Connect with us

Articles

നാഥനില്‍ അര്‍പ്പിച്ച് ഒരേ മനസ്സോടെ

Published

|

Last Updated

അസീസിയയില്‍ താമസിക്കുന്നവര്‍ ഹറമിനടുത്തുള്ള ബസ് സ്റ്റേഷന്‍ മനസ്സിലാക്കുക. സുബ്ഹി, ഇശാഅ് ജമാഅത്തുകള്‍ കഴിഞ്ഞ ഉടന്‍ ബസില്‍ നല്ല തിരക്ക് അനുഭവപ്പെടും. അതുകൊണ്ട് അല്‍പ്പസമയം ഹറമില്‍ തന്നെ കഴിച്ചു കൂട്ടി താമസസ്ഥലത്തേക്ക് മടങ്ങുക. ഹജ്ജിനു തൊട്ടു മുമ്പും ശേഷവും കുറച്ച് ദിവസങ്ങള്‍ ബസ് സര്‍വീസ് ഉണ്ടാകില്ല.
ഹറമിലേക്ക് പോകുമ്പോള്‍ എല്ലാവരും അമ്പതോ നൂറോ റിയാല്‍ കരുതുക. അത്യാവശ്യ കാര്യങ്ങള്‍ക്ക് ഇത് പ്രയോജനപ്പെടുത്താം. പണം മൊത്തമായി കൈയില്‍ വെക്കേണ്ട. മുതവ്വിഫിന്റെ ഓഫീസില്‍ രശീതി വാങ്ങി സൂക്ഷിക്കാന്‍ ഏല്‍പ്പിക്കാവുന്നതാണ്.
മിനായിലേക്ക് പുറപ്പെടുന്നതിന് മുമ്പ് മിന ടെന്റ് കാര്‍ഡുകള്‍ ഓരോരുത്തര്‍ക്കുള്ളത് മുറിയില്‍ മുതവ്വിഫ് എത്തിക്കും. ടെന്റില്‍ ഭക്ഷണം ലഭിക്കാനുള്ള കൂപ്പണുകളും പണം നല്‍കുന്ന പക്ഷം ആവശ്യക്കാര്‍ക്ക് മുതവ്വിഫില്‍ നിന്ന് ലഭിക്കും. ടെന്റ് കാര്‍ഡില്‍ ടെന്റ് നമ്പര്‍, പോള്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയിരിക്കും. അത് മനസ്സിലാക്കുക.
ഹജ്ജിന് വേണ്ടി മിനയിലേക്ക് പുറപ്പെടുന്ന സമയം നേരത്തെ മുതവ്വിഫ് അറിയിക്കും. അതനുസരിച്ച് മിനയിലേക്ക് കൊണ്ടുപോകാനുള്ള ലഗേജ് തയ്യാറാക്കുക. കുറഞ്ഞ ലഗേജുകള്‍ മാത്രമേ കൊണ്ടുപോകാവൂ. മിന ടെന്റില്‍ സ്ഥലം പരിമിതമാണ്. അവില്‍, അവലോസ് പൊടി, ഡ്രൈ ഫ്രൂട്‌സ് കൂടാതെ ചായപ്പൊടി, പഞ്ചസാര, ചെറിയ കെറ്റില്‍ എന്നിവ ലഗേജില്‍ ഉള്‍പ്പെടുത്തിയാല്‍ നല്ലത്.
