Connect with us

Kannur

തളിപ്പറമ്പില്‍ പള്ളിയും മദ്‌റസയും തകര്‍ത്ത സംഭവം: അലമാറയിലൊളിച്ച മുഖ്യപ്രതി അറസ്റ്റില്‍

Published

|

Last Updated

തളിപ്പറമ്പ്: ഓണപ്പറമ്പില്‍ പള്ളിയും മദ്‌റസയും നിരവധി വാഹനങ്ങളും അടിച്ചുതകര്‍ത്ത സംഭവത്തില്‍ പ്രതിയെ ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റ് ചെയ്തു. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട കോരന്‍ പീടികയിലെ എം പി ലത്തീഫിനെ (30)യാണ് ഇന്നലെ കാലത്ത് വീട് വളഞ്ഞ് പോലീസ് പിടികൂടിയത്. പോലീസിനെ കണ്ടപ്പോള്‍ അലമാരക്കകത്ത് ഒളിച്ചിരിക്കുകായിരുന്നു ഇയാള്‍.

രണ്ട് വര്‍ഷം മുമ്പ് കോരന്‍ പീടികയില്‍ വെച്ച് പോലീസിനെ ആക്രമിച്ച സംഭവത്തിലെ പിടികിട്ടാപ്പുള്ളിയാണ് ലത്തീഫ്. കാപ്പ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. തളിപ്പറമ്പ് ഡി വൈ എസ് പി. കെ എസ് സുദര്‍ശന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.

ആഗസ്റ്റ് 15ന് രാത്രി പത്ത് മണിയോടെയാണ് പരിയാരം ഓണപ്പറമ്പില്‍ ഉദ്ഘാടനത്തിനൊരുങ്ങിയ മദ്‌റസത്തുല്‍ സലാമത്തുല്‍ ഈമാന്‍, മസ്ജിദു സലാമ എന്നവക്ക് നേരെ വിഘടിത സുന്നി വിഭാഗക്കാരായ ഇരുപതംഗ സംഘത്തിന്റെ നേതൃത്വത്തില്‍ അക്രമമഴിച്ചു വിട്ടത്. പള്ളിയുടെയും മദ്‌റസയുടെയും ചില്ലുകള്‍ പരക്കെ തകര്‍ത്തു. നാല് ബൈക്കുകളും രണ്ട് കാറുകളും അക്രമത്തിനിരയായി. 20 പേര്‍ക്കെതിരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തിട്ടുണ്ട്. വിഘടിത സുന്നി പ്രവര്‍ത്തകരായ കെ പി ഫായിസ്, എം കെ അബ്ദുല്‍ ഖാദര്‍ എന്നിവരെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം മുഴുവന്‍ പ്രതികളെയും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും ഇതിനുള്ള നടപടി ഊര്‍ജിതപ്പെടുത്തിയതായും തളിപ്പറമ്പ് ഡി വൈ എസ് പി. കെ എസ് സുദര്‍ശന്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതികള്‍ക്കായി വ്യാപകമായ റെയ്ഡും പോലീസ് നടത്തി.

Latest