ആര്‍ കൃഷ്ണസ്വാമി അവാര്‍ഡ് ഡോ. കെ ശ്രീകുമാറിന്

Posted on: August 17, 2013 12:03 am | Last updated: August 17, 2013 at 12:03 am
SHARE

കൊല്ലം: കേരളശബ്ദം പത്രാധിപരായിരുന്ന ആര്‍ കൃഷ്ണസ്വാമിയുടെ സ്മരണക്ക് കേരളശബ്ദവും കൊല്ലം പ്രസ് ക്ലബ്ബും സംയുക്തമായി ഏര്‍പ്പെടുത്തിയ ആര്‍ കൃഷ്ണസ്വാമി പത്രപ്രവര്‍ത്തക അവാര്‍ഡിന് മാതൃഭൂമി കോഴിക്കോട് യൂനിറ്റിലെ ചീഫ് സബ് എഡിറ്റര്‍ ഡോ. കെ ശ്രീകുമാര്‍ അര്‍ഹനായി. 2012 ഒക്‌ടോബര്‍ നാല് മുതല്‍ ആറ് വരെയും എട്ട് മുതല്‍ 11 വരെയുമുള്ള തീയതികളില്‍ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച ‘മാലിന്യങ്ങളുടെ സ്വന്തം നാട്’ എന്ന പരമ്പരയാണ് ഡോ. ശ്രീകുമാറിനെ അവാര്‍ഡിനര്‍ഹനാക്കിയതെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഡോ. പ്രസന്നാ രാജന്‍, ഡോ. ജി പത്മറാവു എന്നിവര്‍ അംഗങ്ങളായുള്ള ജഡ്ജിംഗ് കമ്മിറ്റിയാണ് വിധിനിര്‍ണയം നടത്തിയത്. 65ല്‍ അധികം എന്‍ട്രികളില്‍ നിന്നാണ് ശ്രീകുമാറിന്റെ പരമ്പര തിരഞ്ഞെടുത്തത്. 10,000 രൂപയും പ്രശസ്ത ചിത്രകാരന്‍ ആശ്രാമം സന്തോഷ് രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. ആര്‍ കൃഷ്ണസ്വാമിയുടെ ചരമവാര്‍ഷിക ദിനമായ ആഗസ്ത് 20ന് രാവിലെ 11ന് കൊല്ലം പ്രസ് ക്ലബ്ബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ധനകാര്യ മന്ത്രി കെ എം മാണി അവാര്‍ഡ് വിതരണം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ഡോ. ബി എ രാജാകൃഷ്ണന്‍, രാജു മാത്യു, ബിജു പാപ്പച്ചന്‍, ആര്‍ പവിത്രന്‍, മധു ബാലകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.