രാഷ്ട്രീയ സംഘടനാ നേതാക്കള്‍ ഉത്തരവാദിത്വം മറക്കുന്നു: കാന്തപുരം

Posted on: August 18, 2013 12:36 pm | Last updated: August 18, 2013 at 12:36 pm
SHARE

ap usthad kanthapuramമലപ്പുറം: രാഷ്ട്രീയ പ്രസ്ഥാനങ്ങളും നേതാക്കളും ഉത്തരവാദിത്വങ്ങളില്‍ നിന്ന് വഴിമാറി പോകുന്നുണ്ടോ എന്ന് സ്വയം ചോദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. വെട്ടിച്ചിറ മജ്മഇല്‍ നടക്കുന്ന എസ് വൈ എസ് സംസ്ഥാന ക്യാമ്പിന്റെ (പണിപ്പുര) ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണക്കാര്‍ ദിനേനെ ഒട്ടനവധി പ്രശ്‌നങ്ങളെയാണ് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. സങ്കുചിത താത്പര്യങ്ങള്‍ മാറ്റിവെച്ച് രാഷട്രീയ കക്ഷികളും സാമൂഹിക സംഘടനകളും നാടിന്റെ അഭിവൃദ്ധിക്കായി ഒന്നിച്ച് മുന്നോട്ട് നീങ്ങിയില്ലെങ്കില്‍ നാം പിന്തള്ളപ്പെടും. സംവാദങ്ങളും അഭിപ്രായ വ്യതാസങ്ങളും വിയോജിപ്പുകളുമൊക്കെയാകാം, പക്ഷെ നമ്മുടെ നാടും ജനങ്ങളും നാടിന്റെ വികസനവുമായിരിക്കണം അടിസ്ഥാന ലക്ഷ്യം.
സാമൂഹിക സേവന രംഗത്തുള്ള എസ് വൈ എസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്തുകയാണ്. പ്രത്യേകിച്ച് സാന്ത്വനം പദ്ധതിയിലൂടെ ആരോഗ്യ രംഗത്തും മറ്റും നാം ലക്ഷ്യമിട്ട പദ്ധതികളുടെ പരിശീലനം ഈ ക്യാമ്പിന്റെ പ്രധാന ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാവിലെ പത്ത് മണിക്ക് ആരംഭിച്ച ക്യാമ്പില്‍ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളും ജില്ലാ ഭാരവാഹികളുമാണ് പങ്കെടുക്കുന്നത്. വിവിധ സെഷനുകള്‍ക്ക് സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബൂഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, അബ്ദുര്‍റഹ്മാന്‍ ഫൈസി മാരായമംഗലം, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി എന്നിവര്‍ നേതൃത്വം നല്‍കി. ക്യാമ്പ് ഇന്ന് വൈകുന്നേരം നാല് മണിക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്‌ലിയാരുടെ ‘വിദാഅ്’ പ്രഭാഷണത്തോടെ സമാപിക്കും.