ലെഷ്കര്‍ നേതാവ് അബ്ദുള്‍ കരീം തുന്ദ അറസ്റ്റില്‍

Posted on: August 17, 2013 7:30 pm | Last updated: August 17, 2013 at 7:30 pm
SHARE

thundaന്യൂദല്‍ഹി: ലഷ്‌കറേ ത്വയ്യിബ നേതാവ് അബ്ദുല്‍ കരീം തുന്ദ അറസ്റ്റില്‍. വെള്ളിയാഴ്ച രാത്രി ഇന്തോ നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നാണ് ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ തുന്ദയെ അറസ്റ്റ് ചെയ്തത്. ഇന്ത്യ തിരയുന്ന 20 കൊടും കുറ്റവാളികളുടെ പട്ടികയില്‍പ്പെട്ടയാളാണ് തുന്ദ.

ഇന്ത്യയില്‍ 33 ഓളം ക്രിമിനല്‍ കേസുകളില്‍ ഇയാളെ പോലീസ് തിരയുന്നുണ്ടായിരുന്നു. ഇതിന് പുറമെ മുംബൈ ആക്രമണം ഉള്‍പ്പെടെ 40 സ്‌ഫോടന കേസുകളിലും തുന്ദക്ക് പങ്കുണ്ടെന്നാണ് കരുതുന്നത്.

1996 നും 1998 നും ഇടയില്‍ ഇന്ത്യയില്‍ നടന്ന പല ബോംബ് സ്‌ഫോടനങ്ങളിലും ഇയാള്‍ക്ക് മുഖ്യ പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. 1990 ഓടെ രാജ്യം വിട്ട തുന്ദ ബംഗ്‌ളാദേശില്‍ വെച്ച് മരിച്ചതായും കെനിയയില്‍ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മരിച്ചുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് തുന്ദക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ 2005ല്‍ അറസ്റ്റിലായ അബ്ദുല്‍ റസാഖ് മസുദ് എന്നയാള്‍ തുന്ദ ജീവിച്ചിരിപ്പുണ്ടെന്ന് വെളിപ്പെടുത്തി. ഇതേ തുടര്‍ന്നാണ് അന്വേഷണം പുനരാരംഭിച്ചത്.

78കാരനായ തുന്ദ ഉത്തര്‍ പ്രദേശ് സ്വദേശിയാണ്.