രാജന്‍ മാഷിന്റെ ശില്‍പ്പങ്ങള്‍ ഇനിയും കണ്ണുകള്‍ക്ക് കൗതുകം പകരും

Posted on: August 19, 2013 9:26 am | Last updated: August 19, 2013 at 9:26 am
SHARE

വണ്ടൂര്‍: നശിച്ചുപോയെന്ന് കരുതിയ തന്റെ ശില്‍പ്പങ്ങള്‍ക്ക് ശിഷ്യനിലൂടെ പുനര്‍ ജന്മമേകാനായതിന്റെ സന്തോഷത്തിലാണ് രാജന്‍ മാഷ്. പത്ത് വര്‍ഷം മുമ്പ് നിര്‍മിച്ച ശില്‍പ്പങ്ങള്‍ ഇത്രയും കാലം സംരക്ഷിക്കാനാളില്ലാത്ത അവസ്ഥയിലായിരുന്നു. കടക്കണെയില്‍പെട്ട് ശില്‍പ്പ വിദ്യ പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നതിന്റെയും കടബാധ്യതയുടെയും കദന കഥകളുണ്ടെങ്കിലും താനുണ്ടാക്കിയ ശില്‍പ്പങ്ങള്‍ സംരക്ഷിക്കാന്‍ പ്രിയ ശിഷ്യനും തന്റെ സ്‌കൂളിലെ മാനേജരും രംഗത്തെത്തിയിരിക്കുന്നു. പഴയ കാല ശിഷ്യനും ശില്‍പ്പിയുമായ വേണുദാസനാണ് ഇപ്പോള്‍ ഈ ശില്‍പ്പങ്ങള്‍ക്ക് പുതു ജീവന്‍ പകരുന്നത്. എളങ്കൂര്‍ ചാരങ്കാവ് സ്‌കൂളിലെ ചിത്രകലാ അധ്യാപകനാണ് രാജന്‍ കുറ്റിയാടി എന്ന രാജന്‍ മാഷ്.
അസാധാരണ ഒരു ചിത്രകലാ അധ്യാപകന്‍ എന്നതിനപ്പുറത്തേക്ക് ഇദ്ദേഹം തന്റെ ക്യാന്‍വാസ് വികസിപ്പിച്ചു. ചിത്രകലയായാലും ഏത് കലകളായാലും ക്ലാസ് മുറിയുടെ നാല് ചുമരുകളില്‍ ഒതുങ്ങേണ്ടതല്ലെന്നായിരുന്നു രാജന്‍ മാഷുടെ കാഴ്ചപ്പാട്. ചിത്രകലയില്‍ വലിയ താത്പര്യമുള്ള കുട്ടികള്‍ക്ക് അവധി ദിവസങ്ങളില്‍ മാഷ് പ്രത്യേക പരിശീലനം കൊടുത്തു. വരുന്ന കുട്ടികള്‍ക്കെല്ലാം ഇരിക്കാനുള്ള സൗകര്യം മാഷുടെ ചെറിയ മുറിയില്‍ ഉണ്ടായിരുന്നില്ല.
താമസ സ്ഥലത്തോട് ചേര്‍ന്നുള്ള സ്ഥലം അന്ന് കാടുമൂടി കിടക്കുകയായിരുന്നു. ഒരു ഏക്കറോളം വരുന്ന ഈ സ്ഥലം ഉടമസ്ഥനില്‍ നിന്ന് പാട്ടെത്തിനെടുത്തു. ഇവിടെ സിമന്റില്‍ വലിയ വട്ടമേശയും ഇരിപ്പിടങ്ങളും തയ്യാറാക്കി. പിന്നീട് കുട്ടികളുടെ ചിത്രകലാപരിശീലനവും ഇവിടെയായി. ചിത്രകലയില്‍ മാത്രം ഒതുങ്ങി നില്‍ക്കാന്‍ രാജന്‍ മാഷുടെ ഉള്ളിലെ കലകാരന്‍ സമ്മതിച്ചില്ല. ഒരു നാള്‍ വീട്ടിലിരിക്കുമ്പോള്‍ ഒരു പുലിയുടെ ശില്‍പ്പമുണ്ടാക്കി നോക്കി. സംഗതി ‘ക്ലിക്ക’ായതോടെ ശില്‍പ്പ വിദ്യ വികസിപ്പിക്കാന്‍ തന്നെ തീരുമാനിച്ചു. അങ്ങനെയാണ് തന്റെ സാമ്പാദ്യവും ബേങ്കില്‍ നിന്ന് ലോണെടുത്തും കടം വാങ്ങിയും തന്റെ ചിത്ര കലാകേന്ദ്രത്തെ ഒരു ശില്‍പ്പകല പാര്‍ക്ക് ആയി ഉയര്‍ത്തിയത്.