നേരത്തെയുള്ള അറിയിപ്പനുസരിച്ച് ദുല്‍ഹജ്ജ് ഏഴിന് രാത്രിയോ എട്ടിന് രാവിലെയോ മിനയിലേക്ക് മുതവ്വിഫ് ബസില്‍ കൊണ്ടുപോകും. ഹജ്ജിന് ഇഹ്‌റാമില്‍ പ്രവേശിച്ചതിന് ശേഷമാണ് മിനയിലേക്ക് പുറപ്പെടേണ്ടത്. ആയതിനാല്‍ ഇഹ്‌റാമില്‍ പ്രവേശിക്കുന്നതിന് മുമ്പ് ചെയ്യേണ്ട കാര്യങ്ങള്‍ നേരത്തെ ചെയ്ത് റൂമില്‍ തന്നെ തയ്യാറായി വിശ്രമിക്കുക. ബസ് വരുന്നതനുസരിച്ച് സ്ത്രീകള്‍ക്കും വൃദ്ധന്മാര്‍ക്കും മുന്‍ഗണന നല്‍കുക. മക്കയില്‍ നിന്ന് 5-6 കി. മീ. ദൂരമാണ് മിനയിലേക്കുള്ളത്.
സ്വന്തം നിലക്ക് ടെന്റിലെത്താന്‍ സാധിക്കുന്നവര്‍ക്ക് നടന്നുപോകുകയാണുത്തമം. ഒരാള്‍ക്ക് കഷ്ടിച്ചു കിടക്കാനുള്ള സ്ഥലം മാത്രമേ മിന ടെന്റില്‍ ലഭിക്കുകയുള്ളൂ. 20 മുതല്‍ 40 വരെ ആളുകള്‍ ഒരു ടെന്റില്‍ തന്നെ ഉണ്ടാകും. ടോയ്‌ലറ്റ് സൗകര്യവും വളരെ പരിമിതമായിരിക്കും. ടെന്റില്‍ പ്രവേശിക്കുന്നതിന് ടെന്റ് കാര്‍ഡ് നിര്‍ബന്ധമാണ്.
മിനയില്‍ നിസ്‌കാരം കഴിയുന്നതും ഒരു ടെന്റിലുള്ളവര്‍ ഒന്നിച്ച് ജമാഅത്തായി നിസ്‌കരിക്കുക. മസ്ജിദുല്‍ ഖൈഫില്‍ പോയി നിസ്‌കരിക്കാന്‍ പറ്റുന്നവര്‍ക്ക് അങ്ങനെ ചെയ്യാം. ദുല്‍ഹജ്ജ് എട്ടിന് രാവിലെയോ ബസില്‍ അല്ലെങ്കില്‍ മശ്ഹര്‍ ട്രെയിന്‍ സൗകര്യം ഉപയോഗിച്ച് നിങ്ങളെ അറഫയിലേക്ക് കൊണ്ടുപോകും.
അറഫയുടെ പ്രാധാന്യം ഉള്‍ക്കൊണ്ട് ഒമ്പതിന് ളുഹര്‍ മുതല്‍ മഗ്‌രിബ് വരെ അറഫയില്‍ കഴിച്ചുകൂട്ടുക. ദിക്‌റുകളും ഖുര്‍ആന്‍ പാരായണവും പ്രാര്‍ഥനയും കൊണ്ട് അറഫയെ ധന്യമാക്കുക. മഗ്‌രിബ് ആയാല്‍ ബസിലോ ട്രെയിനിലോ നടന്നോ മുസ്ദലിഫയിലേക്ക് പുറപ്പെടുക.
മുസ്ദലിഫയില്‍ എത്തിയാല്‍ മഗ്‌രിബും ഇശാഉം ജംഉം ഖസ്‌റുമായി നിസ്‌കരിക്കുക. ജംറയില്‍ എറിയാന്‍ കടലമണിയോളം വലിപ്പമുള്ള 70 കല്ലുകള്‍ ശേഖരിക്കുക. അതിന് ശേഷം ഉറങ്ങുക.
