കോളജ് സീറ്റ് വിവാദം; എം എസ് എഫിന്റെ നാല് പഞ്ചായത്ത് കമ്മിറ്റികളും രാജിക്ക്‌

Posted on: August 18, 2013 7:53 am | Last updated: August 18, 2013 at 7:53 am
SHARE

വേങ്ങര: മണ്ഡലത്തിലെ പുതിയ എയ്ഡഡ് കോളജിലെ പ്രവേശനം സംബന്ധിച്ച് മുസ്‌ലിം ലീഗിനുള്ളില്‍ വിവാദം കൊഴുക്കുന്നു. കഴിഞ്ഞ ദിവസം മണ്ഡലം എം എസ് എഫ് കമ്മിറ്റി രാജിക്കത്ത് നല്‍കിയതിന് പിറകെ ഇന്നലെ മണ്ഡലത്തിലെ എം എസ് എഫിന്റെ എല്ലാ പഞ്ചായത്ത് കമ്മിറ്റികളും രാജിക്കൊരുങ്ങി. വേങ്ങര, പറപ്പൂര്‍, ഏ ആര്‍ നഗര്‍, കണ്ണമംഗലം, ഊരകം, ഒതുക്കുങ്ങല്‍ പഞ്ചായത്ത് കമ്മിറ്റികളാണ് രാജിക്കായുള്ള ഒരുക്കം ലീഗ് നേതൃത്വത്തെ അറിയിച്ചത്.
കോളജിലെ മാനേജ്‌മെന്റ് സീറ്റില്‍ എസ് ഐ ഒ പ്രവര്‍ത്തകന് പ്രവേശനം നല്‍കിയത് സംബന്ധിച്ച വിവാദമാണ് മണ്ഡലം ലീഗ് നേതൃത്വത്തില്‍ കടുത്ത പ്രതിസന്ധിയുണ്ടാക്കിയത്. പാര്‍ട്ടിക്കും കോളജിനുമെതിരെ ശക്തമായി രംഗത്തുവന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തകന് നല്‍കിയ പ്രവേശനം റദ്ദ് ചെയ്യണമെന്നാണ് എം എസ് എഫിന്റെ ആവശ്യം. വിദ്യാഭ്യാസ മന്ത്രിയുടെ ബന്ധുവായ വിദ്യാര്‍ഥി ഏതാനും പ്രാദേശിക ലീഗ് നേതാക്കളുടെ രഹസ്യ ശിപാര്‍ശയോടെയാണ് പ്രവേശനം തരപ്പെടുത്തിയത്.
സംഭവം വിവാദമായതോടെ പ്രവേശനം സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ വിദ്യാഭ്യാസമന്ത്രിയും സ്ഥാപന അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എം എസ് എഫ് സംഭവം വിവാദമാക്കിയതോടെ ക്ലാസില്‍ വന്ന് തുടങ്ങിയ കുട്ടിയോട് തത്കാലം ക്ലാസില്‍ വരേണ്ടെന്ന നിലപാടാണ് സ്ഥാപന അധികൃതര്‍ കൈകൊണ്ടത്. വിദ്യാര്‍ഥിയെ സ്ഥാപനത്തില്‍ നിന്ന് ഒഴിവാക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം മണ്ഡലം എം എസ് എഫ് കമ്മിറ്റി ജില്ലാ-സംസ്ഥാന നേതൃത്വത്തിന് രാജിക്കത്ത് സമര്‍പ്പിച്ചിരുന്നു. മണ്ഡലത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ കോളജിന് സ്ഥലമില്ലെന്ന കാരണം പറഞ്ഞ് ലീഗ് മണ്ഡലം ഭാരവാഹികള്‍ പ്രധാന ഭാരവാഹികളായി രൂപവത്കരിച്ച ട്രസ്റ്റാണ് കോളജ് നടത്തുന്നത്.
കോളജ് പ്രവേശനം വിവാദമാകാതിരിക്കാന്‍ മണ്ഡലം യൂത്ത്‌ലീഗ്, എം എസ് എഫ് കമ്മിറ്റികള്‍ക്ക് ഓരോ സീറ്റ് നല്‍കിയിരുന്നു. മാനേജ്‌മെന്റ് അംഗങ്ങള്‍ നല്‍കിയ സീറ്റില്‍ പ്രവേശനം നല്‍കിയ വിദ്യാര്‍ഥിയെ ചൊല്ലിയാണ് വിവാദമുള്ളത്. പ്രശനം രൂക്ഷമായതോടെ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നേതൃത്വത്തെ വിളിച്ച് പ്രശ്‌നം രമ്യമായി പരിഹരിക്കനും മന്ത്രിമാരുടെ മധ്യസ്ഥതക്ക് അവസരമൊരുക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച് ഇന്നലെ രാവിലെ കോളജ് ഭാരവാഹികളായ മണ്ഡലം ലീഗ് നേതാക്കളും എം എസ് എഫ് നേതാക്കളും തമ്മില്‍ ഏറെ നേരം ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല.