Connect with us

International

ഫിലിപ്പൈന്‍സില്‍ ബോട്ടും കപ്പലും കൂട്ടിയിടിച്ചു; 171 പേരെ കാണാതായി

Published

|

Last Updated

മനില: ഫിലിപ്പൈന്‍സില്‍ കടത്ത് ബോട്ട് കപ്പലുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് നിരവധി പേരെ കാണാതായി. കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് നിര്‍ത്തിവെച്ചു. അപകടത്തില്‍ കാണാതായ 171 പേര്‍ക്ക് വേണ്ടിയുള്ള തിരച്ചിലാണ് കടല്‍ പ്രക്ഷുബ്ധമായതിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ചത്. നിറയെ യാത്രക്കാരുമായി പോകുകയായിരുന്ന ബോട്ട് ചരക്ക് കപ്പലിലിടിച്ചുണ്ടായ അപകടത്തില്‍ 31 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
831 യാത്രക്കാരുമായി പോകുകയായിരുന്ന ബോട്ട് കഴിഞ്ഞ ദിവസം രാത്രി സിബു തുറമുഖത്തിന് സമീപമാണ് കപ്പലുമായി കൂട്ടിയിടിച്ച് തകര്‍ന്നത്. തീരസംരക്ഷണ സേനയും സൈന്യവും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് 629 പേരെ രക്ഷപ്പെടുത്തിയിരുന്നു. കനത്ത കാറ്റും മഴയുമാണ് രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തിയതെന്ന് നാവിക സേന വക്താവ് ഗ്രിഗറി ഫേബിക് പറഞ്ഞു. 31 പേരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. ബോട്ടുമായി കൂട്ടിയിടിച്ച കപ്പല്‍ സുരക്ഷിതമായി തീരത്തണഞ്ഞിട്ടുണ്ട്. ഇടുങ്ങിയ യാത്രാമാര്‍ഗമുള്ള സെബു തുറമുഖമേഖലയില്‍ മുമ്പും സമാനമായ അപകടങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഇത്രയധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടില്ല.
7,100ഓളം ദ്വീപ് സമൂഹങ്ങളുള്ള ഇവിടെ സാധാരണ ജനങ്ങള്‍ യാത്രക്കായി ബോട്ടുകളെയാണ് ആശ്രയിക്കുന്നത്. കപ്പല്‍ യാത്രാമാര്‍ഗം തെറ്റിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. 1987ല്‍ തലസ്ഥാനമായ മനിലക്ക് സമീപം ഉണ്ടായ സമാന അപകടത്തില്‍ 4,300ഓളം പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.