Connect with us

Kerala

മദ്യപാന ആസക്ത രോഗികളുടെ എണ്ണം കൂടി: എല്ലാ ജില്ലകളിലും ലഹരി വിമുക്ത കേന്ദ്രങ്ങള്‍

Published

|

Last Updated

കണ്ണൂര്‍: സംസ്ഥാനത്ത് മദ്യപാനവും മദ്യപാനവുമായി ബന്ധപ്പെട്ട രോഗങ്ങളും ഗുരുതരമായ സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും സര്‍ക്കാര്‍ ലഹരി വിമുക്ത കേന്ദ്രങ്ങള്‍ തുടങ്ങുന്നു. ആദ്യ ഘട്ടത്തില്‍ ഏതാനും ജില്ലാ ആശുപത്രികള്‍ കേന്ദ്രീകരിച്ച് തുടങ്ങിയ കേന്ദ്രങ്ങള്‍ സംസ്ഥാനമാകെ വ്യാപിപ്പിക്കാനാണ് പദ്ധതി.

ദേശീയ തലത്തില്‍ കേരളത്തിലെ മദ്യപാന നിരക്ക് പേടിപ്പെടുത്തുന്ന രീതിയില്‍ കൂടുന്നതിന്റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ വര്‍ഷം ലഹരി വിമുക്ത കേന്ദ്രം എന്ന ആശയത്തിന് ആരോഗ്യവകുപ്പ് രൂപം നല്‍കിയത്. മദ്യ ഉപഭോക്താക്കള്‍ക്കിടയില്‍ 20 ശതമാനം പേര്‍ അമിത മദ്യാസക്തി കാരണം ചികിത്സ വേണ്ടി വരുന്നവരാണെന്നാണ് ഔദ്യോഗിക കണക്ക്. ഇവരില്‍ അഞ്ച് ശതമാനം പേര്‍ക്ക് ശാരീരിക രോഗം കാരണം മറ്റു ചികിത്സയും വേണ്ടി വരുന്നുണ്ട്.
ഈ അഞ്ച് ശതമാനക്കാരെ ചികിത്സക്കായി പ്രതീക്ഷിച്ചാണ് ലഹരിമുക്ത കേന്ദ്രങ്ങള്‍ തിരുവനന്തപുരം, കണ്ണൂര്‍, കൊല്ലം തുടങ്ങിയ ജില്ലകളില്‍ ആദ്യ ഘട്ടം ആരംഭിച്ചത്. എന്നാല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങി മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ പ്രതീക്ഷച്ചതിലുമധികം രോഗികളാണ് എത്തിച്ചേര്‍ന്നത്. ആഴ്ചയില്‍ കുറഞ്ഞത് 12 പേരെങ്കിലും മദ്യപാനവുമായി ബന്ധപ്പെട്ട ഗുരുതര അസുഖങ്ങള്‍ക്ക് ജില്ലകളിലെ ലഹരിമുക്ത കേന്ദ്രങ്ങളിലെത്തിച്ചേരുന്നുണ്ട്.
അപസ്മാരം, ശാരീരിക ക്ഷമതയില്ലായ്മ, ഉറക്കക്കുറവ്, ഭയം, മതിഭ്രമം, കാഴ്ച മങ്ങുന്ന അസുഖം തുടങ്ങിയ ലക്ഷണങ്ങളുമായാണ് രോഗികള്‍ ഇത്തരം കേന്ദ്രങ്ങളിലെത്താറുള്ളതെന്ന് കണ്ണൂരില്‍ ചികിത്സക്ക് നേതൃത്വം നല്‍കിയ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ജസാര്‍ പറയുന്നു.
സാധാരണക്കാരും പാവപ്പെട്ടവരുമായ 30നും 50നും ഇടയിലുള്ളവരാണ് ഏറെയും ചികിത്സക്കെത്തുന്നവര്‍. 10 മുതല്‍ 15 വര്‍ഷം വരെ തുടര്‍ച്ചയായി മദ്യപിക്കുന്നതു കൊണ്ടാണ് ഗുരുതര രോഗങ്ങള്‍ ഇവര്‍ക്കുണ്ടാകാന്‍ കാരണമെന്ന് മനോരോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് നേരത്തെ മെഡിക്കല്‍ കോളജുകള്‍ മാത്രം കേന്ദ്രീകരിച്ച് തുടങ്ങിയ ലഹരിമുക്ത കേന്ദ്രങ്ങള്‍ എല്ലാ ജില്ലയിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
