വിഭാഗീയത സൃഷ്ടിക്കുന്നവരെ തിരിച്ചറിയുക

Posted on: August 18, 2013 6:00 am | Last updated: August 18, 2013 at 10:52 am
SHARE

siraj copyസ്വാതന്ത്ര്യത്തിന്റെ അറുപത്താറാമത്തെ പുലരി പൂര്‍ത്തിയാക്കി ഇന്ത്യ മുന്നോട്ടുകുതിക്കുകയാണ്. കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടക്ക് രാജ്യം നേടിയ മഹത്തായ പുരോഗതിയില്‍ അഭിമാനം കൊള്ളുന്നവനാണ് ഓരോ ഇന്ത്യക്കാരനും. സാമൂഹിക കെട്ടുറപ്പും സാമ്പത്തിക സുരക്ഷിതത്വവും മത സൗഹാര്‍ദവും ഊട്ടിയുറപ്പിക്കുന്നതായിരുന്നു കഴിഞ്ഞ ആറര പതിറ്റാണ്ടിലെ ഇന്ത്യന്‍ സാഹചര്യം. ഇതിന് വിപരീതമായി ഇന്ത്യയിലെ ചില പ്രദേശങ്ങളിലെങ്കിലും സംഘര്‍ഷങ്ങളും കലാപങ്ങളും രാഷ്ട്രീയ രക്തച്ചൊരിച്ചിലുകളും അരങ്ങേറിയത് വിസ്മരിക്കാനും കഴിയില്ല. ചിലത് മതങ്ങളുടെ പേരിലായിരുന്നെങ്കില്‍ മറ്റു ചിലതിന് രാഷ്ട്രീയത്തിന്റെയും ജാതിയുടെയും പ്രാദേശിക വാദങ്ങളുടെയും നിറങ്ങളായിരുന്നു. ഈ സാഹചര്യത്തില്‍ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നടത്തിയ സ്വാതന്ത്ര്യ ദിന പ്രഭാഷണം ഏറെ പ്രസക്തമാകുകയാണ്. രാജ്യത്ത് ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിച്ച് മുതലെടുപ്പ് നടത്തുന്നവര്‍ക്കെതിരെയുള്ള തുറന്നുപറച്ചിലായിരുന്നു പ്രസംഗത്തിന്റെ കാതല്‍. സങ്കുചിത വിഭാഗീയ പ്രത്യയശാസ്ത്രങ്ങള്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ലെന്നും അത്തരം ആശയങ്ങള്‍ സമൂഹത്തെ ഭിന്നിപ്പിക്കുകയും ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യത്യസ്ത ചിന്താഗതികളെ സഹിഷ്ണുതയോടെ സമീപിക്കാനുള്ള സംസ്‌കാരം ഇന്ത്യയിലെ ജനങ്ങള്‍ കൂടുതല്‍ നേടിയെടുക്കണമെന്നും സാമൂഹിക സഹവര്‍ത്തിത്വത്തിന്റെയും സുരക്ഷയുടെയും അന്തരീക്ഷം രാജ്യത്തിന് അനിവാര്യമാണെന്നും ഉണര്‍ത്തുന്നതായിരുന്നു ചെങ്കോട്ടയില്‍ നടന്ന പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രഭാഷണം.
