നഴ്‌സിംഗ് വിദ്യാര്‍ഥികളുടെ പഠനം അവതാളത്തില്‍

Posted on: August 17, 2013 6:00 am | Last updated: August 17, 2013 at 8:44 am
SHARE

മാനന്തവാടി: അധ്യാപകരെ കൂട്ടത്തോടെ സ്ഥലം മാറ്റിയതോടെ പനമരം ഗവ: നേഴ്‌സിംഗ് വിദ്യാര്‍ഥികളുടെ പഠനം അവതാളത്തിലായി. ആരോഗ്യവകുപ്പിലെ സ്റ്റാഫ് നഴ്‌സുമാരായ ഒന്‍പത് പേരാണ് വര്‍ക്കിംങ് അറേജ്‌മെന്റില്‍ ട്യൂട്ടര്‍മാരായി ഇവിടെ ജോലി ചെയ്തിരുന്നത്. ഇവരെയാണ് കഴിഞ്ഞ ദിവസം കൂട്ടത്തോടെ സ്ഥലം മാറ്റിയത്. ഇപ്പോള്‍ ഒരു എന്‍ ആര്‍എച്ച് എം സ്റ്റാഫും പ്രിന്‍സിപ്പാളിന്റെ ചാര്‍ജ് വഹിക്കുന്ന അധ്യാപികയും മാത്രമാണ് ഇവിടെയുള്ളത്. മൂന്ന് ബാച്ചുകളിലായി 60ഓളം വിദ്യര്‍ഥികളാണ് ഇവിടെ പഠനം നടത്തുന്നത്. അധ്യാപകരില്ലാതായതോടെ ഇവരുടെ പഠനം അനിശ്ചിതത്വത്തിലായി. സെപ്തംബറില്‍ പരീക്ഷയായതിനാല്‍ അതിന് മുമ്പ് മോഡല്‍ പരീക്ഷനടത്താനോ, പാഠങ്ങള്‍ തീര്‍ക്കുന്നതിനോ കഴിയാത്തത് ഏറെ പ്രയാസങ്ങള്‍ക്കിടയാക്കും. പുതിയ ബാച്ചിന്റെ അഡ്മിഷന്‍ കൂടി പൂര്‍ത്തിയായല്‍ 20 വിദ്യാര്‍ഥികള്‍ കൂടി സ്‌ക്കൂളിലെത്തും. പരീക്ഷ അടുത്ത് കൊണ്ടിരിക്കുന്ന സമയം തന്നെ അധ്യാപകരെ സ്ഥലം മാറ്റിയതാണ് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കിയത്. ജില്ലയിലെ ഏക ഗവണ്‍മെന്റ് നഴ്‌സിംഗ് സ്‌ക്കൂള്‍ കൂടിയാണിത്. പ്രശ്‌നത്തിന് അടിയന്തിര പരിഹാരമുണ്ടായിലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് രൂപം നല്‍കുമെന്ന് കേരള സ്റ്റുഡന്റ്‌സ് നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.