ശിഷ്യന്മാരായ കൃഷ്ണനും വേണുദാസനും ബാബുരാജും എല്ലാത്തിനും കൂടെ നിന്നു. പാര്‍ക്കില്‍ പതിയെ ശില്‍പ്പങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. കാട്ടിലെ മാനുകളെ കണ്ട് വഴിയെ പോകുന്നവരെല്ലാം പാര്‍ക്കിലേക്ക് തിരിച്ചു. സര്‍ഗചിത്ര എന്നായിരുന്നു പാര്‍ക്കിന്റെ പേര്. പ്രവേശന കവാടത്തില്‍ നിര്‍മിച്ച നായയെ കണ്ട് പേടിച്ചവരും ഉണ്ട്. പാര്‍ക്കില്‍ നിന്നും പുറത്തേക്ക് തലയുയര്‍ത്തി ദിനോസറും വളര്‍ന്നതോടെ സന്ദര്‍ശകരുടെ എണ്ണവും കൂടി. തവളകളും താറാവുകളും തുടങ്ങി പാമ്പുകളും. കുളത്തിലെ വെള്ളത്തില്‍ നിന്ന് നിലവിളിക്കുന്ന യുവാവിന്റെ ശില്‍പ്പം കണ്ട് കാണികളെ ഏറെ ആകര്‍ഷിച്ചു. അങ്ങനെ ഒട്ടനവധി ശില്‍പ്പങ്ങള്‍. സിമന്റും കമ്പിയുമുപയോഗിച്ച് നിര്‍മ്മി്ച്ച ശില്‍പ്പങ്ങള്‍ക്ക് ചായവും മിഴിവേകി.
എന്നാല്‍ ആ സന്തോഷത്തിന് ഒരു വര്‍ഷത്തെ ആയുസ് മാത്രമെ ഉണ്ടായിരുന്നുള്ളൂ. സ്ഥലത്തിന്റെ ഉടമ മരണപ്പെട്ടതിനെ മക്കള്‍ സ്ഥലം ഓഹരിവെച്ചതോടെ അദ്ദേഹത്തിന് പാര്‍ക്കിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിവന്നു. അവസാനം ശില്‍പ്പങ്ങളില്‍ പലതും സ്വന്തം വീടായ കുറ്റിയാടിയിലേക്കും ചിലത് സ്‌കൂളിലേക്കും മാറ്റി. പാര്‍ക്ക് പെട്ടെന്ന് മാറ്റിയത് മാഷെ കടക്കെണിയിലാക്കി.
താനുണ്ടാക്കിയ ശില്‍പ്പങ്ങള്‍ കണ്ട് താത്പര്യമുള്ള ആര്‍ക്കെങ്കിലും നിര്‍മ്മിച്ചു നല്‍കാനും രാജന്‍ മാഷ് ആഗ്രഹിച്ചിരുന്നു. അപ്പോഴേക്കും പാര്‍ക്ക് മാറ്റേണ്ടി വന്നു. ലോണുകള്‍ തിരിച്ചടക്കാന്‍ സ്‌കൂള്‍ ശമ്പളം മതിയാകാതെ വന്നു. കണ്ണൂര്‍ വിസ്മയ പാര്‍ക്കിലെ ശില്‍പ്പങ്ങളെല്ലാം മാഷും ശിഷ്യന്മാരുമാണ് നിര്‍മിച്ചത്. കോഴിക്കോട് ടൂറിസം വകുപ്പിന്റെ ഒരു ജോലിയും കിട്ടിയെങ്കിലും പിന്നീട് കാര്യമായ അവസരങ്ങളൊന്നുമുണ്ടായില്ല.
അറ്റകുറ്റപണി നടത്താത്തതിനാലും സംരക്ഷിക്കാനും ആരുമില്ലാതെ മഴയും വെയിലുമേറ്റ് ചാരങ്കാവ് സ്‌കൂളിലെ ശില്‍പ്പങ്ങള്‍ നശിക്കുകയാണ്. കൂടെ കടബാധ്യത ഇപ്പോള്‍ ഇരുപത് ലക്ഷം കഴിഞ്ഞിരിക്കുന്നു. ശില്‍പ്പങ്ങള്‍ക്ക് ആവശ്യക്കാരായി ആരുമില്ല. ഇനി കടം വീട്ടാന്‍ കിടപ്പാടം വില്‍ക്കാനുള്ള ആലോചനയിലാണെന്ന് പറയുമ്പോള്‍ രാജന്‍ മാഷുടെ കണ്ണുകള്‍ ഈറനണിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here