വിഭാഗീയത സൃഷ്ടിച്ച് അടുത്ത് നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് നേടാനുള്ള ചില രാഷ്ട്രീയ കക്ഷികളുടെ കുടില ചിന്താഗതികളെ ജാഗ്രതയോടെ സമീപിക്കാനുള്ള മുന്നറിയിപ്പായിരുന്നു ഇത്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വം ഉള്ളില്‍ വെച്ച് താലോലിക്കുന്ന ബി ജെ പിയുടെ മുതിര്‍ന്ന നേതാക്കള്‍ വിഭാഗീയതയെ തുറുപ്പുചീട്ടാക്കി തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിത്തുടങ്ങിയിട്ടുണ്ട്. പൊടിപിടിച്ചു കിടന്ന പല ഒളി അജന്‍ഡകളും പൊടിതട്ടിയെടുത്താണ് പുതിയ കരുനീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നത്. പ്രത്യേകിച്ചും രാജ്യത്തെ ബഹുഭൂരിപക്ഷത്തിന്റെ പിന്തുണ നേടാന്‍ ഇത്തരം സാംസ്‌കാരിക- സാമൂഹിക- ജനാധിപത്യവിരുദ്ധമായ നയങ്ങള്‍ നേതൃത്വത്തിന്റെ പിന്തുണയോടെ കൊണ്ടുവരുന്നതില്‍ നിരവധി അപകടങ്ങളുണ്ട്. ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ ഭരണഘടന അനുവദിച്ചു നല്‍കുന്ന വിവിധ തരത്തിലുള്ള അവകാശങ്ങളെ ധ്വംസിക്കാനുള്ള ഇടങ്ങളാണ് വിഭാഗീയത സൃഷ്ടിച്ചെടുക്കുന്നത്. പ്രത്യേകിച്ചും തിരഞ്ഞെടുപ്പിന്റെ വിധി നിര്‍ണയിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത്തരം വിഭാഗീയതകള്‍ സൃഷ്ടിച്ച മുറിവുകള്‍ ഇന്നും ഉണങ്ങിയിട്ടില്ല. നാല് വോട്ടിനു വേണ്ടി ഇന്ത്യയുടെ അഖണ്ഡതയെ ചോദ്യം ചെയ്യുന്ന നടപടികളിലേക്ക് രാഷ്ട്രീയ നേതൃത്വങ്ങള്‍ ചുവടുമാറുന്നത് അപകടമാണ്. മുന്‍കാലങ്ങളില്‍ ഇതേ രീതിയില്‍ വിഭാഗീയതയെ വോട്ട് നേടാനുള്ള തട്ടകമാക്കിയപ്പോള്‍ അതിന്റെ പേരില്‍ നിരവധി ജീവനുകള്‍ നഷ്ടപ്പെട്ടു. നിരപരാധികള്‍ പാലായനം ചെയ്യേണ്ടി വന്നു. പ്രത്യേകിച്ചും ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ വിവിധ തലങ്ങളില്‍ വിഭാഗീയതയുടെയും വിഭാഗീയാനന്തരം സൃഷ്ടിക്കപ്പെട്ട അരക്ഷിതാവസ്ഥയുടെയും ദുരിതം ശരിക്കും അനുഭവിച്ചവരാണ്. ഇത്തരത്തില്‍ വിവിധ മത, ജാതി, ദേശങ്ങള്‍ക്കിടയിലെ വിഭാഗീയത സൃഷ്ടിക്കുന്ന വിടവ് താത്കാലികമല്ലെന്നും അത് ജനാധിപത്യത്തിന്റെ അടിവേരറുക്കുന്ന മാരക വൈറസാണെന്നും തിരിച്ചറിഞ്ഞിട്ടും വീണ്ടും ഇതിനെ പ്രോത്സാഹിപ്പിക്കുന്നതിനെ ജാഗ്രതയോടെ സമീപിക്കണം.
