കെ എസ് ആര്‍ ടി സിയിലെ ടിക്കറ്റിംഗ് സമ്പ്രദായം അവതാളത്തില്‍

Posted on: August 18, 2013 11:08 pm | Last updated: August 18, 2013 at 11:08 pm
SHARE

കൊല്ലം: കെ എസ് ആര്‍ ടി സിയിലെ ആധുനിക ടിക്കറ്റിംഗ് സമ്പ്രദായം അവതാളത്തിലേക്ക്. ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീനുകളില്‍ (ഇ ടി എം) ഭൂരിപക്ഷവും പ്രവര്‍ത്തന രഹിതമായതോടെ ഇപ്പോള്‍ പഴയ ടിക്കറ്റാക്കാണ് ഉപയോഗിക്കുന്നത്. കാലാവധി കഴിഞ്ഞ ടിക്കറ്റ് മെഷീനുകള്‍ ഒഴിവാക്കി പുതിയവക്ക് ടെന്‍ഡര്‍ നല്‍കാനോ കേടായവ അറ്റകുറ്റ പ്പണി നടത്തുന്നതിനോ അധികൃതര്‍ തയാറാകുന്നില്ല. ഭരണ, പ്രതിപക്ഷ യൂനിയനുകളെല്ലാം ഇക്കാര്യത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.
കെ എസ് ആര്‍ ടി സി മാനേജ്‌മെന്റിന് കൃത്യത ഉറപ്പാക്കുന്നതിനും ജീവനക്കാരുടെ ജോലി ഭാരം കുറക്കുന്നതിനുമാണ് ഇലക്‌ട്രോണിക് മെഷീന്‍ കൊണ്ടുവന്നത്. ബംഗഌരു, തിരുവനന്തപുരം എന്നിവിടങ്ങളിലെ കമ്പനികളില്‍ നിന്ന് 2002 ലാണ് ടിക്കറ്റ് മെഷീനുകള്‍ വാങ്ങിയത്. പിന്നീട് കൂടുതല്‍ സൗകര്യപ്രദവും ഭാരം കുറഞ്ഞതുമായ മെഷീനുകള്‍ വാങ്ങിയിരുന്നു. ടെന്‍ഡര്‍ വഴിയാണ് ഇവയെല്ലാം വാങ്ങിയത്. എല്ലാ യൂനിറ്റിലും ഇ ടി എം നിര്‍ബന്ധമാക്കിയത് കെ എസ് ആര്‍ ടി സിക്ക് പല വിധത്തില്‍ നേട്ടമായിരുന്നു. നാല് വര്‍ഷത്തെ ഗ്യാരണ്ടിയായിരുന്നു മെഷീനുകള്‍ക്ക് കമ്പനികള്‍ നല്‍കിയിരുന്നത്.
എന്നാല്‍ കരാര്‍ പുതുക്കി അറ്റകുറ്റപ്പണികള്‍ നടത്താന്‍ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടായിട്ടില്ല. ബാറ്ററി കേടാകുന്നതും ചാര്‍ജറിന്റെ അഭാവവുമാണ് മെഷീന്‍ കേടാകാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു. ദീര്‍ഘദൂര സര്‍വീസുകളില്‍ പോലും യത്രാമധ്യേ ഇ ടി എം തകരാറിലാകുക പതിവാണ്. ടിക്കറ്റ് മെഷീനോടൊപ്പം ടിക്കറ്റ് റാക്കും കൊണ്ടു നടക്കേണ്ട ഗതികേടിലാണ് ജീവനക്കാര്‍.
മെഷീന്‍ വഴിയുള്ള ടിക്കറ്റ് വിതരണം ജീവനക്കാരുടെ ജോലിഭാരം കുറച്ചിരുന്നു. യാത്ര ചെയ്ത റൂട്ട്, സമയം, എവിടെ നിന്നും കയറി, എവിടെ ഇറങ്ങി, ദിവസം, ബസ് നമ്പര്‍, ഏതു ഡിപ്പോയിലെ ബസ് എന്നിവ രേഖപ്പെടുത്തിയതാണ് ടിക്കറ്റ് മെഷീന്‍ വഴി നല്‍കുന്ന ടിക്കറ്റ്. ഇത് യാത്രക്കാര്‍ക്കും ഗുണകരമായിരുന്നു.
അപകടങ്ങള്‍, ഇന്‍ഷ്വറന്‍സ്, നിയമ പ്രശ്‌നങ്ങള്‍ എന്നിവക്കുള്ള ആധികാരിക രേഖയായിരുന്നു ഇ ടി എം ടിക്കറ്റ്. വന്‍തോതില്‍ ടിക്കറ്റടിക്കുന്നതിന്റെ ചെലവും ഓഡിറ്റിംഗിനുണ്ടാകുന്ന അധിക സമയവും അധികചെലവും കുറക്കുക വഴി വരുമാന വര്‍ധനവുമായിരുന്നു ടിക്കറ്റ് മെഷീനുകള്‍.
കെ എസ് ആര്‍ ടി സിയുടെ ഇലക്‌ട്രോണിക് ഡാറ്റാ പ്രോസസിംഗ് സെന്ററിനാണ് ടിക്കറ്റ് മെഷീന്‍ ഉള്‍പ്പെടെയുള്ള ഇലക്‌ട്രോണിക് സംവിധാനങ്ങളുടെ ചുമതല. ഇതിലെ ജീവനക്കാരിലധികവും മതിയായ യോഗ്യതയില്ലാത്തവരും വേണ്ടത്ര പരിശീലനം ലഭിച്ചിട്ടില്ലാത്തവരുമാണെന്ന് യൂനിയനുകള്‍ ആരോപിക്കുന്നു.
ഇ ടി എമ്മിന്റെ സോഫ്റ്റ്‌വെയര്‍ പരിഷ്‌കരിക്കാനോ അറ്റകുറ്റപ്പണികള്‍ നടത്താന്‍ കഴിയാത്തതിന്റെ കാരണവും ഇതാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ടിക്കറ്റ് റാക്കുകള്‍ മാത്രം ഉപയോഗിച്ചിരുന്ന കാലഘട്ടത്തില്‍ വന്‍ തോതില്‍ കൃത്രിമം നടന്നിട്ടുണ്ട്. വ്യാജ ടിക്കറ്റുവരെ ഉപയോഗിച്ച സംഭവങ്ങളും ഉണ്ടായതായി ജീവനക്കാര്‍ പറയുന്നു. പലരും പിടിയിലാകുകയും ചെയ്തിരുന്നു.
ഇതിനൊക്കെ പരിഹാരമായായിരുന്നു ടിക്കറ്റ് വിതരണത്തിന് ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീനുകള്‍ ഏര്‍പ്പെടുത്തിയത്. മെഷീന്‍ ഉപയോഗിച്ച് ടിക്കറ്റ് നല്‍കുന്നതിലാണ് പുതുതായി ജോലിയില്‍ പ്രവേശിച്ച വനിതകളടക്കമുള്ള കണ്ടക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കിയിട്ടുള്ളത്.
ടിക്കറ്റ് റാക്കുപയോഗിക്കാനുള്ള വൈദഗ്ധ്യവും ഇവര്‍ നേടിയിട്ടില്ല. ഇത് ജോലി ഭാരം കൂട്ടുകയും യാത്രക്കാര്‍ക്ക് അസൗകര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.