എയര്‍ ഇന്ത്യ ലഗേജ് നയം പിന്‍വലിക്കണം: കാന്തപുരം

Posted on: August 18, 2013 11:14 pm | Last updated: August 18, 2013 at 11:14 pm
SHARE

ദുബൈ: പ്രവാസി യാത്രക്കാരെ നിരന്തരം പ്രയാസപ്പെടുത്തുന്ന എയര്‍ ഇന്ത്യ ലഗേജ് പരിധി 20 കിലോയായി കുറച്ച നടപടി പിന്‍വലിക്കണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു.
ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ നടക്കുന്ന അന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധിയായി പങ്കെടുക്കാന്‍ പോകവേയാണ് കാന്തപുരം എയര്‍ ഇന്ത്യ അധികൃതരോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
പ്രവാസി യാത്രക്കാരുടെ വിശ്വാസം തിരിച്ചുപിടിക്കാന്‍ കഴിയുന്ന രീതിയില്‍ പുതിയ തീരുമാനം പുനഃപരിശോധിക്കണം. സമയനിഷ്ഠയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അധികൃതര്‍ ബന്ധപ്പെട്ടവര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി സേവനം കുറ്റമറ്റതാക്കണം. ഇന്ത്യയില്‍ തിരിച്ചെത്തിയാലുടന്‍ ബന്ധപ്പെട്ട വകുപ്പ് മന്ത്രാലയത്തെയും എയര്‍ ഇന്ത്യ അധികൃതരെയും നേരില്‍ കണ്ട് ആവശ്യം അറിയിക്കുകയും ചെയ്യും.
ഈ വിഷയത്തില്‍ നടക്കുന്ന നിയമാനുസൃതമായ മുഴുവന്‍ സമരങ്ങളിലും പ്രതിഷേധ പരിപാടികളിലും താന്‍ നേതൃത്വം നല്‍കുന്ന സംഘടനകളുടെ മുഴുവന്‍ പിന്തുണയും അദ്ദേഹം ഉറപ്പു നല്‍കി.