ദുല്‍ഹജ്ജ് 10ന് സുബ്ഹി നിസ്‌കരിച്ച് സൂര്യോദയത്തിന് മുമ്പ് മിനയിലേക്ക് പുറപ്പെടുക. ടെന്റിലെത്തി വിശ്രമിക്കുക. ജംറയില്‍ തിരക്ക് കുറക്കുന്നതിന് ഓരോ രാജ്യക്കാര്‍ക്കും പ്രത്യേക സമയം ക്രമീകരിച്ചിരിക്കും. മുതവ്വിഫിന്റെ അറിയിപ്പനുസരിച്ച് നിശ്ചിത സമയത്ത് കല്ലേറിന് പുറപ്പെടുക. ദുല്‍ഹജ്ജ് 10ന് ഒന്നാമത്തെ ജംറയില്‍-ജംറത്തുല്‍ അഖ്ബയില്‍ ഏഴ് കല്ലുകള്‍ എറിയുക. അല്‍പ്പം മാറിനിന്ന് കഅ്ബക്ക് നേരെ തിരിഞ്ഞ് പ്രാര്‍ഥിക്കുക.
മിനയില്‍ തന്നെ സര്‍ക്കാര്‍ അംഗീകൃത ബാര്‍ബര്‍ ഷോപ്പുകള്‍ ധാരാളം ഉണ്ട്. പുരുഷന്മാര്‍ക്ക് അവിടെ നിന്ന് തല മുണ്ഡനം ചെയ്യാവുന്നതാണ്. സ്ത്രീകള്‍ ടെന്റിലെത്തിയതിനു ശേഷം നേരത്തെ ചെയ്തത് പോലെ മുടിയുടെ അഗ്രഭാഗം അല്‍പ്പം മുറിക്കുക.
ഇനി ഹജ്ജിന്റെ ബലി കര്‍മമാണ്. ഇത് നിങ്ങള്‍ക്ക് താഴെ പറയുന്ന ഏതെങ്കിലും രീതിയില്‍ ചെയ്യാവുന്നതാണ്.
1. സ്വന്തമായി ബലികര്‍മം നടത്താന്‍ താത്പര്യമുള്ളവര്‍ക്ക് മിനയില്‍ വിപുലമായ മാര്‍ക്കറ്റും അറവുശാലയുമുണ്ട്. അവിടെ വെച്ച് നിര്‍വഹിക്കാവുന്നതാണ്. അങ്ങനെ ചെയ്യുന്നവര്‍ ബലിമാംസം അര്‍ഹതപ്പെട്ടവര്‍ക്ക് എത്തിക്കുന്നതിനുള്ള സംവിധാനം സ്വയം ചെയ്യണം.
2. മക്കയിലും മിനയിലുമുള്ള സര്‍ക്കാര്‍ അംഗീകൃത ബേങ്ക് കൗണ്ടറുകളിലോ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ബ്രാഞ്ച് ഓഫീസുകളിലോ നിശ്ചിത തുക അടച്ച് രശീതി വാങ്ങുക. അത് വഴി നിങ്ങള്‍ക്ക് വേണ്ടി ഗവണ്‍മെന്റ് മൃഗബലി നടത്തി മാംസം വിദേശ രാജ്യങ്ങളില്‍ ജീവിക്കുന്ന പാവപ്പെട്ട മുസ്‌ലിംകള്‍ക്ക് എത്തിച്ചുകൊടുക്കും.
3. ധാരാളം മലയാളികളും മലയാളി സംഘടനകളും ബലി കര്‍മം നടത്തുന്നതിന് സംവിധാനം ചെയ്യുന്നുണ്ട്. നിങ്ങള്‍ക്ക് വിശ്വസിക്കാവുന്ന അത്തരത്തില്‍പ്പെട്ടവരുണ്ടെങ്കില്‍ മാത്രം അവരെ ഏല്‍പ്പിക്കാവുന്നതാണ്. സര്‍ക്കാര്‍ സംവിധാനം ഉപയോഗിക്കുന്നതാണ് ഉത്തമം.
