പ്രിയമേറി. ഉത്പാദന മേഖലയില്‍ നിന്നുള്ള കുരുമുളക് വരവ് ചുരുങ്ങിയിരിക്കുകയാണ്. ഇറക്കുമതി ഡ്യൂട്ടി വര്‍ധിപ്പിച്ചതും ആഗോള സ്വര്‍ണ വിപണിയുടെ മുന്നേറ്റവും പവനെ 23,000 രൂപയില്‍ എത്തിച്ചു.
ടയര്‍ വ്യവസായികള്‍ സംഘടിതരായി സംസ്ഥാത്തെ മുഖ്യ വിപണികളില്‍ ഷീറ്റു വില ഇടിച്ചു. കാലാവസ്ഥ തെളിഞ്ഞതോടെ റബ്ബര്‍ വെട്ടിന് അനുകല സാഹചര്യം ഒരുങ്ങിയത് മുന്‍ നിര്‍ത്തിയാണ് വ്യവസായികള്‍ നാലാം ഗ്രേഡിന്റ വില 900 രൂപ കുറച്ചത്. റബ്ബര്‍ ഉത്പാദനം ഉയരുമെന്ന വിലയിരുത്തലിലാണ് കമ്പനിക്കാര്‍. നാലാം ഗ്രേഡ് 19,600 ല്‍ നിന്ന് വാരാന്ത്യം 18,700 ലേക്ക് ഇടിഞ്ഞു. 19,100 ല്‍ നിന്ന് അഞ്ചാം ഗ്രേഡ് റബ്ബര്‍ 18,400 രൂപയായി. അതേസമയം, തുടര്‍ച്ചയായ മുന്നാം വാരത്തിലും ലാറ്റക്‌സ് 15,800 ലാണ്. കൊച്ചിയില്‍ 600 ടണ്‍ റബ്ബര്‍ മാത്രമാണ് വില്‍പ്പനയ്ക്ക് ഇറങ്ങിയത്.
ചിങ്ങം പിറന്നതോടെ നാളികേരോത്പന്ന വിപണി സജീവമായി. പ്രാദേശിക വിപണികളില്‍ നിന്ന് വെളിച്ചെണ്ണക്ക് ആവശ്യക്കാര്‍ എത്തിതോടെ വെളിച്ചെണ്ണ വിപണി 7050 ല്‍ നിന്ന് 7300 രൂപയായി. ഓണ ഡിമാന്‍ഡ് കണക്കിലെടുത്താല്‍ 7700 ലേക്ക് എണ്ണ വിപണി ചുവടുവെക്കാം. കൊപ്ര 4925 രൂപയില്‍ നിന്ന് 5100 രൂപയായി.
ഇന്ത്യന്‍ കുരുമുളകിന് പുതിയ ആവശ്യക്കാര്‍ എത്താത്തത് പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ശ്രീലങ്ക താഴ്ന്ന നിരക്കില്‍ ക്വട്ടേഷന്‍ ഇറക്കിയതാണ് ആഭ്യന്തര ചരക്കിന്റെ ഡിമാന്‍ഡ് മങ്ങാന്‍ കാരണം. ഇന്ത്യ വില 7250 ഡോളറില്‍ നീങ്ങുമ്പോള്‍ 5800 നാണ് ശ്രീലങ്ക കുരുമുളക് ഇറക്കുന്നത്. വിയറ്റ്‌നാം 6800 ഡോളറിനും ബ്രസീല്‍ 6400 ഡോളിറിനും ചരക്ക് വാഗ്ദാനം ചെയ്തു. പെരുന്നാള്‍ ആഘോഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്തോനേഷ്യയില്‍ വിളവെടുപ്പ് പ്രതീക്ഷിച്ച തോതില്‍ പുരോഗമിച്ചിട്ടില്ല. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 41,100 രൂപയില്‍ നിന്ന് 42,000 രൂപയായി.
അറബ് രാജ്യങ്ങളില്‍ നിന്ന് ചുക്കിന് വൈകാതെ ആവശ്യക്കാര്‍ എത്തുമെന്ന പ്രതീക്ഷയിലാണ് കയറ്റുമതിക്കാര്‍. വിവിധയിനം ചുക്ക് 15,000-16,000 രൂപയിലാണ്.
ആഭരണ വിപണികളില്‍ സ്വര്‍ണത്തിന് തിളക്കമേറി. പോയവാരം പവനു 1720 രൂപ വര്‍ധിച്ചു. 21,320 ല്‍ വിപണനം തുടങ്ങിയ പവന്‍ 23,040 ല്‍ എത്തി. സ്വര്‍ണത്തിന്റെ ഇറക്കുമതി ഡ്യുട്ടി പത്ത് ശതമാനമായി കേന്ദ്രം വര്‍ധിപ്പിച്ചു. ലണ്ടനില്‍ സ്വര്‍ണ വില ഔണ്‍സിന് 1314 ഡോളറില്‍ നിന്ന് 1377 ഡോളറായി.