സ്വാതന്ത്ര്യദിനാഘോഷം: വര്‍ണ്ണക്കാഴ്ചയായി പരേഡ്

Posted on: August 17, 2013 12:51 am | Last updated: August 17, 2013 at 12:51 am
SHARE

കണ്ണൂര്‍: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ വിവിധ സേനാ വിഭാഗങ്ങളുടേയും എന്‍ സി സി, സ്‌കൗട്ട്‌സ്, സ്റ്റുഡന്റ്‌സ് പോലീസ് എന്നിവയുടേയും പ്ലാറ്റൂണുകള്‍ അണിനിരന്ന വര്‍ണ്ണശബളമായ പരേഡ് നടന്നു. കെ എ പി നാലാം ബറ്റാലിയന്‍, സായുധ പൊലീസ്, ലോക്കല്‍ പൊലീസിന്റെ പുരുഷ-വനിത വിഭാഗങ്ങള്‍, ജയില്‍, എക്‌സൈസ്, വനം വകുപ്പുകളുടെ പ്ലാറ്റൂണ്‍, എന്‍ സി സി, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, ജൂനിയര്‍ റോഡ്‌ക്രോസ്, സ്റ്റുഡന്റ് പൊലീസ് എന്നിവയുടെ 45 പ്ലാറ്റൂണുകളും ഡി എസ് സി, കെ എ പി എന്നിവയുടെ ബാന്റ് പ്ലാറ്റുണുകളൂമാണ് പരേഡില്‍ അണിനിരന്നത്. സായുധസേന കമാണ്ടന്റ് വി അശോകന്‍നായരാണ് പരേഡ് നയിച്ചത്. ഗ്രാമവികസന മന്ത്രി കെ സി ജോസഫ് പരേഡില്‍ സല്യൂട്ട് സ്വീകരിച്ചു. തുടര്‍ന്ന് അദ്ദേഹം ദേശീയപതാക ഉയര്‍ത്തി. ജില്ലാ കലക്ടര്‍ ഡോ. രത്തന്‍കേല്‍ക്കര്‍, ജില്ലാ പൊലീസ് ചീഫ് രാഹുല്‍ ആര്‍ നായര്‍ എന്നിവരും സല്യൂട്ട് സ്വീകരിച്ചു. കെ സുധാകരന്‍ എം .പി, കെ എം ഷാജി എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പ്രൊഫ. കെ എ സരള, കണ്ണൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ റോഷ്‌നി ഖാലിദ്, വൈസ് ചെയര്‍മാന്‍ ടി ഒ മോഹനന്‍, ഖാദിബോര്‍ഡ് വൈസ്‌ചെയര്‍മാന്‍ കെ പി നൂറുദ്ദീന്‍, രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ പ്രമുഖര്‍ പരേഡ് വീക്ഷിക്കാനെത്തി. മികച്ച സെവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡല്‍ നേടിയവര്‍ക്ക് മന്ത്രി കെ സി ജോസഫ് പുരസ്‌കാരം സമ്മാനിച്ചു.
ഇന്ത്യന്‍ നാഷണല്‍ ലേബര്‍ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ എം ഉണ്ണികൃഷ്ണന്‍ പതാകയുയര്‍ത്തി. കെ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ഗവ. സിറ്റി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടികള്‍ പ്രിന്‍സിപ്പല്‍ കെ സുനിത ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് വി വി ശോഭന പതാകയുയര്‍ത്തി. ചെറുകുന്ന്-കണ്ണപുരം പ്രസന്ന കലാസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടികള്‍ പി ഒ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി യു ഭാസ്‌കരന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കണ്ണൂര്‍ ഡിവിഷന്‍ സംഘടിപ്പിച്ച ഫ്രീഡം മീറ്റ് ചാലാട്ട് ജില്ലാ സെക്രട്ടറി ടി ബി ജാബിര്‍ ഉദ്ഘാടനം ചെയ്തു. ബി ഹാഷിം, പി പി അഫ്‌സല്‍, അബ്ദുല്‍ ഗഫൂര്‍ സഖാഫി, സി വി സജീര്‍ പ്രസംഗിച്ചു.
