Connect with us

Kannur

കണ്ണൂര്‍ സര്‍വകലാശാല ഡി ലിറ്റ് ബിരുദ സമര്‍പ്പണം 19ന്

Published

|

Last Updated

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ ഡി ലിറ്റ് ബിരുദ സമര്‍പ്പണം ഈ മാസം 19ന് കേരള ഗവര്‍ണര്‍ നിഖില്‍ കുമാര്‍ നിര്‍വഹിക്കുമെന്ന് സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍ ഡോ. എം കെ അബ്ദുല്‍ ഖാദര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ദേശീയ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത പ്രമുഖനായ കെ മാധവന്‍, സംഗീത സംവിധായകന്‍ പത്മശ്രീ കെ രാഘവന്‍ മാസ്റ്റര്‍, കെല്‍ട്രോണ്‍ സ്ഥാപകന്‍ പത്മഭൂഷന്‍ കെ പി പി നമ്പ്യാര്‍ എന്നിവരെയാണ് കണ്ണൂര്‍ സര്‍വകലാശാല ഡി ലിറ്റ് ബിരുദം നല്‍കി ആദരിക്കുന്നത്. ബിരുദ ദാന സമര്‍പ്പണത്തിന് മുന്നോടിയായി 19ന് രാവിലെ 11 മണിക്ക് സെനറ്റ് ഹാളില്‍ ചേരുന്ന പ്രത്യേക സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഇതുസംബന്ധിച്ച ഔപചാരിക നടപടികള്‍ പൂര്‍ത്തിയാക്കും. തുടര്‍ന്ന് സെമിനാര്‍ ഹാളില്‍ ബിരുദ ദാന ചടങ്ങ് നടക്കും. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബും പങ്കെടുക്കും.
1915 ആഗസ്റ്റ് 26ന് ചിറക്കര രാമന്‍ നായരുടെയും കൊഴുമ്മല്‍ ഉണ്ണാങ്ങ അമ്മയുടെയും മകനായി ജനിച്ച കെ മാധവന്‍ പതിനഞ്ചാം വയസ്സിലാണ് ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുത്ത് കൊടിയ പോലീസ് മര്‍ദനത്തിനിരയായത്.
1929 ഏപ്രില്‍ 15നാണ് കല്യാശ്ശേരിയില്‍ കുന്നത്ത് പുതിയ വീട്ടില്‍ പത്മനാഭന്‍ നമ്പ്യാര്‍ എന്ന കെ പി പി നമ്പ്യാര്‍ ജനിച്ചത്. കേരളത്തിന്റെ അഭിമാനമായ കെല്‍ട്രോണിന്റെ സ്ഥാപകനായ കെ പി പി നമ്പ്യാര്‍ 1981ല്‍ പ്രധാനമന്ത്രിയുടെ ശാസ്ത്ര സാങ്കേതിക ഉപദേശക സമിതിയംഗവും 85ല്‍ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായിരുന്നു. 2006ല്‍ പത്മഭൂഷന്‍ നല്‍കി രാജ്യം ആദരിച്ചു. 1914 ജൂണ്‍ 13ന് എം കൃഷ്ണന്റെയും നാരായണിയുടെയും മകനായി തലശ്ശേരിയില്‍ ജനിച്ച കെ രാഘവന്‍ 400 ഓളം സിനിമാഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിട്ടുണ്ട്. രണ്ട് തവണ സംസ്ഥാന സിനിമാ പുരസ്‌കാരവും 1997ല്‍ ജെ സി ഡാനിയല്‍ പുരസ്‌കാരവും ലഭിച്ച കെ രാഘവന്‍ മാസ്റ്ററെ 2010ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.

 

 

Latest