ഇനി ഹജ്ജിന്റെ ത്വവാഫും സഅ്‌യും ചെയ്യാനുണ്ട്. ദുല്‍ഹജ്ജ് 10ന് തന്നെ മക്കയില്‍ പോയി ചെയ്യാവുന്നതാണ്. പക്ഷേ, രണ്ട് കര്‍മങ്ങള്‍ക്കും നല്ല തിരക്ക് അനുഭവപ്പെടും. സൗകര്യമനുസരിച്ച് തിരക്ക് കുറഞ്ഞതിന് ശേഷം ചെയ്താലും മതി.
ദുല്‍ഹജ്ജ് 10, 11 തീയതികളില്‍ രാത്രി മിനയില്‍ രാപ്പാര്‍ക്കണം. 11നും 12നും മൂന്ന് ജംറകളിലും ഏഴ് വീതം കല്ലുകള്‍ എറിയുക. ഇതിനു ശേഷം മിനയില്‍ പോരാന്‍ ഉദ്ദേശിക്കുന്നവര്‍ മഗ്‌രിബിന് മുമ്പായി മിനയുടെ അതിര്‍ത്തി വിടേണ്ടതുണ്ട്. അല്ലാത്ത പക്ഷം 13ന് കല്ലേറ് നടത്തി മാത്രമേ പോകാവൂ.
മക്കയില്‍ ത്വവാഫിനും സഅ്‌യിനും വന്‍തിരക്ക് അനുഭവപ്പെടുന്നത് ലഘൂകരിക്കുന്നതിന് വേണ്ടി ഈ വര്‍ഷം പകുതി ആളുകളെ മാത്രമേ ദുല്‍ഹജ്ജ് 12ന് മിന വിടാന്‍ അനുവദിക്കുകയുള്ളൂ.
മക്കയിലെത്തി ഹജ്ജിന്റെ ത്വവാഫും സഅ്‌യും നിര്‍വഹിക്കുന്നതോടെ ഇഹ്‌റാമില്‍ നിന്ന് പൂര്‍ണമായും തഹല്ലുലായി.
നേരത്തെയുള്ള അറിയിപ്പനുസരിച്ച് നാട്ടിലേക്കുള്ള മടക്കയാത്ര/ മദീന യാത്രക്ക് തയ്യാറാവുക. മക്കയോട് വിടപറഞ്ഞ് കൊണ്ട് വിടവാങ്ങല്‍ ത്വവാഫ് നിര്‍വഹിക്കുക.
മദീന യാത്ര
നാട്ടില്‍ നിന്ന് ജിദ്ദയിലേക്ക് പുറപ്പെടുന്ന ഹാജിമാരെ അവരുടെ യാത്രാ തീയതിക്കനുസരിച്ച് ഹജ്ജിന് മുമ്പോ ഹജ്ജ് കഴിഞ്ഞോ മദീന സന്ദര്‍ശനത്തിന് കൊണ്ടുപോകും. ഹജ്ജിനു മുമ്പ് മദീന യാത്ര നടത്തുന്നവര്‍ 10 ദിവസത്തേക്കുള്ള എല്ലാ സാധനങ്ങളും ലഗേജില്‍ കരുതണം. ഹജ്ജിന് ശേഷമാണ് യാത്രയെങ്കില്‍ നമ്മുടെ മുഴുവന്‍ ലഗേജുകളും കൊണ്ടുപോകണം. നാട്ടിലേക്കുള്ള മടക്ക യാത്ര മദീനയില്‍ നിന്നായിരിക്കും.