തലശ്ശേരി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തലശ്ശേരിയില്‍ പ്രഭാഷണവും മധുരപലഹാര വിതരണവും നടന്നു. നഗരത്തിലും പരിസരങ്ങളിലുമുള്ള സ്‌കൂളുകളില്‍ പ്രിന്‍സിപ്പല്‍മാരും പ്രധാനാധ്യാപകരും പതാകയുയര്‍ത്തി. തിരുവങ്ങാട് ഹയര്‍സെക്കന്‍ഡറി, ബി ഇ എം പി, ബ്രണ്ണന്‍, സെന്റ് ജോസഫ്, സേക്രട്ട് ഹാര്‍ട്ട്, ഗവ. ഗേള്‍സ് എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ നൂറുക്കണക്കിന് വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്തു. നഗരസഭാ ഓഫീസ്, ജില്ലാ കോടതി, സിവില്‍ സ്റ്റേഷന്‍ എന്നിവിടങ്ങളിലും ആഘോഷ ചടങ്ങുകള്‍ സംഘടിപ്പിച്ചു. നഗരസഭാ ഓഫീസ് പരിസരത്തെ ഗാന്ധി പ്രതിമക്ക് വൈസ് ചെയര്‍മാന്‍ സി കെ രമേശന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരും ജീവനക്കാരും പുഷ്പാര്‍ച്ചന നടത്തി. ജില്ലാ കോടതിയില്‍ പ്രിന്‍സിപ്പല്‍ ജഡ്ജി വി ഷര്‍സി പതാകയുയര്‍ത്തി. സഹന്യായാധിപന്മാരും അഭിഭാഷകരും ജീവനക്കാരും പങ്കെടുത്തു. സിവില്‍ സ്റ്റേഷനില്‍ തഹസില്‍ദാര്‍ കെ സുബൈര്‍ ദേശീയ പതാകയുയര്‍ത്തി. മാഹിയില്‍ റീജിണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ മുനിസ്വാമി പതാകയുയര്‍ത്തി.
ഇരിട്ടി: മലയോര മേഖലയിലെങ്ങും സ്വാതന്ത്ര്യദിനമാഘോഷിച്ചു. കോണ്‍ഗ്രസ് കീഴൂര്‍-ചാവശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷം അഡ്വ. സണ്ണി ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് തില്ലങ്കേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനാമാഘോഷിച്ചു. തില്ലങ്കേരി ടൗണില്‍ വി മോഹനനും, വാഴക്കാലില്‍ യു സി തില്ലങ്കേരിയും പടിക്കച്ചാലില്‍ ചന്ദ്രന്‍ തില്ലങ്കേരിയും കുണ്ടേരി ഞാലില്‍ മൂര്‍ക്കോത്ത് കുഞ്ഞിരാമനും നേതൃത്വം നല്‍കി. ഉളിയില്‍ ഗവ. യു പി സ്‌കൂളില്‍ കീഴൂര്‍-ചാവശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ റീന ഉദ്ഘാടനം ചെയ്തു. ഉളിക്കലില്‍ സംയുക്ത ഓട്ടോറിക്ഷ തൊഴിലാളി യൂനിയന്റെ നേതൃത്വത്തില്‍ റാലിയും പൊതുസമ്മേളനവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ബെന്നി തോമസ് ഉദ്ഘാടനം ചെയ്തു. ഡി വൈ എഫ് ഐ ഇരിട്ടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇരിട്ടി ടൗണില്‍ ദേശാഭിമാന സംഗമം നടത്തി. സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ എം ജോസഫ് ഉദ്ഘാടനം ചെയ്തു.