Connect with us

Alappuzha

അന്തിമ സമരത്തിനിറങ്ങിയവര്‍ തലയില്‍ മുണ്ടിട്ട് മടങ്ങി: ചെന്നിത്തല

Published

|

Last Updated

ആലപ്പുഴ: സോളാര്‍ കേസില്‍ അന്തിമസമരമായി പ്രഖ്യാപിച്ച് ഇറങ്ങിയവര്‍ 28 മണിക്കൂറിനുളളില്‍ സമരമവസാനിപ്പിച്ച് തലയില്‍ മുണ്ടുമിട്ടാണ് മടങ്ങിയതെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല.

ഇത്ര അബദ്ധ ജഡിലമായ സമരം നടത്താന്‍ എല്‍ ഡി എഫിനല്ലാതെ മറ്റാര്‍ക്കും കഴിയില്ലെന്നും അദ്ദേഹം പരിഹസിച്ചു. ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ഏകദിന നേതൃ ക്യാമ്പിന്റെ സമാപനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി തടയുന്നത് ജനവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയ ധ്രുവീകരണത്തിലൂടെ തിരഞ്ഞെടുപ്പിനെ നേരിടാനാണ് ബി ജെ പി ശ്രമിക്കുന്നത്.കേരളത്തില്‍ കോണ്‍ഗ്രസിന്റെ സീറ്റുകള്‍ കുറക്കാനാണ് ഇവരുടെ നീക്കം. മറ്റു സംസ്ഥാനങ്ങളില്‍ സീറ്റുനേടാന്‍ ശ്രമിക്കുമ്പോള്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ സീറ്റ് കുറച്ച് കേന്ദ്രത്തില്‍ ബി ജെ പിയെ അധികാരത്തിലെത്തിക്കാനാണ് ശ്രമിക്കുന്നത്.
ഒരു ലക്ഷം പേരെ സെക്രട്ടറിയേറ്റിലെത്തിക്കാന്‍ കോണ്‍ഗ്രസിനും കഴിയും. സമരം നടത്തുമ്പോള്‍ ബുദ്ധിപരമായി നടത്തണം. ഇത്ര ബുദ്ധിയില്ലാത്ത നേതാക്കളാണ് സി പി എമ്മിലെന്ന് താനിക്ക് ഇപ്പോഴാണ് മനസ്സിലായത്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഒരു സമരവും വിജയിപ്പിക്കാന്‍ കഴിയാതെപോയ സി പി എമ്മിന്റെ പൊളിഞ്ഞു പാളീസായ സമരമാണ് സെക്രട്ടേറിയറ്റ് ഉപരോധ സമരമെന്ന് ചെന്നിത്തല പറഞ്ഞു.
സെക്രട്ടേറിയറ്റ് ഉപരോധസമരം പിന്‍വലിച്ചത് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതു കൊണ്ടാണെന്ന് വ്യക്തമാക്കിയ എല്‍ ഡി എഫ് രാഷ്ട്രീയ മര്യാദയുണ്ടെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണത്തോട് സഹകരിക്കുകയാണ് വേണ്ടത്. മറ്റു സമരങ്ങളും ഇവര്‍ നിര്‍ത്തിവെക്കണം. മുടന്തന്‍ ന്യായം പറഞ്ഞ് അന്വേഷണത്തില്‍ നിന്ന് പിന്‍തിരിയാനുള്ള എല്‍ ഡി എഫ് നീക്കം ശരിയല്ല. ഡി സി സി പ്രസിഡന്റ് എ എ ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍, കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. സി ആര്‍ ജയപ്രകാശ്, ലതികാ സുഭാഷ്, എ ഐ സി സി മുന്‍ സെക്രട്ടറി അഡ്വ. ഷാനിമോള്‍ ഉസ്മാന്‍, നേതാക്കളായ ജോണ്‍സണ്‍ എബ്രഹാം, അബ്ദുല്‍ ഗഫൂര്‍ ഹാജി, എം വി പോള്‍, ത്രിവിക്രമന്‍തമ്പി, എം മുരളി, അഡ്വ. ഡി സുഗതന്‍, എം ലിജു പ്രസംഗിച്ചു. രാവിലെ ആരംഭിച്ച ക്യാമ്പ് കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.