മക്കയില്‍ നിന്ന് മദീനയിലേക്കുള്ള ദൂരം 450 കി. മീ ആണ്. ഇതിന് ഏകദേശം 10 മണിക്കൂര്‍ ബസ് യാത്രയുണ്ടാകും. മദീനയില്‍ എല്ലാവര്‍ക്കും ഒരേ കാറ്റഗറി താമസ സൗകര്യമാണുള്ളത്. ഹറമിന് തൊട്ടടുത്തുള്ള സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നതിനുള്ള അനുവാദമില്ല. മക്കയില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ കെട്ടിടങ്ങള്‍ക്ക് പ്രത്യേക നമ്പറുകളില്ല. ബില്‍ഡിംഗില്‍ നിന്ന് പുറത്തിറങ്ങുന്നതിന് മുമ്പ് മേല്‍വിലാസക്കുറിപ്പ് കൈയില്‍ സൂക്ഷിക്കണം. തിരികെ മുറിയിലെത്താന്‍ ഇതാവശ്യമാണ്.
മസ്ജിദുന്നബവിയിലേക്കുള്ള വഴി മനസ്സിലാക്കുക. മസ്ജിദുന്നബവിയുടെ അതിവിശാലമായ മുറ്റത്തേക്ക് പ്രവേശിക്കുന്നതിന് ചുറ്റും ധാരാളം കവാടങ്ങളുണ്ട്. പ്രവേശിക്കുന്ന കവാടത്തിന്റെ നമ്പറും പേരും ഓര്‍ക്കുക. മുറ്റത്തിന്റെ അണ്ടര്‍ഗ്രൗണ്ടില്‍ ടോയ്‌ലറ്റ് സൗകര്യങ്ങളും പാര്‍ക്കിംഗ് സൗകര്യവും ഒരുക്കിയിരിക്കുന്നു. ടോയ്‌ലറ്റിലേക്കുള്ള പ്രവേശ കവാടങ്ങള്‍ മുറ്റത്ത് കാണാന്‍ സാധിക്കും. അതിന്റെ നമ്പര്‍ ശ്രദ്ധിക്കുക. പള്ളിയില്‍ നിന്ന് തിരിച്ചുപോരുമ്പോള്‍ ഒത്തുകൂടേണ്ട സ്ഥലം മുന്‍കൂട്ടി നിശ്ചയിക്കുക.
മസ്ജിദുന്നബവിയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക പ്രാര്‍ഥനാ സ്ഥലങ്ങള്‍ ആണുള്ളത്. പ്രവേശന കവാടങ്ങള്‍ക്ക് പേരും നമ്പറും ഓര്‍ത്തുവെക്കുക.
മസ്ജിദുന്നബവിയിലേക്ക് പ്രാര്‍ഥനയോടെ പ്രവേശിക്കുക. ദിക്‌റുകളും ദുആകളും ഖുര്‍ആന്‍ പാരായണവുമായി പള്ളിയില്‍ കഴിയുക.
മസ്ജിദുന്നബവിയോട് ചേര്‍ന്നുള്ള വീട്ടിലാണ് നബി(സ്വ)യും പത്‌നി ആഇശ (റ)യും താമസിച്ചിരുന്നത്. ഇവിടെ വെച്ചാണ് നബി(സ്വ) വഫാത്തായതും. ആ സ്ഥലത്ത് തന്നെയാണ് തങ്ങളെ ഖബറടക്കിയതും. നബി(സ്വ) യുടെ വീടിന്റെയും നബി ഉപയോഗിച്ചിരുന്ന മിംബറിന്റെയും ഇടയിലുള്ള സ്ഥലം പച്ച കലര്‍ന്ന കാര്‍െപ്പറ്റ് വിരിച്ചതായി കാണാം. ഇതാണ് റൗളാ ശരീഫ്. സ്വര്‍ഗത്തില്‍ നിന്നുള്ള ഒരു തോപ്പ് ആണ് പരിശുദ്ധ റൗള എന്ന് നബി(സ്വ ) അരുളിയിട്ടുണ്ട്. അവിടെ വെച്ച് നിസ്‌കരിക്കലും മറ്റ് പുണ്യ കര്‍മങ്ങള്‍ ചെയ്യുന്നതും ഏറെ ശ്രേഷ്ഠമാണ്. റൗളയില്‍ എപ്പോഴും നല്ല തിരക്കുണ്ടാകും. സാവധാനത്തില്‍ അവിടെ പ്രവേശിച്ച് നിസ്‌കാരത്തിനു ശേഷം മറ്റുള്ളവര്‍ക്ക് സൗകര്യപ്പെടുത്തുക.
