Connect with us

National

രേഖകളില്‍ ഭഗത് സിംഗ് 'രക്തസാക്ഷി'യല്ല

Published

|

Last Updated

ന്യൂഡല്‍ഹി: ധീരരക്തസാക്ഷിയെന്ന് രാജ്യമാകെ അഭിമാനപൂര്‍വം വിലയിരുത്തുന്ന ഭഗത് സിംഗ് സര്‍ക്കാര്‍ രേഖകളില്‍ “രക്തസാക്ഷി”യല്ല. വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷക്കുള്ള മറുപടിയിലാണ് വെളിപ്പെടുത്തലുള്ളത്. ഭഗത് സിംഗ് രക്തസാക്ഷിയാണെന്ന് തെളിയിക്കുന്നതിന് ഔദ്യോഗിക രേഖകള്‍ ഇല്ലെന്ന് ആഭ്യന്തര മന്ത്രാലയം നല്‍കിയ മറുപടിയില്‍ പറയുന്നു. ഭഗത് സിംഗ്, രാജ്ഗുരു, സുഖ്‌ദേവ് എന്നിവരെ രക്തസാക്ഷികളായി പ്രഖ്യാപിച്ചത് എന്ന്, ഇതിനായി എന്ത് നടപടിക്രമങ്ങള്‍ കൈകൊണ്ടു എന്നിവയാണ് അപേക്ഷയില്‍ ഭഗത് സിംഗിന്റെ അനന്തരവന്‍ യാദവേന്ദ്ര സിംഗ് ഉന്നയിച്ച ചോദ്യങ്ങള്‍. ഏപ്രിലിലാണ് അപേക്ഷ സമര്‍പ്പിച്ചത്. ഇവര്‍ രക്തസാക്ഷികളെന്ന് തെളിയിക്കുന്ന രേഖകള്‍ ഇല്ലെന്ന് ആഭ്യന്തര വകുപ്പ് മെയ് മാസത്തില്‍ മറുപടി നല്‍കി. ഇതിന്‍മേല്‍ നല്‍കിയ അപ്പീലിലും ഇതേ മറുപടിയാണ് ലഭിച്ചത്.
ഭഗത് സിംഗിനെയും രാജ്ഗുരുവിനെയും സുഖ്‌ദേവിനെയും രക്തസാക്ഷികളായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിയെയും രാഷ്ട്രപതിയെയും കാണാനൊരുങ്ങുകയാണ് യാദവേന്ദ്ര സിംഗ്. ഇതിനായി രാജ്ഗുരുവിന്റെയും സുഖ്‌ദേവിന്റെയും കുടുംബാംഗങ്ങളേയും ഒന്നിച്ചു കൂട്ടുമെന്ന് അദ്ദേഹം പറഞ്ഞു. 1931 മാര്‍ച്ച് 23നാണ് മൂവരെയും തൂക്കിലേറ്റിയത്.
അതേസമയം സ്വാതന്ത്ര്യ സമരത്തില്‍ മരിച്ചവരെ രക്തസാക്ഷികളായി പ്രഖ്യാപിക്കുന്ന ഔദ്യാഗിക സമ്പ്രദായമോ നയമോ നിലവിലില്ലെന്നും ആഭ്യന്തര മന്ത്രാലയം ഇതുവരെ ആരെയും രക്തസാക്ഷിയായി പ്രഖ്യാപിച്ചിട്ടില്ലെന്നും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.