മറ്റ് വിഭാഗത്തിലെ രോഗികളെപ്പോലെ തന്നെ കിടത്തി ചികിത്സിക്കാനുള്ള സംവിധാനമുള്‍പ്പെടെ ലഹരി മുക്ത കേന്ദ്രങ്ങളിലുണ്ടാകും. ഓരോ കേന്ദ്രത്തിനും ഒരു കോടി രൂപയാണ് അനുവദിക്കുന്നത്. തുടക്കത്തില്‍ പത്ത് കിടക്കകളാണുണ്ടാകുക. സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് എന്നിവര്‍ക്കു പുറമെ നഴ്‌സുമാരെയും നിയോഗിക്കും. കണ്ണൂരിലുള്‍പ്പെടെ നേരത്തെ കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ നിര്‍മാണം പുരോഗമിക്കുന്നുണ്ട്. കാസര്‍കോട്, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലും ഉടന്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും.
അതേസമയം, സംസ്ഥാനത്ത് സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിമുക്ത കേന്ദ്രങ്ങളിലും ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. താങ്ങാനാകാത്ത ഫീസുണ്ടെങ്കിലും പലയിടത്തും സാധാരണക്കാര്‍ വരെ ചികിത്സക്കായെത്തുന്നു.
പത്ത് ദിവസത്തേക്കുള്ള ചികിത്സക്ക് ചിലയിടങ്ങളില്‍ പതിനായിരത്തില്‍ പരം രൂപ ഈടാക്കുന്നുണ്ട്. എന്നാല്‍ ഇവിടെ എത്തുന്ന അഞ്ച് ശതമാനം പേര്‍ക്കെങ്കിലും രോഗത്തിന്റെ ഗുരുതരാവസ്ഥ കാരണം ചികിത്സ ഫലിക്കുന്നില്ലെന്നും പറയപ്പെടുന്നു.
സംസ്ഥാനത്തെ യുവാക്കള്‍ക്കിടയില്‍ മദ്യപാനം കൂടിവരുന്നതായി ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പാശ്ചാത്യ സംസ്‌കാരത്തിന്റെ സ്വാധീനമാണ് മദ്യപാനം വര്‍ധിക്കാന്‍ കാരണമായി പറയുന്നത്.
യുവാക്കളുടെ മദ്യപാനത്തില്‍ 60 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. പ്രധാന നഗരങ്ങളിലാണ് ഇതു സംബന്ധിച്ച സര്‍വേ നടത്തിയത്. കോളജ് ഹോസ്റ്റലുകളിലും മറ്റും താമസിക്കുന്ന യുവാക്കളിലാണ് മദ്യപാന പ്രവണത കൂടുതല്‍.
ഹോസ്റ്റലുകളില്‍ താമസിക്കുന്ന 19നും 26നും ഇടയില്‍ പ്രായമുള്ള യുവാക്കളില്‍ മദ്യപാനശീലം 60 ശതമാനം ഉയര്‍ന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഗ്രാമീണ മേഖലകളിലെ കുടുംബങ്ങളില്‍ ഭൂരിഭാഗം പുരുഷന്മാരും വരുമാനത്തിന്റെ 27 ശതമാനം മദ്യപാനത്തിനായി ഉപയോഗിക്കുന്നു. നഗര പ്രദേശങ്ങളില്‍ വരുമാനത്തിന്റെ 38 ശതമാനമാണ് ഉപയോഗിക്കപ്പെടുന്നത്.