സ്ത്രീകള്‍ക്ക് റൗളയില്‍ പ്രാര്‍ഥിക്കുന്നതിനും ഖബര്‍ സിയാറത്തിനും പ്രത്യേക സമയം ക്രമീകരിച്ചിട്ടുണ്ട്.
റൗളയുടെ മുന്‍ഭാഗത്ത് നിന്ന് ഇടത് വശത്തേക്ക് അല്‍പ്പം മുന്നോട്ട് നീങ്ങിയാല്‍ ഇടത് വശത്ത് നബി(സ്വ) യുടെയും തുടര്‍ന്ന് അബൂബക്കര്‍(റ), ഉമര്‍(റ) എന്നിവരുടെയും ഖബറുകള്‍ ഉണ്ട്. ഇവ സന്ദര്‍ശിക്കാവുന്നതാണ്.
ചരിത്രപ്രാധാന്യമുള്ള ധാരാളം സ്ഥലങ്ങള്‍ മദീനയിലും സമീപ പ്രദേശങ്ങളിലുമുണ്ട്. ധാരാളം സ്വഹാബിമാരെ മറവ് ചെയ്ത ജന്നത്തുല്‍ ബഖീഅ് പള്ളിയുടെ തൊട്ടടുത്താണ്. കൂടാെത ഉഹ്ദ്, ഖന്‍തഖ് യുദ്ധ പ്രദേശങ്ങള്‍, മസ്ജിദുല്‍ ഖുബ, മസ്ജിദുല്‍ ഖിബ്‌ലതൈന്‍, ഖുര്‍ആന്‍ പ്രിന്റിംഗ് പ്രസ്, മ്യൂസിയം എന്നിവ സന്ദര്‍ശിക്കാവുന്നതാണ്.
മദീനയില്‍ മിക്കവാറും തണുപ്പാണ്. പെട്ടെന്ന് മാറ്റമുണ്ടാകുന്ന കാലാവസ്ഥയാണവിടെ. അതുകൊണ്ട് പുറത്തിറങ്ങുമ്പോള്‍ തണുപ്പിനുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് സുരക്ഷിതമായിരിക്കും.
മദീനയിലെ ഈത്തപ്പഴം വളരെ പ്രസിദ്ധമാണല്ലോ. മസ്ജിദുന്നബവിയുടെ തൊട്ടടുത്ത് തന്നെ വളരെ വിശാലമായ ഈത്തപ്പഴ മാര്‍ക്കറ്റ് ഉണ്ട്. 100 കണക്കിന് കടകള്‍ ഒന്നിച്ചിവിടെ കാണാന്‍ സാധിക്കും.
നേരത്തെ സൂചിപ്പിച്ച പോലെ അഞ്ച് ബ്രാഞ്ച് ആശുപത്രികളും ഒരു മെയിന്‍ ആശുപത്രിയും ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യങ്ങള്‍ ഇന്ത്യന്‍ ഹജ്ജ് മിഷന് മദീനയിലുണ്ട്. കൂടാതെ സഊദി സര്‍ക്കാര്‍ വക ഹൈടെക് ആശുപത്രികളുമുണ്ട്. ആവശ്യമെങ്കില്‍ ഈ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്.
ഇനി മടങ്ങാം
അധികൃതരില്‍ നിന്ന് ലഭിക്കുന്ന അറിയിപ്പ് അനുസരിച്ച് മടക്ക യാത്രക്ക് ഒരുങ്ങുക. അനുവദിക്കപ്പെട്ടിട്ടുള്ള ലഗേജ്, ഹാന്‍ഡ് ബാഗേജ് തുടങ്ങിയവ നിശ്ചിത തൂക്കത്തിലും സൈസിലുമുള്ള ബേഗുകളില്‍ തയ്യാറാക്കിവെക്കുക.
