Connect with us

Kerala

സോളാര്‍ കേസ്: അന്വേഷണം നടപടിക്രമം അനുസരിച്ചെന്ന് എ ഡി ജി പി

Published

|

Last Updated

കൊച്ചി: സോളാര്‍ കേസിലെ അന്വേഷണ പുരോഗതി കൃത്യമായ നടപടി ക്രമങ്ങള്‍ അനുസരിച്ചാണെന്ന് അഡീഷണല്‍ ഡി ജി പി. എ ഹേമചന്ദ്രന്‍. തനിക്ക് സോളാര്‍ കേസിന്റെ ഏകോപന ചുമതല മാത്രമാണ് ഉള്ളതെന്നും അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണിക്ക് നല്‍കിയ വിശദീകരണത്തില്‍ അദ്ദേഹം വ്യക്തമാക്കി. സോളാര്‍ കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ തിരശ്ശീലക്ക് പിന്നിലാണോ എന്ന് ഹൈക്കോടതി കഴ്ിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ ആരെന്ന് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് കോടതി സര്‍ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഹേമചന്ദ്രന്‍ എ ജിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചത്.

സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ ഉണ്ടെന്നും അതിനാലാണ് അന്വേഷണ ചുമതല ആറ് ഡി വൈ എസ് പിമാര്‍ക്ക് വീതിച്ച് നല്‍കിയതെന്നും ഹേമചന്ദ്രന്‍ വ്യക്തമാക്കി. ഇക്കാര്യം കോടതിയില്‍ ഹാജരാക്കിയ രേഖകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് കേസുകളില്‍ ഇതുമായി ബന്ധപ്പെട്ട് അവ്യക്തത നിലനില്‍ക്കുന്നുവെന്ന കോടതി പരാമര്‍ശത്തെ ഗൗരവമായി എടുക്കുന്നു. ഇക്കാര്യം അടിയന്തരമായി പരിശോധിച്ച് വേണ്ട തിരുത്തലുകള്‍ വരുത്തുമെന്നും എ ഡി ജി പി പറഞ്ഞു.