വേങ്ങരയിലെ കോളജില്‍ സീറ്റിനെചൊല്ലി വിവാദം; എം എസ് എഫ് മണ്ഡലം കമ്മിറ്റി രാജി നല്‍കി

Posted on: August 17, 2013 12:45 am | Last updated: August 17, 2013 at 12:45 am
SHARE

വേങ്ങര: മണ്ഡലത്തില്‍ പുതുതായി ആരംഭിച്ച എയ്ഡഡ് കോളജുമായി ബന്ധപ്പെട്ട് മുസ്‌ലിംലീഗിനുള്ളില്‍ വിവാദം. മാനേജ്‌മെന്റ് സീറ്റിനെചൊല്ലിയുണ്ടായ വിവാദത്തില്‍ എം എസ് എഫ് നിയോജകമണ്ഡലം കമ്മിറ്റി ജില്ലാ നേതൃത്വത്തിന് രാജികത്ത് നല്‍കി. മണ്ഡലത്തില്‍ ഗവ.കോളജിന് ബജറ്റില്‍ തുക വകയിരുത്തിയിരുന്നുവെങ്കിലും സ്ഥലം ലഭ്യമല്ലെന്ന് പറഞ്ഞ് മണ്ഡലം ലീഗ് കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തില്‍ ട്രസ്റ്റ് രൂപവത്കരിക്കുകയും ട്രസ്റ്റിന് എയ്ഡഡ് മേഖലയില്‍ കോളജ് അനുവദിക്കുകയും ചെയ്തിരുന്നു. ഈ അധ്യയനവര്‍ഷം മുതല്‍ ആരംഭിച്ച കോളജ് പ്രവേശനവും ജീവനക്കാരുടെ നിയമനവും സംബന്ധിച്ചാണ് പാര്‍ട്ടിയില്‍ വിവാദം കൊഴുക്കുന്നത്. സ്വകാര്യമേഖലയില്‍ കോളജ് വരുന്നതിനെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത്‌വന്നിരുന്നു. ട്രസ്റ്റിനെ പാര്‍ട്ടി നിയന്ത്രിക്കാനും കോഴ വാങ്ങാതിരിക്കാനും ലീഗിനുള്ളില്‍ തന്നെ സമ്മര്‍ദമേറിയിരുന്നു. അധ്യാപക, അനധ്യാപക നിയമനത്തില്‍ കോളജ് നിലനില്‍ക്കുന്ന ഊരകം ഗ്രാമപഞ്ചായത്തില്‍ നിന്നുതന്നെയുള്ള യൂത്ത്‌ലീഗ് നേതാവിനെ അവഗണിച്ചത് ഒരു വിഭാഗം പ്രവര്‍ത്തകരെ ചൊടിപ്പിച്ചിട്ടുണ്ട്. പൊതുവികാരവും സംഘടനകളുടെ എതിര്‍പ്പും കണക്കിലെടുത്ത് വിദ്യാര്‍ഥി പ്രവേശനത്തിന് ഇത്തവണ മാനേജ്‌മെന്റ് കോഴ വാങ്ങേണ്ടെന്ന തീരുമാനം നടപ്പിലാക്കുകയും എം എസ് എഫിനെയും യൂത്ത്‌ലീഗിനെയും പിണക്കാതിരിക്കാന്‍ രണ്ട് മണ്ഡലം കമ്മിറ്റികള്‍ക്കും ഓരോ സീറ്റ് വീതം നല്‍കുകയും ചെയ്തിരുന്നു.