എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ബാഗേജ് വെട്ടിക്കുറക്കല്‍: അബുദാബിയില്‍ പ്രവാസി ഇന്ത്യക്കാരുടെ കൂട്ടായ പ്രതിഷേധം

Posted on: August 18, 2013 8:08 pm | Last updated: August 18, 2013 at 8:08 pm
SHARE

അബുദാബി: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ബാഗേജ് അലവന്‍സ് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് 30കിലോയില്‍ നിന്ന് 20കിലോയായി വെട്ടിക്കുറക്കുന്നതിനെതിരെ ഇന്ത്യന്‍ മീഡിയ അബുദാബിയുടെ ആഭിമുഖ്യത്തില്‍ കേരള സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച ബഹുജനാഭിപ്രായ രൂപീകരണ ചര്‍ച്ചയില്‍ ശക്തമായ പ്രതിഷേധം. 20കിലോ ബാഗേജിനു പുറമെവരുന്ന 10കിലോഗ്രാമിനു 50ദിര്‍ഹം അധിക നിരക്ക് എന്ന എയര്‍ ഇന്ത്യാ എക്‌സ്പ്രസ് തീരുമാനം പ്രായോഗികമല്ലെന്നും ബാഗേജ് പരിധി 30കിലോയെന്നത് തുടരണമെന്നും പ്രവാസി ഇന്ത്യക്കാരുടെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടു.
ഈ മാസം 22 മുതല്‍ നടപ്പാക്കാനിരിക്കുന്ന തീരുമാനം ഉടന്‍ പുനഃപരിശോധിച്ച് പഴയ സ്ഥിതി തുടരണമെന്നാവശ്യവുമായി വിവിധ സംഘടനകള്‍ ഡല്‍ഹിയില്‍ പോയി പ്രധാന മന്ത്രി മന്‍മോഹന്‍സിങിനും കേന്ദ്ര വ്യോമയാന മന്ത്രി അജിത് സിംഗ്, സഹ മന്ത്രി കെ സി വേണുഗോപാല്‍, പ്രവാസികാര്യ മന്ത്രി വയലാര്‍ രവി തുടങ്ങിയവര്‍ക്കും നിവേദനം സമര്‍പ്പിക്കും.
ഇന്ത്യയിലെ സാധാരണക്കാരായ യാത്രക്കാര്‍ക്ക് ഏറ്റവുമധികം ദുരിതം സമ്മാനിക്കുന്ന എയര്‍ ഇന്ത്യാ എക്‌സപ്രസ് തീരുമാനം പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ഗള്‍ഫിലുള്ള കേരളത്തിലെ കേന്ദ്ര മന്ത്രിമാരുടെയും എംപിമാരുടെയും സഹകരണത്തോടെയാണ് പ്രധാന മന്ത്രിക്ക് നിവേദനം സമര്‍പ്പിക്കുക.
ബാഗേജ് കുറച്ച് കൂടുതല്‍ യാത്രക്കാരെ കൊണ്ടുപോകുമെന്ന എയര്‍ ഇന്ത്യാ എക്‌സപ്രസിന്റെ പ്രഖ്യാപനം അധിക 10കിലോ ബാഗേജിന് 50ദിര്‍ഹം എന്ന പ്രഖ്യാപനത്തോടെ നടപ്പാക്കാന്‍ സാധിക്കില്ലെന്നുറപ്പാണ്. പ്രവാസി ഇന്ത്യക്കാരെ വഞ്ചിക്കാനുള്ള നീക്കത്തിനെതിരെ കേന്ദ്ര വ്യോമയാന സഹ മന്ത്രിയുടെ സഹായത്തോടെ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അധികൃതര്‍ക്കും നിവേദനവും പ്രവാസി ഇന്ത്യക്കാരുടെ പ്രതിഷേധവും അറിയിക്കും.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് തോമസ് ജോണ്‍, മനോജ് പുഷ്‌ക്കര്‍, എം യു വാസു, പി ബാവഹാജി എന്നിവരുടെ നേതൃത്വത്തിലാണ് നിവേദകസംഘം ഡല്‍ഹിക്കു പോവുക. ഇന്ത്യന്‍ മീഡിയ അബുദാബിയുടെ ആഭിമുഖ്യത്തില്‍ ഇതു സംബന്ധിച്ച ഇന്ന് (ഞായര്‍) രാത്രി എട്ടിന് ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്ററില്‍ നടക്കുന്ന ഔദ്യോഗിക സംഘടനകളുടെ നേതൃയോഗത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളും.
ഇന്ത്യന്‍ മീഡിയ അബുദാബി പ്രസിഡന്റ് ടി എ അബ്ദുല്‍ സമദ് ചര്‍ച്ചയില്‍ മോഡറേറ്ററായിരുന്നു. കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എം യു വാസു ഉദ്ഘാടനം ചെയ്തു. ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ് തോമസ് ജോണ്‍, മലയാളി സമാജം പ്രസിഡന്റ് മനോജ് പുഷ്‌കര്‍, ജനറല്‍ സെക്രട്ടറി ഷിബു വര്‍ഗീസ്, ഇന്ത്യന്‍ മീഡിയ പ്രസ് സെക്രട്ടറി പി എം അബ്ദുല്‍ റഹ്മാന്‍, കേരള സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ബി ജയകുമാര്‍, മീഡിയ കോര്‍ഡിനേറ്റര്‍ ഫൈസല്‍ ബാവ, ജെയിംസ് മുരിക്കന്‍ പ്രസംഗിച്ചു.
വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രതിനിധികളായ ബീരാന്‍കുട്ടി, യേശുശീലന്‍, എ എം ഇബ്രാഹിം, സഫറുല്ല പാലപ്പെട്ടി, അമര്‍സിങ് വലപ്പാട്, വി ടി വി ദാമോദരന്‍, സലിം ചോലാമുഖത്ത്, ജയചന്ദ്രന്‍ നായര്‍, അബ്ദുല്‍ ഖാദര്‍, ഖാസിം പുറത്തില്‍, സിദ്ദീഖ് പൊന്നാട്, നാസറുദ്ദീന്‍, ശരീഫ് കാളച്ചാല്‍, സക്കീര്‍ ഹുസൈന്‍, ജസ്റ്റിന്‍ തോമസ് ചര്‍ച്ചയില്‍ പങ്കെടുത്തു.
ഇന്ത്യന്‍ മീഡിയ അബുദാബി വൈസ് പ്രസിഡന്റ് ആഗിന്‍ കീപ്പുറം, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ അബ്ദുല്‍ റഹ്മാന്‍ മണ്ടായപ്പുറത്ത്, മനു കല്ലറ, ജോണി ഫൈന്‍ ആര്‍ട്‌സ്, ഹഫ്‌സല്‍ അഹ്മദ്, മീര ഗംഗാധരന്‍ നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here