ജമ്മുകാശ്മീരിലെ കിഷ്ത്വാറില്‍ ഉണ്ടായ അനിഷ്ട സംഭവങ്ങളെ മുതലെടുക്കാന്‍ സംഘ്പരിവാര്‍ കൈമെയ് മറന്ന് രംഗത്തെത്തിയത് കഴിഞ്ഞ ആഴ്ചയിലാണ്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് അരുണ്‍ ജയ്റ്റ്‌ലി താഴ്‌വരയിലേക്ക് തിരിച്ചെങ്കിലും അധികൃതര്‍ അങ്ങോട്ട് പ്രവേശിക്കാന്‍ അനുവദിക്കാതിരിക്കുകയായിരുന്നു. താഴ്‌വരയില്‍ ഇതിന് മുമ്പും നിരവധി കലാപങ്ങളുണ്ടായിട്ടുണ്ട്. നൂറു കണക്കിന് നിരപരാധികള്‍ വെടിയുണ്ടകളേറ്റ് മരിച്ചുവീണിട്ടുണ്ട്. പക്ഷേ അതൊന്നും ഇരുമതവിഭാഗങ്ങള്‍ക്കിടയിലായിരുന്നില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. സാമുദായിക നിറം അതിനാരും നല്‍കിയിട്ടുമുണ്ടായിരുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ, കിഷ്ത്വാറിലെ സംഘര്‍ഷത്തെ വിഭാഗീയതയുടെ നിറം ചാര്‍ത്തി മുതലെടുപ്പ് നടത്താനുള്ള സംഘ്പരിവാര്‍ ശ്രമം പരാജയപ്പെടുകയായിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ വര്‍ഗീയ കലാപങ്ങള്‍ക്ക് തിരികൊളുത്തി അവസരം മുതലെടുക്കാന്‍ സംഘ്പരിവാര്‍ ശക്തികള്‍ പദ്ധതികള്‍ തയ്യാറാക്കുന്നുണ്ടെന്ന് സൂചനകള്‍ ലഭിച്ചുതുടങ്ങി. ദീര്‍ഘകാലമായി തങ്ങളോടൊപ്പമുണ്ടായിരുന്ന ജെ ഡി യു വഴിപിരിഞ്ഞതോടെ വര്‍ഗീയത തന്നെ ശരണമെന്ന രീതിയാണ് ബി ജെ പി പുലര്‍ത്തുന്നത്. കഴിഞ്ഞ നാല് ആഴ്ചകള്‍ക്കുള്ളില്‍ 24 വര്‍ഗീയ കലാപങ്ങള്‍ ബീഹാറില്‍ അരങ്ങേറി. 40 ലോക്‌സഭാ സീറ്റുകളാണ് ബീഹാറിന് സ്വന്തമെന്ന കാര്യം പ്രാധാന്യമര്‍ഹിക്കുന്നു. 80 ലോക്‌സഭാ സീറ്റുകളുള്ള യു പിയിലും ഇതേ കുതന്ത്രമാണ് ഇവര്‍ അനുവര്‍ത്തിക്കുന്നത്. ഇതിനോടകം നിരവധി കലാപങ്ങള്‍ ഇവിടെ അരങ്ങേറി. ജെ ഡി യുവിന് വര്‍ധിച്ചുവരുന്ന മുസ്‌ലിം പിന്തുണയില്‍ അസഹ്യരായാണ് ഇത്തരം കലാപങ്ങളെ നിയന്ത്രിക്കുന്നത് തന്നെ.
ഒരു തിരഞ്ഞെടുപ്പും അതിലെ ജയപരാജയങ്ങളും അപ്രസക്തമാകുന്ന സമയത്തും തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനു വേണ്ടി പുറത്തെടുത്ത വിഷസര്‍പ്പങ്ങള്‍ സമൂഹമധ്യേ വിഷം ചൊരിഞ്ഞുകൊണ്ടിരിക്കുമെന്ന ബോധം രാഷ്ട്രീയ നേതൃത്വങ്ങള്‍ തിരിച്ചറിയണം. തലമുറകളായി നാം കാത്തുപോരുന്ന ഇഴകിച്ചേരലുകളെ വോട്ട്‌പെട്ടിയുടെ പേരില്‍ അറത്തുമാറ്റുന്നത് ഭൂഷണമല്ല. സ്വാതന്ത്ര്യ പുലരിയില്‍ ചെങ്കോട്ടയില്‍ വെച്ച് പ്രധാനമന്ത്രി നല്‍കിയ സന്ദേശം നല്‍കുന്ന പാഠമതാണ്; വിഭാഗീയത സൃഷ്ടിച്ച് അധികാരത്തിലേറാന്‍ കാത്തിരിക്കുന്നവര്‍ ഈ സന്ദേശത്തെ മറ്റൊരു രാഷ്ട്രീയ മുതലെടുപ്പായി വ്യാഖ്യാനിച്ചാലും.