ലീഗ്- കോണ്‍ഗ്രസ് തര്‍ക്കം; വൈദ്യുതി സെക്ഷന്‍ ഓഫീസിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റി

Posted on: August 19, 2013 9:21 am | Last updated: August 19, 2013 at 9:21 am
SHARE

കരുവാരക്കുണ്ട്: മേഖലയില്‍ ഏതാനും മാസങ്ങളായി നിലനില്‍ക്കുന്ന മുസ്‌ലിം ലീഗ്- കോണ്‍ഗ്രസ് ശീതസമരം വൈദ്യുതി സെക്ഷന്‍ ഓഫീസ് പൊളിക്കുന്നതുവരെയെത്തി.
സെക്ഷന്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് നമ്പര്‍ നല്‍കുന്നില്ലെന്ന ഗ്രാമപഞ്ചായത്ത് നിലപാടിനെ തുടര്‍ന്നാണ് ഇറക്കി നിര്‍മിച്ച കെട്ടിട’ഭാഗം പൊളിച്ചുനീക്കേണ്ടി വന്നിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദവിയെച്ചൊല്ലി ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ ഉടലെടുത്ത ‘ഭിന്നത കൂടുതല്‍ രൂക്ഷമായി. വര്‍ഷങ്ങളായുള്ള മുറവിളിക്കൊടുവിലാണ് കാളികാവ് വൈദ്യുതി സെക്ഷന്‍ ഓഫീസ് വിഭജിച്ച് കരുവാരക്കുണ്ട് സെക്ഷന്‍ ഓഫീസ് അനുവദിച്ചത്. ഓഫീസിന്റെ സ്ഥലം, ഉദ്ഘാടനം എന്നിവ സംബന്ധിച്ച് ലീഗും കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.
കോണ്‍ഗ്രസിന്റെ വകുപ്പ് എന്നതിനാല്‍ കാര്യങ്ങള്‍ തീരുമാനിച്ചത് കോണ്‍ഗ്രസ് തന്നെയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചും ഉദ്ഘാടന പരിപാടി കോണ്‍ഗ്രസ് പരിപാടിയാക്കിയെന്ന് ആരോപിച്ചും ലീഗ് നേതൃത്വവും പ്രവര്‍ത്തകരും ഉദ്ഘാടനത്തില്‍ നിന്നും വിട്ടുനിന്നിരുന്നു. ഇതിന് മറുപടിയെന്നോണമാണ് ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് ലീഗിന് മേല്‍ക്കൈയുള്ള ഗ്രാമപഞ്ചായത്ത് നമ്പര്‍ നിഷേധിച്ചതെന്നാണ് കോണ്‍ഗ്രസ് ആരോപണം.
കെട്ടിടത്തിന്റെ ഇറക്കിയ ‘ഭാഗം എപ്പോള്‍ വേണമെങ്കിലും പൊളിച്ചുമാറ്റന്‍ തയാറാണെന്ന് ഉടമ രേഖാമൂലം എഴുതി നല്‍കിയിട്ടും പ്രസ്തുത ‘ഭാഗം പൊളിക്കാതെ നമ്പര്‍ നല്‍കില്ലെന്ന് ഗ്രാമപഞ്ചായത്ത് ശഠിച്ചു. ഇതോടെ കെട്ടിടം ‘ഭാഗികമായി പൊളിക്കേണ്ടി വന്നു. ഇത് മഴക്കാലത്ത് ഓഫീസ് പ്രവര്‍ത്തനത്തെ ബാധിച്ചിരിക്കുകയാണ്.