Connect with us

Eranakulam

എല്‍ എന്‍ ജിയുമായി വന്ന കപ്പല്‍ പുറങ്കടലില്‍; പെട്രോനെറ്റിന് വന്‍ നഷ്ടം

Published

|

Last Updated

കൊച്ചി: പുതുവൈപ്പിന്‍ എല്‍ എന്‍ ജി ടെര്‍മിനലിലേക്ക് ദ്രവീകൃത പ്രകൃതി വാതകവുമായി ഖത്തറില്‍ നിന്നും എത്തിയ കപ്പലിന് ഒരാഴ്ചയായിട്ടും പുറങ്കടലില്‍ നിന്ന് ടെര്‍മിനല്‍ ബര്‍ത്തിലടുക്കാനായില്ല. കപ്പല്‍ ചാലില്‍ നിറഞ്ഞു കിടക്കുന്ന ചെളി ഡ്രഡ്ജ് ചെയ്തു നീക്കാന്‍ പോര്‍ട്ട് ട്രസ്റ്റ് നടത്തുന്ന ശ്രമം എങ്ങുമെത്തിയിട്ടില്ല. കപ്പല്‍ അടുക്കാന്‍ വൈകുന്ന ഓരോ മണിക്കൂര്‍ കണക്കില്‍ കപ്പല്‍ കമ്പനിക്ക് പെട്രോനെറ്റ് വന്‍തുക ഡെമറേജ് നല്‍കേണ്ടി വരും.
ഞായറാഴ്ച രാവിലെ 11നാണ് 56,000 ടണ്‍ എല്‍ എന്‍ ജിയുമായി കപ്പല്‍ കൊച്ചി തുറമുഖത്തെത്തിയത്. നേരത്തെ നിശ്ചയിച്ചതനുസരിച്ച് അന്നുതന്നെ കപ്പല്‍ എല്‍ എന്‍ ജി ടെര്‍മിനല്‍ ജെട്ടിയിലടുപ്പിച്ച് ഒരാഴ്ച കൊണ്ട്് വാതകം കപ്പലിലെ ക്രയോജനിക് ടാങ്കറുകളില്‍ നിന്ന് പുതുവൈപ്പിലെ ടെര്‍മിനല്‍ സംഭരണിയിലേക്ക് മാറ്റേണ്ടതായിരുന്നു. എന്നാല്‍ കപ്പല്‍ ചാലിലെ ഡ്രഡ്ജിംഗ് പൂര്‍ത്തിയാകാന്‍ ഇനിയും ദിവസങ്ങള്‍ എടുക്കുമെന്നാണ് സൂചന.
കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ നെഹ്‌റു ശതാബ്ദി എന്ന ഡ്രഡ്ജറും പെട്രോനെറ്റിന്റെ ഡ്രഡ്ജറുമാണ് കപ്പല്‍ ചാലില്‍ നിന്ന് ചെളി നീക്കിക്കൊണ്ടിരിക്കുന്നത്.വല്ലാര്‍പാടത്തോട് ചേര്‍ന്ന് എല്‍ എന്‍ ജി ടെര്‍മിനലില്‍ പുതുതായി പണിത ബെര്‍ത്തിലാണ് കപ്പല്‍ അടുക്കേണ്ടത്. കപ്പല്‍ച്ചാലിന്റെ ചില ഭാഗങ്ങളില്‍ 14 മീറ്റര്‍ ആഴമുണ്ടെങ്കിലും മറ്റു ഭാഗങ്ങളില്‍ എട്ട് മീറ്റര്‍ വരെ മാത്രമേ ആഴമുള്ളു. വലിയ ടാങ്കറുകള്‍ക്ക് എത്താന്‍ ചുരുങ്ങിയത് 11 മീറ്റര്‍ ആഴമെങ്കിലും ആവശ്യമാണ്. ജൂലൈയില്‍ ആരംഭിച്ച മെയിന്റനന്‍സ് ഡ്രെജിംഗിന്റെ ഭാഗമായി 57ലക്ഷം ക്യുബിക് മീറ്റര്‍ ചെളി കപ്പല്‍ച്ചാലില്‍ നിന്നു നീക്കിയിരുന്നു. ശേഷിക്കുന്ന ചെളികൂടി നീക്കിയെങ്കില്‍ മാത്രമേ കപ്പലിന് ഇവിടേക്ക് എത്താനാകുകയുള്ളു. ശക്തമായ കാടലാക്രമണത്തെ തുടര്‍ന്നാണ് കപ്പല്‍ച്ചാലില്‍ ചെളി അടിഞ്ഞുകൂടിയത്്. കപ്പല്‍ ചാലില്‍ ചെളി അടിഞ്ഞു കൂടുന്നത് തടയാന്‍ രണ്ടിടത്ത് പുലിമുട്ടുകള്‍ നിര്‍മിക്കണമെന്ന വിദഗ്ധ നിര്‍ദേശം പെട്രോനെറ്റ് അധികൃതര്‍ അവഗണിച്ചതാണ് ഈ സ്ഥിതിവിശേഷത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
കൊച്ചി തുറമുഖത്ത് മഴക്കാലത്ത് നദിയില്‍ നിന്ന് അടിയുന്നതിനേക്കാളും ചെളി കടലില്‍ നിന്നാണ് അടിയുന്നതെന്ന് നേരത്തെ ചെന്നൈ ഐ ഐ ടി നടത്തിയ പഠനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതുവൈപ്പിനിലേക്കുള്ള കപ്പല്‍ ചാലില്‍ ചെളി അടിയുന്നത് തടയാന്‍ രണ്ട് ബണ്ടുകള്‍ നിര്‍മിക്കണമെന്ന് പുനെയിലെ സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്‌റ്റേഷന്‍ (സി ഡബ്ല്യു പി ആര്‍എസ്) നിര്‍ദേശം നല്‍കിയത്. ഇത് കണക്കിലെടുക്കാതെ ഒരു ബണ്ട് മാത്രമാണ് പെട്രോനെറ്റ് നിര്‍മിച്ചിട്ടുള്ളത്.

Latest