Connect with us

International

കൈറോയില്‍ അല്‍ഫതഹ് പള്ളിക്ക് സമീപം വെടിവെപ്പ്‌

Published

|

Last Updated

കൈറോ: പുറത്താക്കപ്പെട്ട ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്ക് അധികാരം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ നടത്തുന്ന പ്രക്ഷോഭം കൂടുതല്‍ രൂക്ഷമായി. നൂറുകണക്കിന് ബ്രദര്‍ഹുഡ് പ്രവര്‍ത്തകരുടെ മരണത്തിനിടയാക്കിയ ബുധനാഴ്ചത്തെ സൈനിക അടിച്ചമര്‍ത്തലിനെതിരെ വെള്ളിയാഴ്ച മുതല്‍ ആരംഭിച്ച രാജ്യവ്യാപക പ്രക്ഷോഭം അക്രമാസക്തമായതായി ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാനമായ കൈറോയില്‍ പ്രക്ഷോഭകര്‍ തമ്പടിച്ച അല്‍ ഫതഹ് പള്ളിക്ക് സമീപം കനത്ത ഏറ്റുമുട്ടല്‍ നടക്കുകയാണ്. സൈന്യത്തിനും പോലീസിനും നേരെ ആയുധധാരികളായ സംഘം നിരന്തരം വെടിയുതിര്‍ത്തതായി സൈനിക വക്താക്കളെ ഉദ്ധരിച്ച് ബി ബി സി റിപ്പോര്‍ട്ട് ചെയ്തു. ഏറ്റുമുട്ടലില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പ്രക്ഷോഭകരെ നേരിടാന്‍ പള്ളിക്ക് ചുറ്റും കനത്ത സൈനിക സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
പ്രക്ഷോഭകരെ തുരത്താന്‍ സൈന്യം കണ്ണീര്‍ വാതകം പ്രയോഗിച്ചതോടെയാണ് പള്ളിക്ക് മുന്നില്‍ നിന്ന് അക്രമികളായ ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ നിറയൊഴിച്ചത്. ആക്രമണത്തില്‍ സൈനിക ഉദ്യോഗസ്ഥര്‍ക്കടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ചത്തെ പ്രക്ഷോഭത്തിനിടെ 173 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഇടക്കാല സര്‍ക്കാര്‍ വ്യക്തമാക്കി. ഇതോടെ നാല് ദിവസത്തിനിടെ ഈജിപ്തില്‍ എണ്ണൂറിലധികമാളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. പരുക്കേറ്റവരെ കൊണ്ട് ആശുപത്രികള്‍ നിറഞ്ഞു കവിയുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന സൈനിക മുന്നറിയിപ്പ് ബ്രദര്‍ഹുഡ് അവഗണിക്കുകയാണെന്നും വക്താക്കള്‍ കൂട്ടിച്ചേര്‍ത്തു.
അതിനിടെ, പ്രക്ഷോഭം നടത്തിയ ആയിരക്കണക്കിന് ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രക്ഷോഭം നടത്താന്‍ നിശ്ചയിച്ചിരുന്ന കൈറോയിലെ റമസെസ് ചത്വരം സൈന്യത്തിന്റെ നിയന്ത്രണത്തിലായതോടെയാണ് പ്രക്ഷോഭകര്‍ സമീപത്തെ അല്‍ഫതഹ് പള്ളിയിലേക്ക് നീങ്ങിയത്.

Latest