Connect with us

Kozhikode

വേറിട്ട കാഴ്ചകളൊരുക്കി കരകൗശല പ്രദര്‍ശനം

Published

|

Last Updated

കോഴിക്കോട്: നഗരത്തിന് പുതുമോടിയും രൂപഭാവങ്ങളും പകരുന്ന വാസ്തുശില്‍പ്പികളുടെ പ്രദര്‍ശന വേദിയിലേക്ക് സന്ദര്‍ശക പ്രവാഹം. ബൈപ്പാസിലെ സരോവരം എമറാള്‍ഡ് ഗ്രൗണ്ടില്‍ നടക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒാഫ് ആര്‍ക്കിടെക്റ്റ്‌സ് കാലിക്കറ്റ് സെന്ററിന്റെ പ്രദര്‍ശന വേദിയാണ് വേറിട്ട കാഴ്ചകള്‍ തേടിയെത്തുന്നവരുടെ ആകര്‍ഷണ കേന്ദ്രമായത്.
ഐ ഐ എയുടെ ഡിസൈന്‍ സ്ട്രീറ്റ് ബില്‍ഡ് എക്‌സ്‌പൊയില്‍ ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജ് ഒരുക്കിയ കരകൗശല ഉത്പന്നങ്ങളുടെ പ്രദര്‍ശനം വേറിട്ട ഇനമായി. നിസ്സാരമെന്ന് കരുതുന്ന പ്രകൃതിവിഭവങ്ങള്‍കൊണ്ട് നിര്‍മിച്ചവയാണ് ക്രാഫ്റ്റ് വില്ലേജിന്റെ ഉത്പന്നങ്ങള്‍.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്‍മാരാണ് സര്‍ഗാലയക്കു വേണ്ടി കരകൗശല വസ്തുക്കള്‍ ഒരുക്കുന്നത്. കേരളത്തിന്റെ സംസ്‌കാരം വിളിച്ചോതുന്ന തനത് കലാരൂപങ്ങളായ തെയ്യം, കഥകളി തുടങ്ങിയവയുടെ രൂപങ്ങള്‍ മനോഹരമായി ചുരുങ്ങിയ ചെലവില്‍ ഇവര്‍ നിര്‍മിക്കുന്നു. മുളകള്‍കൊണ്ടുള്ള കാന്‍ഡി ലൈറ്റ്, ഫഌവര്‍ വെയ്‌സ്, പേപ്പറുകള്‍കൊണ്ടും പുല്ലുകൊണ്ടും നിര്‍മിച്ച ഹെര്‍ബേറിയന്‍ പെയിന്റിംഗ് തുടങ്ങിയവ കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തുന്നു.
പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള ഉത്പന്നങ്ങള്‍ വ്യാപകമാകുമ്പോള്‍ പ്രകൃതി വിഭവങ്ങള്‍ ഉപയോഗപ്പെടുത്തി തനതു സംസ്‌കൃതിയിലേക്ക് തിരിച്ചുവിളിക്കുകയാണ് സര്‍ഗാലയയുടെ ഉത്പന്നങ്ങള്‍.
എക്‌സ്ബിഷനോടനുബന്ധിച്ച് പൊതുവാസ്തുവിനെ കുറിച്ച് സംവാദവും നടന്നു. സിങ്കപ്പൂരില്‍ നിന്നുള്ള ടാങ് കോക് ഹിയാങ്, അഹമ്മദാബാദില്‍ നിന്നുള്ള നിമേഷ് പട്ടേല്‍, മുംബൈയില്‍ നിന്നുള്ള സമീര്‍ ബസ്‌റായി തുടങ്ങിയവര്‍ സംവാദത്തില്‍ പങ്കെടുത്തു. പൊതുജനങ്ങള്‍ക്ക് കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാനും സംശയനിവാരണത്തിനും പരിപാടിയില്‍ അവസരമൊരുക്കിയിരുന്നു.
ഐ ഐ എ ഭാരവാഹികളായ എ കെ പ്രശാന്ത്, വിനോദ് സിറിയക്, ബ്രിജേഷ് ഷൈജല്‍, പി പി വിവേക് തുടങ്ങിയവരും സംവാദത്തില്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest