വളവന്നൂര്‍ സി എച്ച്‌സിയില്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്ന ആവശ്യം ശക്തമാകുന്നു

Posted on: August 19, 2013 9:34 am | Last updated: August 19, 2013 at 9:34 am
SHARE

കല്‍പകഞ്ചേരി: രോഗികളുടെ പ്രയാസമകറ്റാന്‍ കടുങ്ങാത്തുകുണ്ടില്‍ പ്രവര്‍ത്തിക്കുന്ന വളവന്നൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തണമെന്ന ആവശ്യം ശക്തമാകുന്നു. നാലു ഡോക്ടര്‍മാര്‍ വേണ്ടിടത്ത് രണ്ട് പേര്‍ മാത്രമാണുള്ളത്. ഇതില്‍ ഒരു ഡോക്ടറുടെ സേവനമാണ് മിക്ക ദിവസങ്ങിലും ഈ ആരോഗ്യ കേന്ദ്രത്തിലുണ്ടാകുകയെന്ന് രോഗികള്‍ പരാതിപ്പെടുന്നു. ദിനം പ്രതി നൂറുകണക്കിന് രോഗികളാണ് ഈ ആരോഗ്യ കേന്ദ്രത്തിലെത്തിലെത്തുന്നത്.
എന്നാല്‍ ഇവിടെ ചികിത്സ തേടിയെത്തുന്ന രോഗികളുടെ ആധിക്യവും ഡോക്ടര്‍മാരുടെ കുറവും കാരണം ഒട്ടേറെ പേര്‍ക്ക് ചികിത്സ ലഭിക്കാതെ നിരാശയോടെ മടങ്ങേണ്ട ദുരവസ്ഥയാണുള്ളത് .പനിയും മറ്റു സാംക്രമിക രോഗങ്ങളും പടര്‍ന്ന് പിടിക്കുന്ന നിലവിലെ സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ കുറവ് രോഗികള്‍ക്ക് ഇരുട്ടടിയായിട്ടുണ്ട്. കുട്ടികളും സ്ത്രീകളും വയോധികരടക്കമുള്ളവരാണ് ഈ അരോഗ്യ കേന്ദ്രത്തെ ആശ്രയിക്കുന്ന രോഗികള്‍ ഏറെയും. ഇതിന് പുറമെ ഡോക്ടര്‍മാര്‍ കൃത്യനിഷ്ടത പാലിക്കുന്നില്ലെന്ന ആക്ഷേപവും രോഗികള്‍ക്കിടയില്‍ ശക്തമാണ്. ഡോക്ടര്‍മാരെ അടിയന്തരമായി നിയമിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മയ്യേരിച്ചിറ ദേശം സാംസ്‌കാരിക സമിതി എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. പി സി ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു. എം വി സഹദേവന്‍, സി പി രാധാകൃഷ്ണന്‍, പി ഹമീദ്, കെ കെ മുഹമ്മദ്, കെ കെ സിദ്ദീഖ് പ്രസംഗിച്ചു.