സോളാര്‍: സരിതയെയും ബിജുവിനെയും കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കി

Posted on: August 18, 2013 7:42 am | Last updated: August 18, 2013 at 7:42 am
SHARE

കൊയിലാണ്ടി: സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതികളായ സരിത എസ് നായരെയും ബിജു രാധാകൃഷ്ണനെയും ഇന്നലെ കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കി. എലത്തൂര്‍ മൊകവൂര്‍ സ്വദേശിയായ വിന്‍സന്റ് സൈമണ്‍ നല്‍കിയ പരാതിപ്രകാരം എലത്തൂര്‍ പോലീസ് ചാര്‍ജ് ചെയ്ത കേസിലാണ് ഇരുവരെയും കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി മുമ്പാകെ ഹാജരാക്കിയത്.
പരാതിക്കാരനായ സൈമണില്‍ നിന്ന് 12 ലക്ഷത്തോളം രൂപ വ്യാജരേഖ ചമച്ചും ആള്‍മാറാട്ടം നടത്തിയും തട്ടിയെടുത്തുവെന്നാണ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. ഇത് തെളിയിക്കാന്‍ സരിതയുടെയും ബിജു രാധാകൃഷ്ണന്റെയും കൈയക്ഷരം ആവശ്യമാണെന്നും ഇതിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടുതരണമെന്നുമാണ് പോലീസ് ആവശ്യപ്പെട്ടത്. എന്നാല്‍ കൈയക്ഷരം കോടതി മുറിയില്‍ വെച്ച് തന്നെ എഴുതിവാങ്ങിയാല്‍ മതിയെന്ന് മജിസ്‌ട്രേറ്റ് പി പ്രദീപ് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരുടെയും കൈയക്ഷരം കോടതി മുറിയില്‍ വെച്ച് രേഖപ്പെടുത്തി. ഇത് വിദഗ്ധ പരിശോധനക്ക് അയക്കും.
സരിതയോട് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഒന്നും പറയാനില്ലെന്നായിരുന്നു മറുപടി. എന്നാല്‍ ബിജു രാധാകൃഷ്ണന്‍ തനിക്ക് ചിലത് പറയാനുണ്ടെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അത് രേഖാമൂലം വേണമെന്ന് കോടതി ഓര്‍മിപ്പിച്ചു. തന്റെ ആദ്യ ഭാര്യ രശ്മിയുടെ മരണവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തിനും താന്‍ തയ്യാറാണെന്നും ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണണമെന്നും കൊട്ടാരക്കരയിലുള്ള തന്റെ മൂന്ന് ജോടി ഡ്രസ്സുകള്‍ എത്തിച്ചുതരണമെന്നും ബിജു ആവശ്യപ്പെട്ടു. തുടര്‍ന്ന് രണ്ട് ദിവസത്തേക്ക് കോടതി ഇവരെ പോലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. തുടര്‍ന്ന് താമരശ്ശേരിയില്‍ എത്തിച്ച ശേഷം ഇരുവരില്‍ നിന്നും പോലീസ് മൊഴി രേഖപ്പെടുത്തിയ ശേഷം വീണ്ടും വൈകീട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
ബിജു എഴുതിക്കൊടുത്ത പരാതി ബന്ധപ്പെട്ട കോടതിയെ അറിയിക്കണമെന്ന് മജിസ്‌ട്രേറ്റ് പി പ്രദീപ് പറഞ്ഞു. തുടര്‍ന്ന് ഇരുവരെയും റിമാന്‍ഡ് ചെയ്തു. സരിതയെ ജില്ലാ വനിതാ ജയിലിലേക്കും ബിജുവിനെ ജില്ലാ ജയിലിലേക്കും കൊണ്ടുപോയി.