Connect with us

Kerala

ജനമൈത്രി പോലീസ് ലക്ഷ്യം കണ്ടില്ലെന്ന് പഠനം

Published

|

Last Updated

കണ്ണൂര്‍: പൊതുജനവും പോലീസും തമ്മിലുള്ള അകലം കുറക്കാനും കുറ്റകൃത്യങ്ങള്‍ വ്യാപിക്കുന്നത് തടയാനുമായി സംസ്ഥാനത്ത് ആവിഷ്‌കരിച്ച ജനമൈത്രി പോലീസ് പദ്ധതി ലക്ഷ്യം കണ്ടില്ലെന്ന് പഠനം. ആദ്യ ഘട്ടത്തില്‍ ഏറെ പ്രതീക്ഷക്ക് വക നല്‍കിയിരുന്ന പദ്ധതി അഞ്ചാം ഘട്ടത്തിലേക്ക് കടന്നപ്പോള്‍ പോലീസുകാര്‍ക്കിടയില്‍ ഇത് സ്വത്വപ്രതിസന്ധി സൃഷ്ടിക്കാന്‍ കൂടി ഇടയാക്കിയെന്നും കുറ്റകൃത്യങ്ങള്‍ കുറക്കുന്നതിന് കാര്യമായി സഹായിച്ചില്ലെന്നും, കേരള പോലീസിനു വേണ്ടി മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് സോഷ്യല്‍ സയന്‍സിന്റെ കേരള സെന്റര്‍ നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു.
ഡോ. എബി ജോര്‍ജ്, ഡോ. ജ്യോതികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ വിദഗ്ധ പഠനത്തിന്റെ റിപ്പോര്‍ട്ട് സംസ്ഥാന പോലീസ് മേധാവിക്ക് മുന്നില്‍ ഇതിനകം സമര്‍പ്പിച്ചു കഴിഞ്ഞു. ജനകീയ സ്വഭാവം കൈവരിക്കുന്നതില്‍ നിന്നും മനുഷ്യാവകാശമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിന്നും വ്യതിചലിക്കുന്ന നിലയിലേക്കാണ് സംസ്ഥാനത്തെ ജനമൈത്രി പോലീസ് മാറിപ്പോയതെന്ന് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. സ്റ്റേഷനില്‍ ഇരിക്കുമ്പോള്‍ ഒരു മുഖവും, ജനമൈത്രി പോലീസായി മാറുമ്പോള്‍ മറ്റൊരു മുഖവും സ്വീകരിക്കേണ്ടി വരുന്നത് പോലീസുകാരുടെ വ്യക്തിത്വത്തെ തന്നെ ബാധിക്കുന്നതായും പഠന റിപ്പോര്‍ട്ട് പറയുന്നു. ഈ വര്‍ഷം ഫെബ്രുവരിയിലാണ് “ടിസ്സി”ന്റെ നേതൃത്വത്തില്‍ ജനമൈത്രി പോലീസിനെ കുറിച്ച് പഠനം തുടങ്ങിയത്. ഓരോ ജില്ലയിലും നഗരത്തിലും ഗ്രാമത്തിലുമായി ജനമൈത്രി പോലീസ് സ്റ്റേഷനും ഇതില്ലാത്ത ഓരോ പോലീസ് സ്റ്റേഷനുമാണ് പഠനത്തിന് തിരഞ്ഞെടുത്തത്.
പല സ്റ്റേഷനുകളിലും ജനമൈത്രി നിര്‍ദേശങ്ങളും നടപടിക്രമങ്ങളും പാലിച്ചിട്ടില്ലെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ രണ്ട് വര്‍ഷം പ്രതിമാസ യോഗങ്ങളോ ബീറ്റ് സംവിധാനമോ നടക്കാത്ത സ്റ്റേഷനുകളുമുണ്ട്. ജനമൈത്രി ഫണ്ട് ചെലവഴിച്ചതിന്റെ രേഖകള്‍ പലയിടത്തുമില്ല. സമിതി മീറ്റിംഗിന്റെ മിനുട്‌സ് ബുക്കും ബീറ്റ് ഡയറിയും സൂക്ഷിക്കാത്ത സ്റ്റേഷനുകളുണ്ടെന്നും കണ്ടെത്തിയതായി റിപ്പോര്‍ട്ട് പറയുന്നു. ഒരിക്കല്‍ പോലും ബീറ്റ് ഓഫീസര്‍മാര്‍ എത്താത്ത സ്റ്റേഷനുകളുമുണ്ട്. രാത്രി പട്രോളിംഗോ സെക്യൂരിറ്റി സംവിധാനങ്ങളോ ക്രൈം സ്റ്റോപ്പറോ ട്രാഫിക് വാര്‍ഡന്‍, വനിത ജാഗ്രതാ സമിതി എന്നിവയോ പലയിടത്തും ഇല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ 48 സ്റ്റേഷനുകളിലായി ജനമൈത്രി പോലീസ് ഓഫീസര്‍മാര്‍, പരാതിക്കാര്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും പഠനത്തിന്റെ ഭാഗമായി റിപ്പോര്‍ട്ട് തേടി. പദ്ധതി നടപ്പാക്കിയ പോലീസ് സ്റ്റേഷനുകളില്‍ 83 ശതമാനം ജനങ്ങള്‍ക്കും ഈ പദ്ധതിയെക്കുറിച്ച് ധാരണയുണ്ടെന്ന് പഠനം കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ഇപ്പോള്‍ ജനമൈത്രിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളും പ്രാദേശികമായുള്ള ജനമൈത്രി സമിതികളുടെ യോഗങ്ങളും കുറഞ്ഞുവരികയാണെന്നും പഠനം വിലയിരുത്തി.
പോലീസ് സേനാംഗങ്ങളുടെ കുറവ്, ജനമൈത്രി ഡ്യൂട്ടിക്ക് നല്‍കുന്ന താഴ്ന്ന മുന്‍ഗണന, ബീറ്റ് സന്ദര്‍ശനം കൃത്യമാകാത്തത്, മേല്‍നോട്ടത്തിലെ കുറവ്, ഉദ്യോഗസ്ഥരുടെ അടിക്കടിയുള്ള സ്ഥലംമാറ്റം, ആവശ്യത്തിന് വാഹനങ്ങള്‍ ലഭ്യമല്ലാത്തത്, ഫോണ്‍ സൗകര്യങ്ങളുടെ കുറവ് തുടങ്ങിയ പരിമിതികളാണ് ജനമൈത്രിയുടെ കാര്യക്ഷമത കുറക്കുന്നതെന്നും പഠനം പറയുന്നു. ജനമൈത്രി ചുമതലയുള്ള പോലീസുകാര്‍ക്ക് മറ്റ് ചുമതലകള്‍ നിര്‍വഹിക്കേണ്ടി വരുന്നു. ഇതിനാല്‍ ജോലി ഭാരം കാരണം കാര്യക്ഷമതക്ക് തടസ്സം ഉണ്ടാകുന്നു. പദ്ധതി ചുമതലയുള്ള 22 ശതമാനം ബീറ്റ് ഓഫീസര്‍മാര്‍ക്ക് ഇനിയും പരിശീലനം ലഭിക്കേണ്ടതുണ്ടെന്നും പഠനം പറയുന്നുണ്ട്.