ബി പി എല്‍ അരി വെട്ടിക്കുറച്ച നടപടി പിന്‍വലിക്കണം: വി എസ്

Posted on: August 18, 2013 10:26 am | Last updated: August 18, 2013 at 1:28 pm
SHARE

തിരുവനന്തപുരം: ബി പി എല്‍ കുടുംബങ്ങള്‍ക്കുള്ള അരിവിഹിതം വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാറിന്റെ നടപടി പിന്‍വലിക്കണമെന്നും അരിവിഹിതം പൂര്‍ണമായി പുന:സ്ഥാപിക്കണമെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. കേന്ദ്രത്തില്‍ നിന്നുളള അധിക അരി വിഹിതം കിട്ടാതായതിനെ തുടര്‍ന്നാണ് ബി പി എല്‍ കുടുംബങ്ങള്‍ക്കുള്ള അരി ഏഴ് കിലോഗ്രാം വെട്ടിക്കുറച്ചത്. ഇത് അത്യന്തം പ്രതിഷേധാര്‍ഹമാണ്. ഇതിലൂടെ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പാവപ്പെട്ട ആളുകളുടെ കഞ്ഞിയില്‍ മണ്ണുവാരിയിടുകയാണെന്നും വി എസ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
പച്ചക്കറി അടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെയെല്ലാം വില കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇടികൊണ്ടവനെ പാമ്പ് കടിച്ചു എന്നു പറഞ്ഞപോലെ സാധാരണക്കാരന്റെ അരി സര്‍ക്കാര്‍ കവര്‍ന്നെടുത്തത്. വെള്ളപ്പൊക്കത്തിന്റെയും പഞ്ഞ മാസത്തിന്റെയും ദുരിതങ്ങളില്‍ മുങ്ങിത്താഴുന്നതിനിടയിലാണ് ഈ കൊലച്ചതി ചെയ്തിരിക്കുന്നത്.
പഞ്ഞ മാസങ്ങളിലും കേരളത്തിന്റെ ദേശീയോത്സവമായ ഓണക്കാലത്തും സാധാരണയില്‍ നിന്ന് കൂടുതല്‍ വിഹിതം അരിയും ഭക്ഷ്യധാന്യങ്ങളും കേരളത്തിന് ലഭിക്കേണ്ടതാണ്. ഇത് നല്‍കാന്‍ ബാധ്യതയുള്ള കേന്ദ്ര സര്‍ക്കാറും നേടിയെടുക്കാന്‍ ചുമതലപ്പെട്ട സംസ്ഥാന സര്‍ക്കാറും കുറ്റകരമായ അനാസ്ഥയാണ് കാട്ടിയിട്ടുള്ളത്. സാധാരണക്കാരന്റെ ജീവിതത്തെ ഇവര്‍ പന്താടുകയാണ്.
സര്‍ക്കാര്‍ കൊട്ടിഘോഷിച്ചുകൊണ്ടിരുന്നതാണ് ബി പി എല്‍ കുടുംബങ്ങള്‍ക്കുള്ള ഒരു രൂപയുടെ അരി. സാമ്പത്തികമായി താഴെക്കിടയിലുള്ള ആളുകളുടെ അരി വിഹിതമാണ് വെട്ടിക്കുറച്ചിരിക്കുന്നത്. കേരളത്തിലെ പൊതുവിതരണ സമ്പ്രദായം അവതാളത്തിലായ സാഹചര്യത്തിലാണ് അരി വിഹിതം വെട്ടിക്കുറച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള മന്ത്രിക്ക് കേന്ദ്ര ഭക്ഷ്യ വകുപ്പിന്റെ ചുമതലയുള്ളപ്പോഴാണ് കേരളീയരുടെ കഞ്ഞികുടി മുട്ടിക്കുന്ന സമീപനം കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. വെട്ടിക്കുറച്ച അരിവിഹിതം അടിയന്തരമായി പുന:സ്ഥാപിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ നടപടിയെടുക്കണം. വി എസ് ആവശ്യപ്പെട്ടു.