Connect with us

National

സീമാന്ധ്രയില്‍ കോണ്‍ഗ്രസ് എം പിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു

Published

|

Last Updated

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് വിഭജിക്കുന്നതിനെതിരെ ശക്തമായ നിലപാടെടുത്ത് മുന്നോട്ടു ് പോകുന്ന സീമാന്ധ്രാ പ്രക്ഷോഭകര്‍ തെലങ്കാനയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം പിയെ തടഞ്ഞു. തിരുമല ക്ഷേത്ര ദര്‍ശനത്തിനെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ വി ഹനുമന്ത റാവുവിനെയാണ് സീമാന്ധ്രാ പ്രക്ഷോഭകര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്. കാര്‍ ആക്രമിച്ച പ്രവര്‍ത്തകര്‍ അദ്ദേഹത്തെ തടഞ്ഞുവെച്ചു. പോലീസ് ലാത്തി വീശിയതോടെയാണ് പ്രക്ഷോഭകര്‍ പിന്‍വാങ്ങിയത്.
ക്ഷേത്രത്തില്‍ നിന്ന് മടങ്ങുന്ന എം പിയുടെ കാര്‍ അലിപിരിയില്‍ പ്രതിഷേധക്കാര്‍ തടയുകയായിരുന്നു. “ജയ് സമഖ്യാ ആന്ധ്രാ” മുദ്രാവാക്യം മുഴക്കി കാറിന് മുന്നില്‍ പ്രതിഷേധക്കാര്‍ കുത്തിയിരുന്നു. അതിനിടെ ശക്തമായ കല്ലേറുണ്ടായി. കാറിന്റെ വശത്തിലുള്ള ചില്ലുകള്‍ തകര്‍ന്നു. കനത്ത സുരക്ഷാ വലയമൊരുക്കിയാണ് എം പിക്ക് രക്ഷാമാര്‍ഗമൊരുക്കിയത്.
പ്രത്യേക തെലങ്കാനാ സംസ്ഥാനം രൂപവത്കരിക്കാന്‍ യു പി എയും കോണ്‍ഗ്രസും തീരുമാനിച്ച ശേഷം ഇതാദ്യമായാണ് തെലങ്കാനയില്‍ നിന്നുള്ള ഒരു നേതാവിനെതിരെ ഇത്തരമൊരു കൈയേറ്റ ശ്രമം നടക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകണമെന്ന് ആവശ്യപ്പെട്ട് സീമാന്ധ്ര മേഖലയില്‍ ബന്ദും പണിമുടക്കും അടക്കമുള്ള സമരമുറകള്‍ ശക്തമാകുകയാണ്. അതിനിടെ, ഹനുമന്ത റാവുവിന് നേരെയുള്ള ആക്രമണത്തെ തെലങ്കാനാ രാഷ്ട്ര സമിതി (ടി ആര്‍ എസ്) നേതാവ് ഹരീഷ് റാവു അപലപിച്ചു. ഇത്തരം സംഘര്‍ഷത്തിലേക്ക് സീമാന്ധ്രാ സമരക്കാര്‍ നീങ്ങുന്നത് ദൗര്‍ഭാഗ്യകരമാണ്. തെലങ്കാന മേഖലയില്‍ നിന്നുള്ള ജീവനക്കാരെ സീമാന്ധ്രക്കാര്‍ മര്‍ദിച്ചുവെന്ന വാര്‍ത്തയും ഞെട്ടിക്കുന്നതാണ്. ഇത്തരം പ്രവണതകള്‍ പ്രോത്സാഹിപ്പിക്കാനാകില്ല. അക്രമങ്ങളുടെ പേരില്‍ നേതാക്കള്‍ ക്ഷമ പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിഭജനത്തെ എതിര്‍ക്കുന്ന സംസ്ഥാന മന്ത്രി എസ് ശൈലജാ നാഥും സംഭവത്തെ അപലപിച്ചു.

---- facebook comment plugin here -----

Latest