ഇന്ന് കര്‍ഷക ദിനം: എം ബി എ ബിരുദധാരിയുടെ വയലില്‍ വിളയുന്നത് നൂറ്‌മേനി

Posted on: August 17, 2013 12:00 am | Last updated: August 17, 2013 at 12:46 am
SHARE

കോട്ടക്കല്‍: ഉന്നത വിദ്യാഭ്യാസ യോഗ്യതക്കിടയിലും ചേറിലും ചെളിയിലുമിറങ്ങി നൂറുമേനി വിളയിക്കുകയാണ് എം ബി എ ബിരുദദാരിയായ ഈ യുവ കര്‍ഷകന്‍. നല്ല ശമ്പളം മുടങ്ങാതെ കിട്ടുന്ന ഇദ്ദേഹത്തിന് പക്ഷേ പാടത്തെ പണി അത്ര പുത്തിരിയുമല്ല. വാളക്കുളം വെള്ളത്തുമാട്ടില്‍ മുഹമ്മദ് റാഫിയാണ് ചേറും ചെളിയും പ്രശ്‌നമാക്കാതെ പാരമ്പര്യം നിലനിര്‍ത്തുന്നത്. അധ്വാനത്തിന്റെ ഫലം കൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരവും കിട്ടി. രാവിലെയും വൈകുന്നേരവും കൃഷിയിടത്തിലും ഇതിനിടക്ക് അധ്യാപനവും.
പാരമ്പര്യമായി കര്‍ഷക കുടുബാംഗമായ ഈ 33കാരന്‍ വിദ്യാഭ്യാസത്തിന് ശേഷമാണ് കര്‍ഷക വൃത്തിയിലിറങ്ങുന്നത്. അഞ്ച് ഹെക്ടറില്‍ കൃഷി ഇറക്കിയായിരുന്നു ആദ്യ പരീക്ഷണം. പ്രതീക്ഷച്ചതിലേറെ വിളവു കിട്ടി. ബസുമതിക് വിപണിയില്‍ ഏറെ മാര്‍ക്കറ്റുണ്ടെന്ന് കണ്ട് അതും പരീക്ഷിച്ചു. പക്ഷേ മൂപ്പെത്തിയപ്പോഴേക്കും കാലാവസ്ഥ ചതിച്ചു. പിന്‍മാറാന്‍ ഒരുക്കമല്ലാതെ മുന്നേറി.
ഇതിനിടയില്‍ നഗരത്തിലെ കമ്പനിയില്‍ മാനേജറായി ജോലികിട്ടിയെങ്കിലും കൃഷി ഉപേക്ഷിക്കാന്‍ തയ്യാറായില്ല. ഒഴിവു വേളയില്‍ നന്നായി ഗൃഹ പാഠം ചെയ്തു പാടത്തിറങ്ങി. നൂറുമേനി വിളയിച്ചു.
പാട്ടത്തിനെടുത്ത അഞ്ച് ഹെക്ടറില്‍ നിന്നും 45ഹെക്ടറിലേക്ക് തന്റെ കൃഷി വ്യാപിച്ചപ്പോള്‍ അത് സംസ്ഥാന തല അംഗീകാരം കൂടിയായി. നെല്ലിന് പുറമെ ടിഷ്യുകള്‍ച്ചര്‍ വാഴകൃഷി, പച്ചക്കറി, ഇടവിളയായി മഞ്ഞള്‍, ചേമ്പ്, ചേന തുടങ്ങിയവയെല്ലാം റാഫിയുടെ കൃഷിയിടത്തില്‍ വിളയുന്നു. പുതിയ പരീക്ഷണങ്ങളും പാഠങ്ങളുമാണ് ഇയാളുടെ വിജയത്തിന് പിന്നില്‍.
പാരമ്പര്യം പിന്തുടരുന്നതോടൊപ്പം ആധുനിക കൃഷി രീതികളെ കുറിച്ച് നിരന്തര പഠനം വേണമെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. പുതിയ രീതികള്‍ ഉപയോഗപ്പെടുത്തുമ്പോഴെ വിജയം കൈവരിക്കൂ എന്നും ഇദ്ദേഹം പറയുന്നു.
തന്റെ കൃഷിയിടത്തിലെ നൂറുമേനി വിളവിന് ഒഴിവു വേളകളിലെല്ലാം പുതിയ സാധ്യതകള്‍ പരതുകയാണ് ഈ യുവ കര്‍ഷകന്‍.
എടരിക്കോട് പഞ്ചായത്തില്‍ തരിശായി കിടന്നിരുന്ന കൃഷിയിടങ്ങള്‍ കൃഷി യോഗ്യമാക്കിയതിന് പിന്നില്‍ ഇദ്ദേഹത്തിന്റെ കൂടി ശ്രമമുണ്ടായിരുന്നു. പഞ്ചായത്തിന് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് അവാര്‍ഡും ലഭിക്കുകയുണ്ടായി.