Connect with us

Gulf

ഫാമിലിക്ക് വിസ ലഭിക്കാന്‍ ശമ്പള പരിധി 600 റിയാല്‍

Published

|

Last Updated

മസ്‌കത്ത് : കുടുംബാംഗങ്ങള്‍ക്ക് സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ വിസ ലഭിക്കാനുള്ള ശമ്പള പരിധി ഉയര്‍ത്തിയതായി സൂചന. ചുരുങ്ങിയത് 600 റിയാല്‍ ശമ്പളം രേഖപ്പെടുത്തിയിരിക്കണമെന്നാണ് അധികൃതര്‍ നിര്‍ദേശിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ 600ല്‍ താഴെ ശമ്പളം രേഖപ്പെടുത്തിയ തൊഴില്‍ കരാറുമായി സമര്‍പ്പിക്കപ്പെട്ട വിസ അപേക്ഷകള്‍ നിരാകരിക്കപ്പെട്ടതായി അനുഭവസ്ഥര്‍ പറഞ്ഞു.
എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തിറങ്ങിയിട്ടില്ല. ഇതു സംബന്ധിച്ചു സ്വദേശി പി ആര്‍ ഒമാര്‍ക്കടയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ 600 റിയാലിനു മുകളില്‍ ശമ്പളമുള്ളവര്‍ക്കു മാത്രമേ ഫാമിലി വിസ അനുവദിക്കാനാകൂ എന്ന നിലപാടിലാണ് വിസ വിഭാഗം ഉദ്യോഗസ്ഥര്‍. സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്നതിന്റെയും വിദേശികളുടെ സാന്നിധ്യം കുറക്കുന്നതിന്റെയും ഭാഗമായാണ് നിയന്ത്രണമെന്നാണ് സൂചന. മാസങ്ങള്‍ക്കു മുമ്പ് ഫാമിലി വിസ അനുവദിക്കുന്നതിന് കെട്ടിട വാടകക്കരാര്‍ നിര്‍ബന്ധമാക്കിയിരുന്നു. കുടംബത്തെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള ശമ്പള പരിധി ഉയര്‍ത്തുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. ആര്‍ ഒ പി വിസ വിഭാഗം ഉദ്യോഗസ്ഥരില്‍നിന്ന് ഇതു സംബന്ധിച്ച വിവരം പി ആര്‍ ഒമാര്‍ക്ക് ലഭിച്ചിരുന്നു. ഈദുല്‍ ഫിത്വറിനു ശേഷം നിയമം നടപ്പില്‍ വരുമെന്ന സൂചനയെത്തുടര്‍ന്ന് പലരും തിരക്കു പിടിച്ച് വിസ എടുക്കുകയും ചെയ്തു. പ്രത്യേക നിയന്ത്രണങ്ങളൊന്നുമില്ലാതെ ഫാമിലി വിസ അനുവദിച്ചിരുന്ന രാജ്യത്ത് വര്‍ഷങ്ങള്‍ക്കു മുമ്പാണ് ശമ്പളം 350 റിയാലാക്കി നിശ്ചയിച്ചത്. 300 റിയാല്‍ ശമ്പളമുള്ളവരുടെ കുടുംബാംഗങ്ങള്‍ക്കും വിസ അനുവദിച്ചിരുന്നു. എന്നാല്‍ മാസങ്ങളായി തുടര്‍ന്നു വരുന്ന നിയന്ത്രണങ്ങള്‍ക്കൊടുവിലാണ് ശമ്പള പരിധി ഇരട്ടിയാക്കി ഉയര്‍ത്തിയിരിക്കുന്നത്.
വിദേശികളെ രാജ്യത്തെ തൊഴില്‍ മേഖലയില്‍നിന്ന് അകറ്റുന്നതാണ് തീരുമാനെന്ന് ഗാല ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ നിര്‍മാണ കമ്പനി അഡ്മിന്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന തൃപ്രയാര്‍ സ്വദേശി ബഷീര്‍ പറഞ്ഞു. കമ്പനികളില്‍ പ്രവര്‍ത്തിക്കുന്ന മധ്യനിര ജീവനക്കാര്‍ക്ക് ലഭിക്കുന്ന ശരാശരി ശമ്പളം 400-500 തോതിലാണ്. ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്കു മാത്രമാണ് 600നു മുകളില്‍ ശമ്പളം ലഭിക്കുന്നത്. ഫാമിലി വിസ നിയന്ത്രണത്തിലൂടെ ഇടത്തരം തസ്തികകളില്‍ ജോലി ചെയ്യുന്നവരെല്ലാം നിരാശരാകുമെന്നും അദ്ദേഹം പറഞ്ഞു.
ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന ജീവനക്കാര്‍ക്കും തൊഴില്‍ കരാറില്‍ രേഖപ്പെടുത്തുന്ന അടിസ്ഥാന ശമ്പളം കുറവായിരിക്കും. അലവസന്‍സുകളായാണ് അധിക തുക നല്‍കുന്നത്. ഈ രീതിയും ഫാമിലി വിസ കിട്ടുന്നതിന് തടസ്സമാകുമെന്ന് പ്രമുഖ ഹൈപ്പര്‍മാര്‍ക്ക് ഗ്രൂപ്പിലെ എച്ച് ആര്‍ വിഭാഗം ഉദ്യോഗസ്ഥന്‍ പറഞ്ഞു. 400 റിയാലിനു മുകളില്‍ ശമ്പളം പറ്റുന്ന ഇയാളുടെ തൊഴില്‍ കരാറില്‍ രേഖപ്പെടുത്തിയ ശമ്പളം 150 റിയാല്‍ മാത്രമാണത്രെ. കുടുംബത്തോടൊപ്പം ജീവിക്കാമെന്ന ധാരണയിലാണ് പലരും ഒമാനില്‍ ജോലി തിരഞ്ഞെടുക്കുന്നതെന്നും സമീപ ഗള്‍ഫ് രാജ്യങ്ങളിലെ ജീവിതച്ചെലവും നിയമങ്ങളും സങ്കീര്‍ണമായതിനാല്‍ ഒമാനിലേക്ക് ആകര്‍ഷിക്കപ്പെട്ടവരെല്ലാം ഇനി തിരിച്ചു ചിന്തിച്ചു തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഈദുല്‍ ഫിത്വറിനു ശേഷം ഫാമിലി വിസക്കായി സമര്‍പ്പിക്കപ്പെട്ട നിരവധി അപേക്ഷകള്‍ നിരാകരിക്കപ്പെട്ടിട്ടുണ്ടെന്ന് ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന മലയാളി പറഞ്ഞു. ഇതു സംബന്ധിച്ച് ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയോ അറിയിപ്പോ വന്നിട്ടില്ലെന്ന് മസ്‌കത്തില്‍നിന്നുള്ള സ്വദേശി പി ആര്‍ ഒയും പറഞ്ഞു. എങ്കിലും നിയമം നടപ്പിലാക്കിത്തുടങ്ങിയെന്ന് അദ്ദേഹം അറിയിച്ചു.

 

Latest