ചര്‍ച്ചക്ക് പ്രസക്തിയില്ല; ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന്‌ വി എസ്

Posted on: August 18, 2013 11:05 am | Last updated: August 19, 2013 at 3:52 pm
SHARE

ന്യൂഡല്‍ഹി: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ഒരു തരത്തിലുള്ള ചര്‍ച്ചയ്ക്കും തയാറല്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടുകയാണ് വേണ്ടത്. മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞാല്‍ മാത്രമേ അന്വേഷണം സ്വതന്ത്രവും നിക്ഷ്പക്ഷവുമാവുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

ജുഡീഷ്യല്‍ അന്വേഷണത്തിലെ പരിഗണനാ വിഷയങ്ങള്‍ നിര്‍ദ്ദേശിക്കണമെന്ന് അഭ്യര്‍ഥിച്ച് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്നലെ എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന് കത്തു നല്‍കിയതിന് പിന്നാലെയാണ് വി എസിന്റെ പ്രതികരണം. ടേംസ് ഒഫ് റഫറന്‍സ് നിര്‍ദ്ദേശിക്കണമോയെന്ന കാര്യം 19ന് ചേരുന്ന ഇടതുമുന്നണി യോഗം തീരുമാനിക്കുമെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പറഞ്ഞത്.