കോംഗോയില്‍ 82 കുട്ടിപ്പട്ടാളക്കാരെ യു എന്‍ മോചിപ്പിച്ചു

Posted on: August 18, 2013 12:39 pm | Last updated: August 18, 2013 at 12:39 pm
SHARE

ബ്രസാവില്ലി: കോംഗോയിലെ സായുധ സംഘത്തിന്റെ പിടിയില്‍ നിന്നും 82 കുട്ടിപ്പട്ടാളക്കാരെ യു എന്‍ ദൗത്യ സംഘം മോചിപ്പിച്ചു. ഇതില്‍ പലരും എട്ട് വയസ്സ് മാത്രം പ്രായമുള്ളവരാണ്. ഇവരില്‍ 13 പെണ്‍കുട്ടികളുമുണ്ട്. മായി മായി ബകാത കടാങ്ക എന്ന പേരിലുള്ള സായുധ സംഘം കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ബലമായി സംഘത്തില്‍ ചേര്‍ത്ത കുട്ടികളാണ് മോചിതരായത്. രാജ്യത്തിന്റെ തെക്കു പടിഞ്ഞാറന്‍ പ്രവിശ്യയിലെ കടാങ്കയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന സായുധ സംഘമാണിത്.
വിദേശീയര്‍ നടത്തുന്ന ഖനികളില്‍നിന്നുള്ള സമ്പത്ത് മേഖലയിലെ പാവപ്പെട്ടവര്‍ക്കും വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടാണ് സായുധ സംഘം ഇവിടെ തുടര്‍ച്ചയായി സംഘര്‍ഷം സൃഷ്ടിക്കുന്നത്. ശിശു സംരക്ഷണ ഏജന്‍സികളുടെ ശ്രമഫലമായാണ് ഇപ്പോള്‍ കുട്ടികള്‍ മോചിതരായത്. ഈ വര്‍ഷം തുടക്കത്തില്‍ 22 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 163 കുട്ടിപ്പട്ടാളക്കാരെ യു എന്‍ മോചിപ്പിച്ചിട്ടുണ്ട്.