ലഗേജ് 45 കി.ഗ്രാം, ഹാന്‍ഡ് ബാഗേജ് 10 കി. ഗ്രാം, സംസം10 ലിറ്റര്‍ എന്നിങ്ങനെയാണ് അനുവദിക്കപ്പെട്ടത്. താമസ സ്ഥലത്തുവെച്ചുതന്നെ ലഗേജ് ബന്ധപ്പെട്ടവര്‍ ഏറ്റെടുത്ത് ടോക്കണ്‍ നല്‍കും. അധികമുള്ള ലഗേജ് നിശ്ചിത ഫീസ് അടച്ചാല്‍ കാര്‍ഗോ വഴി അയക്കാനുള്ള സംവിധാനവും അവിടെ വെച്ചുതന്നെ ചെയ്യാവുന്നതാണ്. ഓരോ ഹാജിക്കും 10 ലിറ്റര്‍ സംസം ഹജ്ജ് കമ്മിറ്റി കാലിക്കറ്റ് വിമാനത്താവളത്തില്‍ വെച്ച് നല്‍കുന്നതാണ്.
വിമാനം പുറപ്പെടുന്നതിന് നിശ്ചിത മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ ഹാജിമാരെ ജിദ്ദ/ മദീന വിമാനത്താവളത്തിലേക്ക് കൊണ്ടുപോകും. അറിയിപ്പനുസരിച്ച് വിമാനത്തില്‍ കയറുക. വിമാനത്തില്‍ നേരത്തെ സൂചിപ്പിച്ച കാര്യങ്ങളൊക്കെ കൃത്യമായി പാലിക്കുക.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങി എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഹാളിലേക്ക് എത്തി നിങ്ങളുടെ ലഗേജ് എടുക്കുക. കസ്റ്റംസ് പരിശോധന ആവശ്യമെങ്കില്‍ നടത്തി പുറത്തുകടക്കുക.
അല്ലാഹുവിന്റെ അതിഥികളായി പുണ്യ ഭൂമിയിലേക്ക് തീര്‍ഥാടനത്തിന് പുറപ്പെടുന്ന നാം എല്ലാം പടച്ച തമ്പുരാനില്‍ ഭരമേല്‍പ്പിക്കുക. അങ്ങനെ നിര്‍ഭയരായി യാത്രയും കര്‍മങ്ങളും നിര്‍വഹിക്കാന്‍ ശ്രദ്ധിക്കുക. ഏതവസരത്തിലും ക്ഷമിക്കാനും പൊറുക്കാനുമുള്ള മനസ്സുണ്ടാകണം. മറ്റ് ഹാജിമാരോട് സഹകരിച്ചും സഹായിച്ചും കഴിയുക.
മുതവ്വിഫ്, ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥര്‍, ഹജ്ജ് കമ്മിറ്റി വളണ്ടിയര്‍മാര്‍ എന്നിവരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുക. അവരുമായി സഹകരിക്കുക. 300 ഹാജിമാര്‍ക്ക് ഒരു വളണ്ടിയര്‍ ആണ് ഉണ്ടാകുക.
നിങ്ങളുടെ യാത്ര എളുപ്പമുള്ളതാക്കി മഖ്ബൂലും മബ്‌റൂഖുമായ ഹജ്ജും ഉംറയും നിര്‍വഹിച്ച് ആരോഗ്യത്തോടെ തിരിച്ചെത്തി കുടുംബത്തോടൊന്നിക്കാന്‍ പടച്ച തമ്പുരാന്‍ തൗഫീഖ് ചെയ്യട്ടെ.
(അവസാനിച്ചു)

---- facebook comment plugin here -----

Latest