എയര്‍ ഇന്ത്യ ബാഗേജ് വെട്ടിക്കുറക്കല്‍: നിവേദക സംഘം പ്രധാനമന്ത്രിയെ കാണും

Posted on: August 17, 2013 9:39 pm | Last updated: August 17, 2013 at 9:39 pm

air expressഅബുദാബി:  ഗള്‍ഫ് രാജ്യ ങ്ങളില്‍ നിന്ന് ഇന്ത്യ യിലേക്കുള്ള ബാഗേജ് അലവന്‍സ് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് 30 കിലോയില്‍ നിന്ന് 20 കിലോയായി വെട്ടി ക്കുറക്കുന്നതിനെതിരെ ഇന്ത്യന്‍ മീഡിയ അബൂദാബി യുടെ ആഭിമുഖ്യ ത്തില്‍ കേരള സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച ബഹുജനാഭിപ്രായ രൂപീകരണ ചര്‍ച്ചയില്‍ ശക്തമായ പ്രതിഷേധം.

20 കിലോ ബാഗേജിനു പുറമെ വരുന്ന 10 കിലോ ഗ്രാമിനു 50 ദിര്‍ഹം അധിക നിരക്ക് എന്ന എയര്‍ ഇന്ത്യാ എക്‌സ്പ്രസ് തീരുമാനം പ്രായോഗികമല്ല എന്നും ബാഗേജ് പരിധി 30  കിലോ എന്നത് തുടരണം  എന്നും പ്രവാസി ഇന്ത്യക്കാരുടെ വിവിധ സാമൂഹിക സാംസ്‌കാരിക  സംഘടനാ പ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടു.

ഈ മാസം 22 മുതല്‍ നടപ്പാക്കാനിരിക്കുന്ന തീരുമാനം ഉടന്‍ പുനഃപരിശോധിച്ച് പഴയ സ്ഥിതി തുടരണം  എന്ന ആവശ്യവുമായി വിവിധ സംഘടനകള്‍ ഡല്‍ഹിയില്‍ പോയി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനും കേന്ദ്ര വ്യോമയാന മന്ത്രി അജിത് സിങ്, സഹ മന്ത്രി കെ. സി. വേണു ഗോപാല്‍, പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി തുടങ്ങിയവര്‍ക്കും നിവേദനം സമര്‍പ്പിക്കും.

ഇന്ത്യയിലെ സാധാരണക്കാരായ യാത്രക്കാര്‍ക്ക് ഏറ്റവുമധികം അമിത ഭാരം സമ്മാനിക്കുന്ന എയര്‍ ഇന്ത്യാ എക്‌സപ്രസ് തീരുമാനം പിന്‍വലിക്കണം എന്ന ആവശ്യ ത്തില്‍ ഗള്‍ഫ് പ്രവാസികള്‍ ഏറ്റവും കൂടുതലുള്ള കേരളത്തിലെ കേന്ദ്രമന്ത്രി മാരുടെയും എം. പി. മാരുടെയും സഹകരണത്തോടെയാണ് പ്രധാനമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കുക.

ബാഗേജ് കുറച്ച് കൂടുതല്‍ യാത്രക്കാരെ കൊണ്ടു പോകും എന്ന എയര്‍ ഇന്ത്യാ എക്‌സപ്രസിന്റെ പ്രഖ്യാപനം അധിക 10 കിലോ ബാഗേജിന് 50 ദിര്‍ഹം എന്ന പ്രഖ്യാപന ത്തോടെ നടപ്പാക്കാന്‍ സാധിക്കില്ല എന്നുറപ്പാണ്.  പ്രവാസി ഇന്ത്യക്കാരെ വഞ്ചിക്കാനുള്ള നീക്കത്തിനെതിരെ കേന്ദ്ര വ്യോമയാന സഹമന്ത്രിയുടെ സഹായത്തോടെ എയര്‍ ഇന്ത്യാ എക്പ്രസ് അധികൃതര്‍ക്കും നിവേദനം നല്‍കുകയും  പ്രവാസി ഇന്ത്യക്കാരുടെ പ്രതിഷേധം അറിയിക്കുകയും ചെയ്യും.

ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ്  ജോയ് തോമസ് ജോണ്‍, മലയാളി സമാജം പ്രസിഡന്റ് മനോജ് പുഷ്‌ക്കര്‍, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എം. യു. വാസു, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവ ഹാജി എന്നിവരുടെ നേതൃത്വ ത്തിലാണ് നിവേദക സംഘം ഡല്‍ഹിക്കു പോവുക.

ഇന്ത്യന്‍ മീഡിയ അബുദാബി യുടെ ആഭിമുഖ്യ ത്തില്‍ ഇതു സംബന്ധിച്ച ആഗസ്റ്റ് നാളെ രാത്രി  8 മണിക്ക്  ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്ററില്‍ നടക്കുന്ന ഔദ്യോഗിക സംഘടന കളുടെ നേതൃ യോഗത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളും.

ഇന്ത്യന്‍ മീഡിയ അബുദാബി യുടെ പ്രസിഡന്റ് ടി. എ. അബ്ദുല്‍ സമദ് ചര്‍ച്ചയില്‍ മോഡറേറ്ററായിരുന്നു. കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എം. യു. വാസു ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ മീഡിയ പ്രസ് സെക്രട്ടറി പി. എം. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം ആശംസിച്ചു.

ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ്  ജോയ് തോമസ് ജോണ്‍, മലയാളി സമാജം പ്രസിഡന്റ് മനോജ് പുഷ്‌ക്കര്‍, സമാജം ജനറല്‍ സെക്രട്ടറി ഷിബു വര്‍ഗീസ്,  ജെയിംസ് മുരിക്കന്‍ എന്നിവര്‍ പ്രസംഗിച്ചു. കേരള സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ബി. ജയകുമാര്‍ ആമുഖ പ്രസംഗവും  മീഡിയ കോര്‍ഡിനേറ്റര്‍ ഫൈസല്‍ ബാവ നന്ദിയും പറഞ്ഞു.

വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രതിനിധി കളായ ബീരാന്‍കുട്ടി, യേശുശീലന്‍, എ. എം. ഇബ്രാഹിം, സഫറുല്ല പാലപ്പെട്ടി, വി. ടി. വി. ദാമോദരന്‍, സലിം ചോലമുഖത്ത്, ജയചന്ദ്രന്‍ നായര്‍, അബ്ദുല്‍ ഖാദര്‍ ഡിം െ്രെബറ്റ്, ഖാസിം പുറത്തില്‍, സിദ്ദീഖ് പൊന്നാട്, നാസറുദ്ദീന്‍, ഷെറീഫ് കാളച്ചാല്‍, സക്കീര്‍ ഹുസൈന്‍, ജസ്റ്റിന്‍ തോമസ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ഇന്ത്യന്‍ മീഡിയ അബുദാബി വൈസ് പ്രസിഡന്റ് ആഗിന്‍ കീപ്പുറം, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ അബ്ദുല്‍ റഹ്മാന്‍ മണ്ടായപ്പുറത്ത്, മനു കല്ലറ, ജോണി ഫൈന്‍ ആര്‍ട്‌സ്, ഹഫ്‌സല്‍ അഹ്മദ്, മീര ഗംഗാധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.