Connect with us

Malappuram

കരയിടിച്ചില്‍: എടവണ്ണ സീതിഹാജി പാലം അപകട ഭീഷണിയില്‍

Published

|

Last Updated

മലപ്പുറം: ചാലിയാര്‍ പുഴയുടെ വശങ്ങളില്‍ കരയിടിച്ചില്‍ രൂക്ഷമായതോടെ എടവണ്ണ സീതിഹാജി പാലം അപകടഭീഷണിയിലാകുന്നു. മലയോര മേഖലയായ ചാത്തല്ലൂര്‍, ഒതായി, കൊളപാട് തുടങ്ങിയ ഇരുപതോളം പ്രദേശങ്ങളിലുള്ള ആയിരക്കണക്കിനാളുകളും യാത്രക്കാരും എടവണ്ണയിലെത്താന്‍ ആശ്രയിക്കുന്ന ഏക റോഡ് മാര്‍ഗ്ഗമാണിത്. ആഴ്ചകളോളം നീണ്ട ശക്തമായ മഴയില്‍ ചാലിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതും നേരത്തെ സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ ഏര്‍പ്പെടുത്താതിരുന്നതിനാല്‍ അടിയൊഴുക്ക് കൂടിയതുമാണ് പാലത്തിന്റെ വശങ്ങളിലുള്ള കരയിടിഞ്ഞ് പുഴയില്‍ പതിക്കാന്‍ കാരണമായത്.
കഴിഞ്ഞ മഴക്കാലത്തുതന്നെ പാലത്തിന് സമീപത്തെ ഭിത്തിയിടിച്ചില്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നെങ്കിലും ദീര്‍ഘവീക്ഷണത്തോടെയുള്ള ഒരു പരിഹാര മാര്‍ഗ്ഗവും സ്വീകരിച്ചില്ല. ഇതാണ് ഇത്തവണ കരയിടിച്ചില്‍ കൂടുതല്‍ രൂക്ഷമാക്കിയത്. പാലത്തിന്റെ തൂണുകള്‍ക്ക് കരിങ്കല്ലുകൊണ്ട് സംരക്ഷണഭിത്തി നിര്‍മ്മിച്ച് പാലത്തിന്റെ തകര്‍ച്ചാഭീഷണി ഒഴിവാക്കേണ്ടത് ആവശ്യമാണെങ്കിലും ലക്ഷങ്ങളുടെ ഫണ്ട് വകയിരുത്താനില്ലാത്തതിനാല്‍ പഞ്ചായത്ത് അധികൃതര്‍ക്ക് പ്രശ്നത്തില്‍ ഇടപെടാനായില്ല. റിവര്‍ മാനേജ്മെന്റ് ഫണ്ട് ലഭ്യമാക്കി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച റോഡ്സ് ആന്റ് റിവര്‍ മാനേജ്മെന്റ് സംഘവും എം.എല്‍.എയും ഇവിടം സന്ദര്‍ശിച്ച് താല്‍ക്കാലിക പ്രശ്നപരിഹാരത്തിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. മണല്‍ചാക്കുകള്‍ നിരത്തി പാലത്തിന്റെ തൂണുകള്‍ക്ക് താല്‍ക്കാലിക സംരക്ഷണ ഭിത്തി നിര്‍മ്മിക്കാനുള്ള പ്രവൃത്തികള്‍ ആരംഭിച്ചു. എന്നാല്‍ കര പുഴയിലേക്ക് ഇടിഞ്ഞുകൊണ്ടിരിക്കുന്ന പ്രശ്നം പരിഹരിക്കാനും പാലത്തിന്റെ തൂണുകള്‍ക്ക് സ്ഥിരം സംരക്ഷണത്തിനുള്ള കരിങ്കല്‍ഭിത്തി നിര്‍മ്മിക്കാനും പദ്ധതിയൊരുക്കി പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

Latest